മമ്മൂട്ടിയുടെ മകനായി ജീവ; വൈ എസ് രാജശേഖര റെഡ്ഡിയുടെ ബയോപിക്, 'യാത്ര 2' ഫസ്റ്റ് ലുക്ക്

'യാത്ര 2'വിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മഹി വി രാഘവാണ് ചിത്രത്തിന്റെ സംവിധാനം
'യാത്ര 2' സിനിമയുടെ ഫസ്റ്റ് ലുക്ക്  പോസ്റ്റർ
'യാത്ര 2' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

26 വര്‍ഷത്തിന് ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ച ചിത്രമാണ് 'യാത്ര'. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ അസ്പദ​മാക്കി ഒരുങ്ങിയ ബയോപിക്കിൽ വൈ എസ് ആറായി എത്തിയത് മമ്മൂട്ടിയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗവുമായി ബന്ധപ്പെട്ട വാർത്തകളും കഴിഞ്ഞ ദിവസങ്ങളിലെത്തിയിരുന്നു. പുതിയ ഫസ്റ്റ് ലൂക്ക് പോസ്റ്റർ കൂടി ഇപ്പോൾ പുറത്തുവിട്ടപ്പോൾ മമ്മൂട്ടിയോടൊപ്പം ജീവയെ കൂടി പരിചയപ്പെടുത്തിയിരിക്കുകയാണ് നടൻ.

2024 ഫെബ്രുവരി 28-ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകനായാണ് ജീവയെത്തുക. 'യാത്ര 2'വിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മഹി വി രാഘവാണ് ചിത്രത്തിന്റെ സംവിധാനം. ജീവ അവതരിപ്പിക്കുന്ന വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കഥയാണ് യാത്ര 2വില്‍. എന്നാല്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന രാജശേഖര റെഡ്ഡിയുടെ ഏതാനും ഭാഗങ്ങളും ചിത്രത്തിലുണ്ട്. മമ്മുട്ടിയുടെ രംഗങ്ങളുടെ ഷൂട്ടിംഗ് കഴിഞ്ഞുവെന്നാണ് വിവരം.

മമ്മൂട്ടി അഭിനയിച്ച കഥാപാത്രത്തിൻ്റെ ഭാഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞപ്പോൾ നടനെ കുറിച്ച് സംവിധായകന്‍ മഹി വി രാഘവ് ഈയടുത്തായി പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമായിരുന്നു. 'യാത്രയുടെ അവസാന ഷോട്ട് ചിത്രീകരിച്ചിട്ട് അഞ്ച് വര്‍ഷമായി, മമ്മൂട്ടി സാര്‍ സെറ്റിലെത്തി കഥാപാത്രത്തിന് ജീവന്‍ പകരുന്നത് കണ്ടപ്പോള്‍ ദേജാവു അനുഭവമാണ് എനിക്കുണ്ടായത്. താങ്കള്‍ ഇല്ലാതെ യാത്രയും യാത്ര 2വും ഉണ്ടാകുമായിരുന്നില്ല മമ്മൂട്ടി സാര്‍. ഈ അവസരത്തിന് നന്ദി അറിയിക്കുന്നു. ഞാന്‍ എന്നേക്കും നന്ദിയുള്ളവന്‍ ആയിരിക്കും’, സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. രണ്ടാം ഭാ​ഗത്തിൽ സിനിമയുടെ പകുതിയോടടുപ്പിച്ചായിരിക്കും മമ്മൂട്ടി ഉണ്ടാകുക എന്നാണ് സൂചനകള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com