
തിയേറ്ററിൽ മികച്ച നേട്ടം സ്വന്തമാക്കിയതിന് ശേഷം ഒടിടിയിൽ പ്രദർശനം തുടരുകയാണ് വിപിൻ ദാസ് സംവിധാനത്തിലൊരുങ്ങിയ ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്സ് ഓഫീസിലും കളക്ഷനിൽ മുന്നിട്ടു നിന്നിരുന്നു. ഇപ്പോഴിതാ സിനിമയക്കെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ സിർപ്പി.
ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന 'അഴകിയ ലൈല' എന്ന പാട്ടുമായി ബന്ധപ്പെട്ടാണ് ആരോപണം. 'ഉള്ളത്തൈ അള്ളിത്താ' എന്ന തമിഴ് ചിത്രത്തിന് വേണ്ടി സിർപ്പി ഒരുക്കിയ അഴകിയ ലൈല എന്ന ഗാനം ഹിറ്റായിരുന്നു. പാട്ടിൻ്റെ അവകാശം നിർമ്മാതാക്കൾ വാങ്ങിയിട്ടുണ്ടെങ്കിലും, ഒരു മലയാള സിനിമയിൽ തന്റെ ഗാനം ഉപയോഗിക്കുന്നുവെന്നും താൻ അറിഞ്ഞില്ലെന്നും ആരും അറിയിച്ചില്ലെന്നുമാണ് സിർപ്പി സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ ആശങ്ക പ്രകടിപ്പിച്ചത്.
സംഭവം തന്നെ വിഷമിപ്പിച്ചുവെന്നും എന്നുകരുതി സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നും സിർപ്പി പറഞ്ഞു. കുറഞ്ഞത് സംഗീത സംവിധായകന്റെ പേര് ക്രഡിറ്റ്സിലെങ്കിലും കൊടുക്കണം. 'സിനിമ ഇതുവരെ ഞാൻ കണ്ടിട്ടില്ല. പക്ഷെ എന്റെ പേര് ക്രഡിറ്റ്സിൽ ചേർക്കാൻ ഞാൻ നിർമ്മാതാക്കളോട് ആവശ്യപ്പെടുന്നതായിരിക്കും', സിർപ്പി വ്യക്തമാക്കി.
നേരത്തെ, 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയിൽ 'കൺമണി അൻപോട്' ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചതിന് ഇളയരാജ രംഗത്തെത്തിയിരുന്നു. എന്നാൽ പാട്ടിൻ്റെ അവകാശം വാങ്ങിയിട്ടുണ്ടെന്നായിരുന്നു നിർമ്മാതാക്കളായ പറവ ഫിലിംസ് അറിയിച്ചത്. എന്നാൽ പാട്ടിൻ്റെ പകർപ്പവകാശത്തെച്ചൊല്ലി 'മഞ്ഞമ്മേൽ ബോയ്സ്' ടീമിന് വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു ഇളയരാജ.
ഇന്ത്യയിലെ ഐമാക്സ് സ്ക്രീനുകൾ സേനാപതിക്കായി തുറക്കപ്പെടുന്നു; രണ്ടാം വരവ് കൂടുതൽ ദൃശ്യമികവോടെ