
ഡൽഹി: തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടെ ഡീപ്ഫെയ്ക് വിഡിയോ പ്രചരിച്ച സംഭവത്തില് ബിഹാറിൽ നിന്നുള്ള യുവാവിനെ അന്വേഷണസംഘം കസ്റ്റഡിയില് എടുത്തു. 19കാരനെയാണ് ഡൽഹി പൊലീസ് കസ്റ്റഡിയില് എടുത്തത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. രശ്മികയുടെ ഡീപ്ഫെയ്ക്ക് വീഡിയോ ആദ്യം പ്രചരിപ്പിച്ചത് ഇയാളെന്നാണ് പൊലീസ് സംശയിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡൽഹി പൊലീസ് സ്പെഷല് സെല് കേസെടുത്തത്. വ്യാജമായി വീഡിയോ നിര്മിച്ചതിന് ഐടി ആക്ടും ചുമത്തിയാണ് കേസില് അന്വേഷണം പുരോഗമിക്കുന്നത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ കേന്ദ്ര ഐടി മന്ത്രാലയം സമൂഹമാധ്യമങ്ങള് കര്ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മെറ്റയടക്കമുള്ള വിവിധ സാമൂഹിക മാധ്യമങ്ങളുമായി പൊലീസ് ഇതേക്കുറിച്ച് സംസാരിച്ച് വിവരങ്ങൾ ശേഖരിക്കുകയാണെന്നാണ് റിപ്പോർട്ട്.
ഒന്നല്ല, നിരവധി ഡീപ്ഫെയ്ക് വീഡിയോകളാണ് നടിയുടേത് മാത്രമായി പ്രചരിക്കുന്നത്. രശ്മികയുടെ മുഖം മോർഫ് ചെയ്ത രീതിയിലാണ് മറ്റ് വീഡിയോകളുള്ളത്. രശ്മികയുടെ ഫാൻ പേജുകളിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇത്തരത്തിൽ നിരവധി താരങ്ങളുടെ മോർഫ് ചെയ്ത വീഡിയോകൾ മുൻപും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും വ്യാജ വീഡിയോകൾ ഇത്തരത്തിൽ പ്രചരിച്ചിട്ടുണ്ട്.