'സിറ്റാഡലി'ന്റെ പരാജയത്തിൽ പ്രൈം വീഡിയോക്ക് അതൃപ്തി; ബജറ്റ് പുനഃപരിശോധിക്കാൻ നടപടി

രണ്ടാം സീസൺ സംവിധാനം ചെയ്യുക റൂസോ സഹോദരന്മാരിൽ ഒരാളായ ജോ റൂസോ ആയിരിക്കും
'സിറ്റാഡലി'ന്റെ പരാജയത്തിൽ പ്രൈം വീഡിയോക്ക് അതൃപ്തി; ബജറ്റ് പുനഃപരിശോധിക്കാൻ നടപടി

റൂസോ ബ്രദേഴ്സിന്റെതായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗ്ലോബൽ സ്പൈ സീരീസായിരുന്നു 'സിറ്റാഡൽ'. ഏപ്രിൽ 28ന് ആമസോൺ പ്രൈമിൽ പ്രീമിയർ ചെയ്ത സീരീസ്, എന്നാൽ അപ്രതീക്ഷിത പരാജയം നേരിടുകയായിരുന്നു. ആറ് എപ്പിസോഡുകളുള്ള ആദ്യ സീസണിലെ ആദ്യ രണ്ട് എപ്പിസോഡുകൾ ഏപ്രിൽ 28നാണ് സംപ്രേക്ഷണം ചെയ്തത്. ബാക്കി എപ്പിസോഡുകള്‍ മെയ് 26 വരെ ആഴ്ചയില്‍ ഒന്ന് വീതവുമാണ് പുറത്തിറക്കിയത്. എന്നാൽ പ്രതീക്ഷിച്ച സ്ട്രീമിംഗ് അവേഴ്സ് സീരീസിന് സ്വന്തമാക്കാനായില്ല.

പ്രിയങ്ക ചോപ്ര ജോനാസും റിച്ചാർഡ് മാഡനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സീരീസ്, ലോകമെമ്പാടുമുള്ള 240ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമാക്കിയിരുന്നു. ഹൈപ്പിനൊത്ത രീതിയിൽ സിറ്റാഡലിനെ പ്രേക്ഷകരിലെത്തിക്കാൻ 2000 കോടി രൂപ(250 മില്ല്യൺ ഡോളർ)യാണ് പ്രൈം വീഡിയോ ചെലവഴിച്ചതെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. എന്നിട്ടും അമേരിക്കയിൽ ഈവർഷം ഏറ്റവും കൂടുതൽപേർ കണ്ട 'ടോപ്പ് 10' ലിസ്റ്റിൽ സീരീസ് ഇടംപിടിച്ചില്ല.

'സിറ്റാഡൽ' ഉൾപ്പെടെ പ്രൈം വിഡിയോയുടെ പ്രധാന ഷോകളെ വിലയിരുത്തുന്നതിനായി ആമസോൺ സിഇഒ ആൻഡി ജാസി സമഗ്രമായ ബജറ്റ് വിശകലനം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രിയങ്ക ചോപ്രയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ആദ്യ സീസണിൽ എട്ട് എപ്പിസോഡുകളും ഓരോ എപ്പിസോഡിനും 165 കോടി(20 മില്ല്യൻ യു എസ് ഡോളർ)രൂപ നിർമ്മാണ ചെലവുമാണ് കണക്കാക്കിയിരുന്നത്. എന്നാൽ ആറ് എപ്പിസോഡുകൾ മാത്രമാണ് പ്രൈമിൽ ലഭ്യമാക്കാനായത്.

ജോഷ് അപ്പൽബോം, ബ്രയാൻ ഓ, ഡേവിഡ് വെയിൽ എന്നിവരായിരുന്നു ആദ്യ സീസണിലെ സംവിധായകർ. ഈ സീസണിലെ ചിത്രീകരണവുമായി ബന്ധപ്പെട്ട തകരാറുകൾ കണക്കിലെടുത്ത് രണ്ടാം സീസൺ സംവിധാനം ചെയ്യാൻ ജോ റൂസോയെ ഏൽപ്പിച്ചിരിക്കുകയാണ് പ്രൈം വീഡിയോ. ഇതിനായി 25 മില്ല്യൺ ഡോളർ പ്രതിഫലം നൽകാനും കരാറായിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com