ബേസിൽ ജോസഫിന്റെ അടുത്ത ചിത്രം രൺവീറിനൊപ്പമെന്ന് ധ്യാൻ; ശക്തിമാനോ?

ധ്യാന്റെ വാക്കുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ശക്തിമാനെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നിരിക്കുകയാണ്
ബേസിൽ ജോസഫിന്റെ അടുത്ത ചിത്രം രൺവീറിനൊപ്പമെന്ന് ധ്യാൻ; ശക്തിമാനോ?

നടനും സംവിധായകനുമായ ബേസിൽ ജോസഫ് ബോളിവുഡിൽ സിനിമ സംവിധാനം ചെയ്യുന്നു എന്ന് ധ്യാൻ ശ്രീനിവാസൻ. ബേസിൽ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ രൺവീർ സിങ് നായകനാകുമെന്നും ധ്യാൻ പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തൽ.

'ഇവിടെ ഒരു സിനിമ മര്യാദക്ക് ചെയ്തു കഴിഞ്ഞാൽ ബോളിവുഡിൽ അവസരം ലഭിക്കും. ഉദാഹരണത്തിന് മിന്നൽ മുരളി, അവൻ(ബേസിൽ ജോസഫ്) അടുത്തതായി രൺവീറിനൊപ്പം സിനിമ ചെയ്യുന്നു,' എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.

നേരത്തെ ബേസിൽ ജോസഫ് 1990കളിൽ ഏറെ ഹിറ്റായിരുന്ന ശക്തിമാൻ എന്ന ടെലിവിഷൻ സൂപ്പർഹീറോ കഥാപാത്രത്തെ പശ്ചാത്തലമാക്കി സിനിമ ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. രൺവീർ സിങ്ങായിരിക്കും സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

ധ്യാന്റെ വാക്കുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ശക്തിമാനെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നിരിക്കുകയാണ്. ധ്യാൻ പറഞ്ഞ ബോളിവുഡ് ചിത്രം ശക്തിമാൻ ആണോ എന്ന് പലരും ചോദ്യം ഉന്നയിക്കുന്നുണ്ട്.

കഴിഞ്ഞ വർഷമാണ് സോണി പിക്ചേഴ്സ് ഇന്ത്യ ശക്തിമാനെ ബിഗ് സ്‌ക്രീനിൽ എത്തിക്കുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്റെ സംവിധായകന്‍, അഭിനേതാക്കള്‍, മറ്റ് അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നില്ല. തൊട്ടുപിന്നാലെ ബേസിൽ ജോസഫായിരിക്കും സിനിമ സംവിധാനം ചെയ്യുക എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരുന്നു. ബേസിലുമായി നിർമ്മാണ കമ്പനി ചർച്ച നടത്തിയതായും റിപ്പോർട്ട് വന്നിരുന്നു.

കഴിഞ്ഞ മാസം പ്രമുഖ ഛായാഗ്രാഹകൻ രവി വർമ്മൻ ബേസിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോഴും ശക്തിമാനെക്കുറിച്ചുള്ള ചർച്ചകൾ വന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് കമന്റുമായി രൺവീർ എത്തിയതോടെയാണ് ചർച്ചകൾ വീണ്ടും തലപൊക്കിയത്. സൂപ്പർഹീറോ ചിത്രമായ ശക്തിമാന് വേണ്ടിയുള്ള കൂടിക്കാഴ്ചയാണോ ഇതെന്ന് പലരും ചോദിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com