
ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാൻ. വിദേശ രാജ്യങ്ങളിൽ പോലും ഫാൻസുള്ള താരം എന്തുകൊണ്ടാണ് ഹോളിവുഡിൽ അഭിനയിക്കാത്തത് എന്ന ചോദ്യം ആരാധകർ തന്നെ നിരവധി തവണ ചോദിച്ചിട്ടുമുണ്ട്. എന്നാൽ തനിക്ക് ഹോളിവുഡിൽ പ്രധാന വേഷം ചെയ്യാൻ അവസരം ലഭിച്ചിതിനെ കുറിച്ചും അത് നിരസിക്കേണ്ടി വന്നതിനെ കുറിച്ചും നടൻ പറഞ്ഞതാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
'ടോപ്പ് ഗൺ, ഡേയ്സ് ഓഫ് തണ്ടർ, ട്രൂ റൊമാൻസ് തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളുടെ സംവിധായകൻ അന്തരിച്ച ടോണി സ്കോട്ടിൽ നിന്ന് കൗതുകകരമായ ഓഫർ എനിക്ക് ലഭിച്ചു. ഹനുമാനെ കേന്ദ്രീകരിച്ച് ഒരു സൂപ്പർഹീറോ സിനിമയ്ക്കായിരുന്നു സ്കോട്ട് ഹനുമാൻ സിനിമയാക്കാൻ പദ്ധതിയിട്ടത്. ഹനുമാനെ ഒരു സൂപ്പർ ഹീറോ ആയാണ് സിനിമ വിഭാവനം ചെയ്തത്. ഹനുമാന്റെ വാൽ യുദ്ധത്തിനുള്ള ശക്തമായ ആയുധമായി മാറുന്നു. ആശയത്തിന്റെ അതിമനോഹരമായ അവതരണത്തിന് ഞാൻ അദ്ദേഹത്തിന് അഭിനന്ദനമറിയിച്ചിരുന്നു. എന്നാൽ ആ സിനിമ ചെയ്യാൻ കഴിഞ്ഞില്ല. എന്റെ ഇംഗ്ലീഷ് നല്ലതായിരുന്നില്ല, അവർ എനിക്ക് ഒരു ഊമയുടെ വേഷം നൽകിയാൽ, ഒരുപക്ഷേ ഞാൻ സിനിമ ചെയ്തേനെ,' ചലച്ചിത്ര നിരൂപകൻ തരൺ ആദർശുമായുള്ള സംഭാഷണത്തിനിടെ ഷാരൂഖ് വെളിപ്പെടുത്തി.
അതേസമയം, ഷാരൂഖ് ചിത്രം ജവാൻ മൂന്നാം ദിനം പിന്നിടുമ്പോൾ ആഗോളതലത്തിൽ 300 കോടിയാണ് ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത്. ഷാരൂഖിന്റെ തന്നെ പഠാനെയും സണ്ണി ഡിയോളിന്റെ ഗദർ 2-നെയും മറികടന്നുകൊണ്ടാണ് ജവാന്റെ നേട്ടം. 75 കോടി കളക്ഷന് എന്ന ചരിത്ര വിജയം നേടിയ ജവാൻ രണ്ടാം ദിനം 53 കോടിയും ആഗോളതലത്തിൽ സ്വന്തമാക്കി. ഇന്ത്യയിൽ നിന്ന് ജവാൻ ഇതുവരെ നേടിയത് 202.73 കോടിയാണ്.