മഹാവിജയമായി മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് കളങ്കാവൽ

കളങ്കാവൽ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റ് എന്ന നേട്ടവുമായി കുതിപ്പ് തുടരുന്നു

മഹാവിജയമായി മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് കളങ്കാവൽ
dot image

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റ് എന്ന നേട്ടവുമായി കുതിപ്പ് തുടരുന്നു. 2025 ലെ ക്ലാസിക് ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ചിത്രം റിലീസ് ചെയ്ത് 24 ദിനം പിന്നിടുമ്പോൾ ആഗോള കളക്ഷൻ 83 കോടിയാണ് പിന്നിട്ടത്. ഇതോടെ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഗ്രോസ്സർ ആയി മാറി. 82 കോടിയോളം ആഗോള ഗ്രോസ് നേടിയ കണ്ണൂർ സ്‌ക്വാഡിന്റെ റെക്കോർഡ് ആണ് ചിത്രം മറികടന്നത്. 85 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ഭീഷ്മപർവമാണ് മമ്മൂട്ടിയുടെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ്. കളങ്കാവൽ ഈ നമ്പറും മറികടന്ന് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം ആവുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. ചിത്രം ഇപ്പോഴും കേരളത്തിലെ പ്രധാന സ്‌ക്രീനുകളിൽ മികച്ച പ്രേക്ഷക പിന്തുണ നേടിയാണ് പ്രദർശനം തുടരുന്നത്. കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത് 36 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷനാണ്.

ഡിസംബർ 5 ന് ആഗോള റിലീസായി എത്തിയ ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ എത്തിയ മമ്മൂട്ടി ചിത്രം എന്ന നേട്ടവും കളങ്കാവൽ സ്വന്തമാക്കിയിരുന്നു. ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നിവക്ക് ശേഷം 50 കോടി ക്ലബിൽ എത്തുന്ന അഞ്ചാമത്തെ മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ.

മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് സമ്മാനിക്കുന്ന ചിത്രത്തിൽ, പ്രതിനായകനായി അഭിനയിച്ചു കൊണ്ടാണ് അദ്ദേഹം ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിച്ചത്. ഇതുവരെ പ്രേക്ഷകർ കാണാത്ത രൂപത്തിലും ഭാവത്തിലും മമ്മൂട്ടി അമ്പരപ്പിച്ച ചിത്രം കൂടിയായി കളങ്കാവൽ മാറി. മമ്മൂട്ടിയെ കൂടാതെ, ചിത്രത്തിൽ പോലീസ് ഓഫീസർ ആയ നായക കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനും വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. സാങ്കേതികമായും ഉയർന്ന നിലവാരം പുലർത്തിയ ചിത്രത്തിന് വേണ്ടി, മുജീബ് മജീദ് ഒരുക്കിയ റെട്രോ സ്റ്റൈൽ തമിഴ് ഗാനങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും വൈറലായി നിൽക്കുന്നുണ്ട്.

ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മികച്ച വിജയമാണ് ചിത്രം നേടിയത്. ഗൾഫിൽ മമ്മൂട്ടയുടെ കരിയറിലെ മികച്ച വിജയങ്ങളിൽ ഒന്ന് തന്നെ സ്വന്തമാക്കിയ ചിത്രം, വിദേശത്ത് വിതരണം ചെയ്തത് ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ - വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ - എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ - ഡിക്സൻ പി ജോ, വിഎഫ്എക്സ് - വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് - സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Mammootty's film Kalamkaval crosses 83 crores global gross

dot image
To advertise here,contact us
dot image