
നടി തൃഷയ്ക്കെതിരെ നടത്തിയ ലൈംഗീക പരാമർശത്തിൽ മൻസൂർ അലി ഖാനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. 'ലിയോ'യിൽ തൃഷയ്ക്കൊപ്പം കിടപ്പറ രംഗങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്ന മൻസൂറിന്റെ പരാമർശത്തിനെതിരെ നടി തന്നെ രംഗത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചതിന് പിന്നാലെയാണ് വനിതാ കമ്മീഷൻ കേസെടുത്തത്.
ഐപിസി സെക്‌ഷൻ 509 ബി പ്രകാരവും മറ്റു പ്രസക്തമായ വകുപ്പുകളും ചേർത്ത് നടനെതിരെ നടപടി സ്വീകരിക്കാൻ ചെന്നൈ ഡിജിപിയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. എൻസിഡബ്ല്യു ചെയർപഴ്സൻ രേഖ ശർമ, വനിതാ ശിശു വികസന മന്ത്രാലയം, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം, ചെന്നൈ പൊലീസ് എന്നിവരെ ടാഗ് ചെയ്തുകൊണ്ട് എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് കമ്മിഷൻ ഇക്കാര്യം അറിയിച്ചത്. മൻസൂർ അലി ഖാൻ നടത്തിയ പരാമർശത്തിൽ കമ്മിഷൻ ഉത്കണ്ഠ രേഖപ്പെടുത്തി.
മൻസൂർ അലി ഖാന്റെ പരാമർശത്തെ അപലപിച്ച് തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം ഞായറാഴ്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. നടന്റെ പരാമർശങ്ങളിൽ അസോസിയേഷൻ ഞെട്ടൽ പ്രകടിപ്പിക്കുകയും സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ ഉയർത്തിക്കാട്ടുകയും ചെയ്തു.
മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ ലിയോയിൽ തൃഷയെ എടുത്തിടാൻ പറ്റിയില്ല. സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ല, ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചു. അതിന് ആഗ്രഹമുണ്ടായിരുന്നുവെന്നുമാണ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ മൻസൂർ അലി ഖാൻ പറഞ്ഞത്.
മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചു. സ്ത്രീവിരുദ്ധ പരാമർശമാണ് നടൻ നടത്തിയതെന്നും സ്ത്രീകളെയും സഹപ്രവർത്തകരെയും ബഹുമാനിക്കണമെന്നുമാണ് സംവിധായകൻ ലോകേഷ് പ്രതികരിച്ചത്.അതേസമയം പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും തൃഷ തെറ്റിദ്ധതിരച്ചതാണെന്നുമാണ് മൻസൂർ അലി ഖാന്റെ വിശദീകരണം.