മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം പിന്നെ ബോളിവുഡ് ബ്ലോക്ക്ബസ്റ്റേഴ്സ്; മെയ്‍യിൽ ഒടിടിയിലെത്തുന്ന ചിത്രങ്ങൾ

100 കോടി ക്ലബിൽ കയറി ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മാറിയ മലയാള സിനിമ തുടങ്ങി ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയമായ നിരവധി സിനിമകളാണ് ഒടിടിക്കായി തയാറെടുക്കുന്നത്
മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം പിന്നെ ബോളിവുഡ് ബ്ലോക്ക്ബസ്റ്റേഴ്സ്; മെയ്‍യിൽ ഒടിടിയിലെത്തുന്ന ചിത്രങ്ങൾ

നിരവധി ഒടിടി റിലീസുകളുടെ കാലമാണ് വരാൻ പോകുന്നത്. 100 കോടി ക്ലബിൽ കയറി ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മാറിയ മലയാള സിനിമ തുടങ്ങി ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയമായ നിരവധി സിനിമകളാണ് ഒടിടിക്കായി തയാറെടുക്കുന്നത്. തിയേറ്ററിനെ റിച്ചാക്കിയ ഏപ്രിൽ വരെയുള്ള റിലീസുകളിൽ ഏതൊക്കെ സിനിമ ഏതല്ലാം പ്ലാറ്റ്ഫോമുകളിൽ മെയ് മാസം റിലീസ് ചെയ്യുമെന്ന് നോക്കാം.

മഞ്ഞുമ്മൽ ബോയ്സ്

മലയാള സിനിമയുടെ സീൻ മാറ്റിയ ചിത്രം എന്ന ടാഗ് ലൈനാണ് ഇപ്പോൾ 'മഞ്ഞുമ്മൽ ബോയ്സി'നുള്ളത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിദംബരം ഒരുക്കിയ സിനിമ 200 കോടി ക്ലബ്ബിൽ ഇടം നേടാൻ അധിക സമയം ഒന്നും എടുത്തിരുന്നില്ല. തിയേറ്ററിൽ ഇക്കൊല്ലം ആളേ നിറച്ചതിൽ പ്രധാന പങ്കുവഹിച്ച ചിത്രങ്ങളിലൊന്നായ മഞ്ഞുമ്മൽ ബോയ്സ് മെയ് അഞ്ച് മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യും. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാനാകും.

ആടുജീവിതം

മലയാള സിനിമയുടെ കളക്ഷൻ റെക്കോർഡുകൾ തിരുത്തിയ ബ്ലെസി-പൃഥ്വിരാജ് സിനിമയാണ് 'ആടുജീവിതം'. മേക്കിങ് കൊണ്ടും അഭിനയം കൊണ്ടും സിനിമയ്ക്ക് പിന്നിലെ പ്രയത്നം കൊണ്ടും എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഈ സിനിമയെ. അതുകൊണ്ടുതന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് ആടുജീവിതത്തെ തുടക്കം മുതൽ സ്വീകരിച്ചത്. ആഗോളതലത്തിൽ 25 ദിവസം കൊണ്ടാണ് ചിത്രം 150 കോടി ക്ലബിൽ ഇടം നേടിയത്. ഇന്ത്യയിൽ മാത്രം 100 കോടിയും സിനിമ പിന്നിട്ടു. മെയ് പത്തിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക.

ശെയ്താൻ

മലയാളം വിട്ടാൽ ഇന്ത്യയിൽ മറ്റൊരു 100 കോടി കളക്ട് ചെയ്ത ബോളിവുഡ് ചിത്രമാണ് അജയ് ദേവ്ഗൺ, ജ്യോതിക, മാധവൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് മാർച്ച് എട്ടിന് പുറത്തിറങ്ങിയ 'ശെയ്താൻ'. വികാസ് ബാൽ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ഹൊറർ ത്രില്ലര്‍ റിലീസ് മുതലെ മികച്ച അഭിപ്രായവുമായി മുന്നേറുകയായിരുന്നു. 2023-ൽ പുറത്തിറങ്ങിയ ഗുജറാത്തി ചിത്രം 'വാശ്'ൻ്റെ ഹിന്ദി റീമേക്കാണ് ശെയ്താൻ. പ്രേക്ഷകരെ തിയേറ്ററിൽ ത്രില്ലടിപ്പിച്ച ചിത്രം മെയ് മൂന്നിന് നെറ്റ്ഫ്ലിക്സിലൂടെയാണ് സംപ്രേഷണം ചെയ്യുക.

യോദ്ധ

സിദ്ധാർത്ഥ് മൽഹോത്ര, രാശി ഖന്ന, ദിഷ പഠാനി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ പേട്രിയോട്ടിക് ത്രില്ലർ ചിത്രമാണ് 'യോദ്ധ'. ആക്ഷന് പ്രധാന്യമുളള ചിത്രം തിയേറ്ററിൽ 50 കോടിക്കടുത്താണ് കളക്ട് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങളോടെ തുടക്കം കുറിച്ച ചിത്രം പതിയെ പതിയെയാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ആദ്യവാരം തന്നെ 25 കോടിക്കു മുകളിൽ സ്വന്തമാക്കിയിരുന്നു. യോദ്ധ, മെയ് 15 മുതൽ ആമസോൺ പ്രൈമിലൂടെ കാണാൻ സാധിക്കും.

മഡഗോവൻ എക്സപ്രസ്

കോമഡി ഡ്രാമ ഴോണറിൽ കുനാൽ ഖേമ സംവിധാനം ചെയ്ത ചിത്രമാണ് 'മഡഗോവൻ എക്സപ്രസ്'. ദിവ്യേന്ദു, പ്രതീക് ഗാന്ധി, അവിനാഷ് തിവാരി, നോറ ഫത്തേഹി, ഉപേന്ദ്ര ലിമായെ, ഛായ കദം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം മാർച്ച് 22നാണ് റിലീസിനെത്തിയത്. ചിത്രത്തിന് ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ സാധിച്ചിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മെയ് 17-നാണ് സ്ട്രീമിങ് ആരംഭിക്കുക.

ക്രൂ

ബോളിവുഡിന്റെ പ്രിയ നായികമാരായ കരീന കപൂറും കൃതി സനോണും തബുവും പ്രധാന താരങ്ങളായ ചിത്രം, ക്രൂവിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച കളക്ഷൻ നേടിയ ചിത്രം 144 കോടി ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. എയര്‍ലൈൻ ഇൻഡസ്‍ട്രിയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. മികച്ച പ്രതികരണം നേടി വിജയിച്ച ചിത്രം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com