'റാം C/O ആനന്ദി' പിഡിഎഫാക്കി ഫ്രീയായി വിതരണം ചെയ്യുന്നു; നിയമ നടപടിക്കൊരുങ്ങി അഖിൽ പി ധർമ്മജൻ

'രണ്ട് വര്‍ഷം ചെന്നൈയില്‍ പോയി പഠനത്തോടൊപ്പം ഓരോ കൂലിപ്പണികള്‍ ചെയ്ത് ജീവിച്ച് അവിടുന്ന് കിട്ടിയ ഓരോ അറിവുകളും അനുഭവങ്ങളും അക്ഷരങ്ങളാക്കി കൂനിക്കൂടിയിരുന്ന് താളുകളിലേക്ക് പകര്‍ത്തിയ ഒരുവനെ തകര്‍ക്കാന്‍ വേറെന്ത് വേണം'
'റാം C/O ആനന്ദി' പിഡിഎഫാക്കി ഫ്രീയായി വിതരണം ചെയ്യുന്നു; നിയമ നടപടിക്കൊരുങ്ങി അഖിൽ പി ധർമ്മജൻ

അടുത്ത കാലത്തായി വായനക്കാർക്കിടയിലും സോഷ്യൽ മീഡിയയിലും ശ്രദ്ധേയമായി മാറിയ നോവലാണ് 'റാം C/O ആനന്ദി'. ആസ്വാദന മികവ് കൊണ്ട് വായനക്കാരെ സ്വാധീനിച്ച നോവലിനെതിരെ നിരവധി അധിക്ഷേപ കമന്റുകളും സോഷ്യൽ മീഡിയയിലെത്തിയിരുന്നു. ഇപ്പോൾ റാം C/O ആനന്ദിയുടെ മുഴുവൻ പേജുകളും പിഡിഎഫ് ആക്കി സൗജന്യമായി വിതരണം ചെയ്യുന്നു എന്നാണ് നോവലിന്റെ സൃഷ്ടാവ് അഖിൽ പി ധർമ്മജൻ ആരോപിക്കുന്നത്.

രണ്ട് വര്‍ഷം ചെന്നൈയില്‍ പോയി പഠനത്തോടൊപ്പം ഓരോ കൂലിപ്പണികള്‍ ചെയ്ത് ജീവിച്ച് അവിടുന്ന് കിട്ടിയ ഓരോ അറിവുകളും അനുഭവങ്ങളും അക്ഷരങ്ങളാക്കി പകര്‍ത്തിയ ഒരാളെ തകര്‍ക്കാന്‍ വേറെന്താണ് വേണ്ടത് എന്നും ഇനി എല്ലാം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്നും അഖിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. സൈബര്‍ സെല്‍ പൊലീസിന് നൽകിയ പരാതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഖിലിന്റെ കുറിപ്പ്.

അഖിൽ പി ധർമ്മജന്റെ ഫേസ്ബുക്ക് പോസ്റ്റ്

വളരെയധികം വിഷമത്തോടെയാണ് ഈ പോസ്റ്റ്‌ ടൈപ്പ് ചെയ്ത് ഇടുന്നത്. ആരെയും ശല്യം ചെയ്യാനോ ഉപദ്രവിക്കാനോ ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയാണ് ഞാന്‍. അങ്ങനെയുള്ള ഒരു വിഷയങ്ങളിലും ഞാന്‍ ഇടപെടാതെ ഒഴിഞ്ഞുമാറി പോവുകയാണ് ശീലം. ആരോടും വൈരാഗ്യമോ ദേഷ്യമോ വെക്കാതെ സമാധാനപരമായി ഉറങ്ങാന്‍ സാധിക്കുക എന്നതാണ് ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം എന്ന് ഞാന്‍ കരുതുന്നു.

അതിനായി നിരന്തരം പരിശ്രമിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ നേരിട്ട് കാണുക പോലും ചെയ്യാത്ത ഒരുപാടുപേര്‍ എന്നെ ഒരു ശത്രുവായി കാണുകയും പരമാവധി ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. ആരോടും പരാതി പറയാന്‍ നിന്നിട്ടില്ല. എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതേ കാര്യം ചെയ്തിട്ടും തെളിവ് സഹിതം കിട്ടിയിട്ടും ആരെയും മറ്റുള്ളവരുടെ മുന്നില്‍ കാട്ടിക്കൊടുത്തിട്ടുമില്ല. എന്നാല്‍ ഇപ്പോള്‍ ഈ കൂട്ടത്തില്‍ പെടുന്നവര്‍ എനിക്ക് ചെയ്ത ഉപദ്രവം എന്‍റെ പുതിയ പുസ്തകമായ "റാം C/O ആനന്ദി" മൊത്തത്തില്‍ സ്കാന്‍ ചെയ്ത് PDF ആക്കി ആളുകള്‍ക്ക് ഫ്രീയായി വിതരണം ചെയ്യാന്‍ തുടങ്ങി എന്നതാണ്. എങ്ങനെയും പുസ്തകം വില്‍പ്പന അവസാനിപ്പിക്കുകയും എന്നെ മാനസ്സികമായി തകര്‍ക്കുകയും ചെയ്യുന്നതോടെ വിജയിച്ചു എന്ന തോന്നലാവും ഇവര്‍ക്കെല്ലാം.

ശരിയാണ്, രണ്ടുവര്‍ഷം ചെന്നൈയില്‍ പോയി പഠനത്തോടൊപ്പം ഓരോ കൂലിപ്പണികള്‍ ചെയ്ത് ജീവിച്ച് അവിടുന്ന് കിട്ടിയ ഓരോ അറിവുകളും അനുഭവങ്ങളും അക്ഷരങ്ങളാക്കി കൂനിക്കൂടിയിരുന്ന് താളുകളിലേക്ക് പകര്‍ത്തിയ ഒരുവനെ തകര്‍ക്കാന്‍ വേറെന്ത് വേണം.

ഒരു കാര്യം പറയാതെ വയ്യ. എന്ത് മനുഷ്യരാണ് നിങ്ങള്‍..? അല്‍പ്പമെങ്കിലും മനസ്സാക്ഷി എന്നോട് കാണിച്ചുകൂടേ...? ഞാന്‍ എന്താണ് അതിനുമാത്രം അപരാധം ചെയ്തത്..?

വഴക്കിനൊന്നും ഒട്ടും താല്‍പ്പര്യമില്ലാത്ത എന്നെക്കൊണ്ട് പോലീസില്‍ പരാതിപ്പെടേണ്ട അവസ്ഥ ഉണ്ടാക്കിയില്ലേ..?

എന്നെ ഞെട്ടിച്ച ഒരു കാര്യം എനിക്ക് നേരില്‍ അറിയുന്ന ആളുകള്‍ നടത്തുന്ന ഗ്രൂപ്പുകളില്‍ പോലും ഈ വ്യാജ പതിപ്പ് വന്നിട്ട് അവര്‍ അത് മറ്റുള്ളവരിലേക്ക് എത്താന്‍ അവസരം നല്‍കി എന്നതാണ്. ഇന്നലെ തുടങ്ങിയതാണ് ഇതെല്ലാം. ഡിസി ബുക്സ് കൊടുത്ത പരാതിയില്‍ ചിലരെ ഇന്നലെത്തന്നെ അറസ്റ്റ് ചെയ്തു. അതാവട്ടെ ഈ സ്കാന്‍ ചെയ്ത PDF കോപ്പികള്‍ ഷെയര്‍ ചെയ്യുന്നതും ഡൌണ്‍ലോഡ് ചെയ്യുന്നതും കോപ്പി റൈറ്റ് നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്, വന്‍ പിഴയും ശിക്ഷയും ലഭിക്കുന്ന ഒന്നാണ് എന്നുപോലും അറിയാത്ത കുറച്ചുപേര്‍.

സൈബര്‍ സെല്‍ പോലീസ് ടെലിഗ്രാം ഗ്രൂപ്പുകളും വാട്ട്സാപ്പ് ഗ്രൂപ്പുകളുമെല്ലാം തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. പോലീസില്‍ നിന്നും കോള്‍ വന്നതിന് എന്നെ വിളിച്ച് എങ്ങനെയെങ്കിലും കേസില്‍ നിന്നും ഒഴിവാക്കി തരണമെന്ന് പലരും പറയുന്നുണ്ട്. എന്നോട് ഇത്രയും വലിയ ഉപദ്രവം ചെയ്തിട്ട് ക്ഷമിക്കണം എന്ന് പറയാന്‍ എങ്ങനെ മനസ്സുവരുന്നുവെന്നറിയില്ല. ഇന്നിപ്പോള്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍കൂടി പരാതി നല്‍കിയിട്ടുണ്ട്. ദയവായി പുസ്തകത്തിന്‍റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച് പോലീസ് പിടിച്ചപേരില്‍ എന്നെ ആരും വിളിക്കരുത്. എനിക്ക് നിങ്ങളോട് ഒന്നുംതന്നെ പറയാനില്ല. എല്ലാം നിയമത്തിന്‍റെ വഴിക്ക് പോട്ടെ.

ദയവായി ആരെങ്കിലും എന്‍റെ പുസ്തകത്തിന്‍റെ വ്യാജ പതിപ്പ് എവിടെയെങ്കിലും പ്രചരിപ്പിക്കുന്നത് കണ്ടാല്‍ ഉടന്‍തന്നെ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിയില്‍ കൊണ്ടുവരാന്‍ നിങ്ങളുടെ സഹായവും ഞാന്‍ അപേക്ഷിക്കുകയാണ്. ഈ കാര്യത്തില്‍ എന്നെയും പുസ്തകങ്ങളെയും സ്നേഹിക്കുന്നവര്‍ എല്ലാവരും എനിക്കൊപ്പം നില്‍ക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.

'റാം C/O ആനന്ദി' പിഡിഎഫാക്കി ഫ്രീയായി വിതരണം ചെയ്യുന്നു; നിയമ നടപടിക്കൊരുങ്ങി അഖിൽ പി ധർമ്മജൻ
കൂൾ ആയി 'മഞ്ഞുമ്മൽ ബോയ്സ്' കാണാനെത്തി ധോണി; ആവേശത്തിൽ ആരാധകർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com