
സമീപകാല കരിയറിൽ നടൻ സൂര്യ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന റിലീസ് ആണ് 'കങ്കുവ'യുടേത്. സിരുത്തൈ ശിവയുടെ സംവിധാനത്തില് എത്തുന്ന ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. നിർമ്മാതാക്കളിൽ ഒരാളായ കെ ഇ ജ്ഞാനവേൽ രാജ ഒരു അഭിമുഖത്തിൽ ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ചർച്ചയാകുന്നത്.
പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള സിനിമയ്ക്ക് 38 ഭാഷകളിൽ റിലീസുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പത്ത് ഇന്ത്യൻ ഭാഷകളിലാണ് ആദ്യം റിലീസിന് പദ്ധതിയിട്ടിരുന്നതെന്നും സിനിമയുടെ മൂല്യം കണക്കിലെടുത്ത് കൂടുതൽ ഭാഷകളിൽ പുറത്തിറക്കാൻ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്സ് സ്ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്.
ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് സൂര്യയ്ക്ക് കങ്കുവയിൽ. യോദ്ധാവായുള്ള താരത്തിന്റെ ലുക്ക് മാത്രമാണ് ഇതുവരെ പുറത്തുവന്നത്.
ചെന്നൈയിൽ അവസാന ഷെഡ്യൂൾ ചിത്രീകരണം പുരോഗമിക്കുകയാണ്. ഡിസംബറോടെ സിനിമ പൂർത്തിയാകും. കങ്കുവയ്ക്ക് വലിയ വിഎഫ്എക്സ് വർക്ക് ആവശ്യമാണ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാനാകുന്ന മുറയ്ക്ക് റിലീസ് പ്രഖ്യാപിക്കാനാണ് അണിയറ പ്രവർത്തകരുടെ പദ്ധതി.