പ്രശസ്ത ഇറാനിയന് സംവിധായകന് ദാരിയൂഷ് മെർജൂയിയെയും ഭാര്യയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൊലപാതകത്തിലേക്ക് നയിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു

dot image

ടെഹ്റാന്: വിഖ്യാത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ മെർജൂയിയെയും ഭാര്യയെയും കൊല്ലപ്പെട്ട നിലയിൽ. ഇരുവരെയും വീട്ടിൽ കുത്തി കൊലപ്പെടുത്തിയ നിലയിലായിരുന്നു കണ്ടെത്തിയതെന്ന് ഇറാനിയന് ജുഡീഷ്യറി ഉദ്യോഗസ്ഥനായ ഹൊസൈൻ ഫസെലിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്ത്ത ഏജന്സി റിപ്പോർട്ട് ചെയ്തു. ഇരുവരുടെ കഴുത്തിലാണ് കുത്തേറ്റത് എന്നാണ് ഐആർഎൻഎ റിപ്പോർട്ട്.

ടെഹ്റാനിൽ നിന്ന് 30 കിലോമീറ്റർ മാറിയുള്ള അതിര്ത്തിപ്രദേശത്തുള്ള വീട്ടിലാണ് ദാരിയൂഷും ഭാര്യയും താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി കുടുംബത്തെ സന്ദര്ശിക്കാന് എത്തിയ ദാരിയൂഷ് മെർജൂയിയുടെ മകള് മോണ മെർജൂയിയാണ് ഇരവരും കൊല്ലപ്പെട്ടത് ആദ്യം കണ്ടത്. ഇവർ ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് സംവിധായകന്റെ ഭാര്യ വഹിദെ മുഹമ്മദീഫറി ഏതാനും നാളുകൾക്ക് മുൻപ് സോഷ്യല് മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൊലപാതകത്തിലേക്ക് നയിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു.

83 കാരനായ മെർജൂയി 1970 കളുടെ തുടക്കത്തിൽ ഇറാനിലെ നവതരംഗ സിനിമ പ്രസ്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച സംവിധായകനാണ്.1998 ലെ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് സിൽവർ ഹ്യൂഗോയും 1993 ലെ സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സീഷെലും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 1969ലെ ദ കൗ അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നാണ്. 2015ല് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില് സമഗ്ര സംഭവാനയ്ക്കുള്ള പുരസ്കാരം ദാരിയൂഷ് മെർജൂയ്ക്കായിരുന്നു.

dot image
To advertise here,contact us
dot image