

പണം എല്ലാവരും പോക്കറ്റിലും പേഴ്സിലും ഒക്കെ സൂക്ഷിക്കാറുണ്ട്. ഡിജിറ്റല്‍ മണിയുടെ ഉപയോഗം വ്യാപകമാണെങ്കിലും ദൈനംദിന ഇടപാടുകള്‍ക്ക് കറന്‍സി നോട്ടുകളും പലപ്പോഴും ആവശ്യമായി വരുന്നു. എന്നാല്‍ ദിവസവും നമ്മുടെ കൈകളില്‍ കൂടി കൈമറിഞ്ഞുപോകുന്ന… പോക്കറ്റിലും പേഴ്സിലും സൂക്ഷിച്ച് വയ്ക്കുന്ന… കറന്സിനോട്ടുകള് രോഗാണുക്കളും രോഗങ്ങളും വഹിക്കുന്ന ഏറ്റവും വൃത്തിഹീനമായ ഒന്നുകൂടിയാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? മൈക്രോബയോളജിസ്റ്റായ ഡോ. ശ്വേതയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഉദാഹരണ സഹിതം ഇതേക്കുറിച്ച് പറയുന്നത്. പണത്തില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന രോഗാണുക്കളെ അവര്‍ റീലില്‍ കാണിച്ചുതരികയും ചെയ്യുന്നുണ്ട്.

ലാബില്‍ വച്ച് ഡോ. ശ്വേത ബഡ്സുകൊണ്ട് ഒരു കറന്‍സിനോട്ടില്‍ ഉരയ്ക്കുകയും അത് പിന്നീട് കള്‍ച്ചര്‍ പ്ലേറ്റില്വച്ച് ഇന്‍ക്യുബേറ്റ് ചെയ്യുകയും ചെയ്തു. കുറച്ച് സമയത്തിന് ശേഷം ഫംഗസിന്റെ കുറേയധികം കോളനികള്‍ കള്‍ച്ചര്‍ പ്ലേറ്റിന് കാണുന്നതാണ് റീലില്‍ ഉള്ളത്.

പണം ദിവസം മുഴുവന്‍ കൈമാറിക്കൊണ്ടിരിക്കുകയാണ്. കടകളില്‍ നിന്നും ബസില്‍ നിന്നും ആശുപത്രികള്‍, ചന്തകള്‍, ഭക്ഷണശാലകള്‍, പച്ചക്കറി വില്‍പ്പനക്കാര്‍, മത്സ്യ-മാംസ വില്‍പ്പനക്കാര്‍ അങ്ങനെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പണം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ പല സ്ഥലങ്ങള്‍ മാറുമ്പോള്‍ ആളുകളുടെ കൈകളില്‍നിന്നും, അഴുക്കില്‍ നിന്നും വിയര്‍പ്പില്‍ നിന്നും ഒക്കെ സൂക്ഷ്മാണുക്കള്‍ പണത്തില്‍ പറ്റിപ്പിടിക്കുന്നു. ഒപ്പം പോക്കറ്റിലും പേഴ്സിലും വയ്ക്കുമ്പോഴുണ്ടാകുന്ന ചൂടുകൂടി ചേര്‍ന്നാല്‍ ഫംഗസുകള്‍ക്കും ബാക്ടീരിയകള്‍ക്കും സുഖമായി വളരാനും കഴിയും. പണം കൈകൊണ്ട് തൊട്ട ശേഷം കൈകള്‍ കഴുകാതെ മുഖത്തും കണ്ണിലും തൊടുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമ്പോള്‍ എത്രത്തോളം അണുക്കളാണ് നിങ്ങളുടെ ശരീരത്തില്‍ എത്തുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കാലക്രമേണ ഇത് ചര്‍മ്മത്തിലും നഖത്തിലും രോഗങ്ങള്‍ ഉണ്ടാക്കുകയും ചില സന്ദര്‍ഭങ്ങളില്‍ പ്രതിരോധശേഷി കുറവുള്ള ആളുകളില്‍ കൂടുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

അണുക്കളുണ്ട് എന്നുകരുതി പണം ഉപേക്ഷിക്കാന്‍ സാധിക്കില്ലല്ലോ. വ്യത്തിയില്ലാത്ത പല വസ്തുക്കള്‍ക്കും നമ്മുടെ ശരീരത്തിലും ഇടയിലുള്ള ഒരു പാലംപോലെയാണ് നമ്മുടെ കൈകള്‍. അതുകൊണ്ട് കൈകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
Content Highlights: If you keep money in your pocket or purse, you should definitely know this.