'ഇത് കുറച്ചല്ല ഒത്തിരി കൂടിപ്പോയി.. കലാഭവൻ മണി അന്നെന്നോട് കരഞ്ഞു പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു'; വിനയൻ

'തനിക്കോ തന്റെ മക്കൾക്കോ ജനിക്കുന്ന കുട്ടികൾ വിരൂപനോ, വികലാംഗനോ ആയാൽ ഒരാൾക്ക് ഇതുപോലെ പറയാൻ പറ്റുമോ?'
'ഇത് കുറച്ചല്ല ഒത്തിരി കൂടിപ്പോയി.. കലാഭവൻ മണി അന്നെന്നോട് കരഞ്ഞു പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു'; വിനയൻ

ആർ എൽ വി രാമക്രൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്ക്കെതിരെ സംവിധായകൻ വിനയൻ. സത്യഭാമ പറഞ്ഞത് കൂടി പോയെന്നും തെറ്റു മനസിലാക്കി അദ്ദേഹത്തോട് മാപ്പ് പറയണമെന്നും വിനയൻ പറഞ്ഞു. വെറുപ്പിന്റെയും അവഗണനയുടെയും വേദന തന്റ കലാജീവിതത്തിൽ ഒത്തിരി അനുഭവിച്ചിട്ടുണ്ടന്ന് കലാഭവൻ മണി കന്നോട് കരഞ്ഞു പറഞ്ഞിട്ടുള്ള കാര്യം ഇപ്പോൾ ഓർത്തു പോവുകയാണെന്നും വിനയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു..

കലാഭവൻമണിയുടെ അനുജൻ ആർ എൽ വി രാമക്രൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചത് ഹീനവും നിന്ദ്യവുമായ പ്രവർത്തിയാണ്. ശ്രീമതി കലാമണ്ഡലം സത്യഭാമ ഒരു കലാകാരിയാണന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ അതു പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കേണ്ടതാണ്. ശ്രീമതി സത്യഭാമ ചാനലുകാരോട് സംസാരിക്കുമ്പോൾ പുറകിലത്തെ ചുവരിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രം കണ്ടതായി തോന്നുന്നു.. സത്യഭാമട്ടീച്ചറേ… ശ്രീകൃഷ്ണ ഭഗവാൻ കാക്കകറുമ്പൻ ആയിരുന്നു.. കാർമുകിൽ വർണ്ണന്റെ സൗന്ദര്യത്തേ പാടി പുകഴ്ത്തുന്ന എത്രയോ കൃതികൾ ടീച്ചർ തന്നെ വായിച്ചിട്ടുണ്ടാകും..

അസുരന്മാരെ മോഹിപ്പിച്ച് കീഴ്പ്പെടത്താനായി മോഹിനി ആയി വേഷം കെട്ടിയത് തന്നെ മഹാവിഷ്ണുവാണ്.. മഹാവിഷ്ണു സ്ത്രീ അല്ലല്ലോ ടീച്ചറേ.. പിന്നെ ഈ പറയുന്നതിൽ എന്ത് ന്യായമാണ്.. അപ്പോൾ ഇതിൽ മറ്റെന്തോ വെറുപ്പിന്റ അംശമുണ്ട്.. ആ വെറുപ്പിന്റെയും അവഗണനയുടെയും വേദന തന്റ കലാജീവിതത്തിൽ ഒത്തിരി അനുഭവിച്ചിട്ടുണ്ടന്ന് കലാഭവൻ മണി എന്നോട് കരഞ്ഞു പറഞ്ഞിട്ടുള്ള കാര്യം ഇപ്പോൾ ഇവിടെ ഓർത്തു പോകുന്നു..

രാമകൃഷ്ണൻ മണിയുടെ സഹോദരനായതു കൊണ്ടു തന്നെ ഈ അധിക്ഷേപ തുടർച്ചയേ വളരെ വേദനയോടെ ആണ് ഞാൻ കാണുന്നത്.. നമ്മുടെ നാടിന്റെ മാനവികത നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.. ഇവനെ ഒക്കെ കണ്ടാൽ അരോചകമാണ്, പെറ്റ തള്ള പോലും സഹിക്കില്ല എന്ന വാക്ക് കുറച്ചല്ല ഒത്തിരി കൂടിപ്പോയി ടീച്ചറേ.. തനിക്കോ തന്റെ മക്കൾക്കോ ജനിക്കുന്ന കുട്ടികൾ വിരൂപനോ, വികലാംഗനോ ആയാൽ ഒരാൾക്ക് ഇതുപോലെ പറയാൻ പറ്റുമോ?

പൊക്കം കുറഞ്ഞ മനുഷ്യരെ വച്ച് ഞാൻ ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ തന്റെ പൊക്കക്കുറവിനെ പരിഹസിച്ച ഒരു പ്രൊഡക്ഷൻ ബോയിയോട്-ചേട്ടാ ദൈവം നമ്മളെ സൃഷ്ടിച്ചപ്പോൾ ഒന്നു മാറി ചിന്തിച്ചിരുന്നെങ്കിൽ ചേട്ടൻ എന്നെപ്പോലെ കുള്ളനും ഞാൻ ചേട്ടനെ പോലെ നല്ല പൊക്കമുള്ളവനും ആയേനെ-, എന്ന് നിറഞ്ഞ കണ്ണുകളോടെ ഒരു കൊച്ചു മനുഷ്യൻ പറഞ്ഞപ്പോൾ അവനെ വാരി എടുത്ത് പശ്ചാത്താപത്തോടെ അവന്റെ അടുത്ത് നുറു സോറി പറഞ്ഞ പ്രൊഡക്ഷൻ ബോയിയെ ഞാനോർക്കുന്നൂ.. ആ പ്രൊഡക്ഷൻ ബോയിയുടെ മനസ്സിന്റെ വലുപ്പമെങ്കിലും.. ഒത്തിരി ശിഷ്യരൊക്കെയുള്ള ശ്രീമതി കലാമണ്ഡലം സത്യഭാമയ്ക്ക് ഉണ്ടാകട്ടെ എന്നാംശംസിക്കുന്നു. അതല്ലൻകിൽ സാസ്കാരിക കേരളത്തിന് ഒരപമാനമായിരിക്കും..

Related Stories

No stories found.
logo
Reporter Live
www.reporterlive.com