'ദ്വീപില്‍ അബ്ദുള്ളക്കുട്ടി ഹീറോയെന്ന് കമന്റ്, സീറോയാണെന്ന് ഐഷാ സുല്‍ത്താന'; കൂട്ടപ്പൊരിച്ചില്‍
24 Sep 2021 2:20 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപിലെ ഹീറോ ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടിയാണെന്ന് ഫേസ്ബുക്ക് കമന്റില്‍ മറുപടിയുമായി സിനിമാ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഐഷ സുല്‍ത്താന. ''ദ്വീപില്‍ അബ്ദുള്ള കുട്ടി ആണല്ലോ ഇപ്പോള്‍ ഹീറോ താത്ത കേരളത്തില്‍ ഇരിക്കാതെ വല്ലപ്പോഴും ആ മനോഹര രാജ്യത്തേക്കു ഒന്ന് ചെല്ല് അല്ലേല്‍ ഔട്ട് ആവും'' എന്നാണ് ഐഷയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഒരാള്‍ കമന്റ് ചെയ്തത്. എന്നാല്‍ അബ്ദുള്ളക്കുട്ടി ഹീറോയല്ല സീറോയെന്ന് ഐഷ മറുപടി പറഞ്ഞു.
'ലക്ഷദ്വീപുക്കാര്‍ക്ക് മര്യാദ എന്നൊന്നുണ്ട്, ഹോസ്പിറ്റാലിറ്റിടെ കാര്യത്തില്‍ അവരെ വെല്ലാന്‍ ഇന്നി ലോകത്ത് വേറെ ആരും കാണില്ല, അവരെ ഉപദ്രവിച്ച ആളുകള്‍ക്ക് പോലും ദാഹിച്ചാല് അവര്‍ വെള്ളം കൊടുക്കും... അതാണ് അവരുടെ മനസ്സ്, പടച്ചോന്റെ മനസ്സാണെന്നാണ് ഞാനവരെ വിശേഷിപ്പിക്കുന്നത്, ആ അവരുടെ മുമ്പില്‍ അബ്ദുള്ള കുട്ടി പോയി ഞെരുങ്ങിയാല്‍ ഹീറോ അല്ലാ വെറും സിറോയെ ആവു... അവരെ തീവ്രവാദി എന്നും മയക്കുമരുന്നിനു അടിമകളെന്നും പറഞ്ഞു നടന്ന അബ്ദുള്ള കുട്ടി പോലും ആ പറഞ്ഞ വാക്ക് തിരിച്ചെടുക്കും... യഥാര്‍ത്ഥ ഹീറോ ദ്വീപ് ആണ് മിസ്റ്റര്‍..' ഐഷ കമന്റില്‍ പറയുന്നു.
ഇത് സംബന്ധിച്ച് ചർച്ചകള്‍ സജീവമാവുകയാണ്. ലക്ഷദ്വീപില്‍ ബിജെപിക്ക് വിരലിലെണ്ണാവുന്ന നേതാക്കളെ ഉള്ളുവെന്ന് നേരത്തെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ചിലർ ഇക്കാര്യം ഇടക്കിടെ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. നേരത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനുമായി ഉടലെടുത്ത ജനകീയ പ്രക്ഷോഭത്തിനെതിരെ ശക്തമായ നിലപാടെടുത്ത നേതാവാണ് എപി അബ്ദുള്ളക്കുട്ടി. ഐഷക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്നും അബ്ദുള്ളക്കുട്ടി പ്രസ്താവിച്ചിരുന്നു.