
2015ൽ കേരളത്തിൽ ചിരിപ്പൂരം തീർത്ത സിനിമയാണ് 'അമർ അക്ബർ അന്തോണി'. നാദിർഷ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ. ഏഴു വർഷങ്ങൾക്കിപ്പുറം സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്.
ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നായിരുന്നു അമർ അക്ബർ അന്തോണിയുടെ തിരക്കഥ രചിച്ചത്. വിഷ്ണുവാണ് രണ്ടാം ഭാഗം വരുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. സംവിധായകൻ ഷാഫിക്കായി ഒരു തിരക്കഥ എഴുതിവരികയായിരുന്നുവെന്നും ഇത് അമർ അക്ബറിന് ചേർന്നതാണെന്ന് പിന്നീട് തോന്നിയെന്നുമാണ് വിഷ്ണു പറഞ്ഞത്. ഷാഫി രണ്ടാം ഭാഗവുമായി മുന്നോട്ട് പോകാൻ അനുമതി നൽകി. നാദിർഷയും ഇതിൽ സന്തോഷമറിയിച്ചതായി വിഷ്ണു പറഞ്ഞു. തിരക്കഥ പൂർത്തിയായി വരികയാണ്.
റീവാച്ച് വാല്യുവുള്ള ചിത്രമെന്ന നിലയ്ക്കാണ് അമർ അക്ബർ അന്തോണിയിലെ തമാശകൾ പ്രേക്ഷകർ സ്വീകരിക്കുന്നത്. അൻപത് കോടിയിലേറെ രൂപയാണ് അമർ അക്ബർ അന്തോണിയുടെ കളക്ഷൻ എന്നായിരുന്നു റിപ്പോർട്ടുകൾ. ആസിഫ് അലി, ബിന്ദു പണിക്കര്, മീനാക്ഷി, കലാഭവന് ഷാജോണ്, കെപിഎസി ലളിത തുടങ്ങിയവരും സിനിമയുടെ ഭാഗമായിരുന്നു.