'കാസർകോട് ഭാഷ മാത്രമായിരുന്നു ആകെയുള്ള പിടിവള്ളി'; സുമലത ടീച്ചറായതിനെ കുറിച്ച് ചിത്ര നായർ

'സിനിമയിലെ ഒരു ചെറിയ ടേം പോലും എനിക്ക് അറിയില്ലായിരുന്നു. പേടിച്ചിട്ടാണ് ഈ സിനിമ ചെയ്തത്'
'കാസർകോട് ഭാഷ മാത്രമായിരുന്നു ആകെയുള്ള പിടിവള്ളി'; സുമലത ടീച്ചറായതിനെ കുറിച്ച് ചിത്ര നായർ

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിൽ ഒരുങ്ങി സൂപ്പർ ഹിറ്റ് വിജയമായ 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ച അഭിനേത്രിയാണ് ചിത്ര നായർ. സുമലത ടീച്ചറും സുരേശനും ഹിറ്റായതിന് പിന്നാലെ ഇരുവരുടെയും പ്രണയ കഥ പറയുന്ന സ്പിൻ ഓഫ് ചിത്രമായ 'ഹൃദയഹാരിയായ പ്രണയകഥ'യ്ക്കായും സിനിമപ്രേമികൾ കാത്തിരിക്കുകയാണ്. കാസർകോട്, നീലേശ്വരത്ത് നിന്നുമെത്തിയ തന്റെ അഭിനയ ജീവിതത്തിലേക്കുള്ള വരവിനെ കുറിച്ച് തുറന്ന് പറയുകയാണ് ചിത്ര നായർ. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ഞാൻ നീലേശ്വരംകാരിയാണ്. എന്നെ സംബന്ധിച്ചിടത്തോളം കാസർകോട് ഭാഷ ശൈലി മാത്രമേയുള്ളു അറിയാവുന്ന ഒരു കാര്യം. അതല്ലാതെ സിനിമയിലെ ഒരു ചെറിയ ടേം പോലും എനിക്ക് അറിയില്ലായിരുന്നു. ഭാഷയായിരുന്നു ആകെയുള്ള പിടിവള്ളി. മാത്രമല്ല ന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ എനിക്ക് ചെറിയ ഒരു ഭാഗം മാത്രം അഭിനയിച്ചാൽ മതി. എന്നാൽ ഹൃദയഹാരിയായ പ്രണയകഥയിൽ മുഴുനീള കഥാപാത്രമായി, നായികയായാണ് അഭിനയിക്കേണ്ടത്. കൂടാതെ കുറേയധികം ഇമോഷണനിലൂടെ കടന്ന് പോകണം. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ഒരു സിനിമ എന്ന് പറയുമ്പോൾ അതിൽ ഒരുപാട് ചെയ്യാനുണ്ട്. പേടിച്ചിട്ടാണ് ഈ സിനിമ ചെയ്തത്. പറ്റുന്നതുപോലെ നന്നാക്കിയെടുത്തിട്ടുണ്ട്, ചിത്ര പറഞ്ഞു.

മെയ് 16-നാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ റിലീസിനെത്തുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. ഒരേ പ്രണയ കഥ മൂന്ന് കാലഘട്ടങ്ങളിലായി അവതരിപ്പിക്കുന്ന എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രമുഖ താരങ്ങൾക്കൊപ്പം കാസർകോട് നിന്നുള്ള നിരവധി കലാകാരന്മാരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com