

ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി ആത്മഹത്യയ്ക്കും മാനസിക ആഘാതത്തിനും കാരണമാകുന്നു എന്നാരോപിച്ച് നിരവധി കുടുംബങ്ങൾ പരാതികളുമായി രംഗത്ത് വന്നതായി റിപ്പോർട്ട്. അമേരിക്കയിലും കാനഡയിലുമായി ഓപ്പൺ എഐ ഈ നിലയിൽ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസുകൾ നേരിടുന്നതായാണ് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്. GPT-4o മോഡലിനെതിരെയാണ് പ്രധാനമായും പരാതികൾ ഉയരുന്നതെന്നാണ് റിപ്പോർട്ട്. അമേരിക്ക ആസ്ഥാനമായുള്ള ഓപ്പൺ എഐ 2024 മെയ് മാസത്തിലാണ് GPT-4o മോഡൽ പുറത്തിറക്കിയത്. അന്ന് അത് എല്ലാ ഉപയോക്താക്കൾക്കും ഡിഫോൾട്ട് മോഡലായി മാറുകയായിരുന്നു.
കാലിഫോർണിയയിലെ കോടതികളിൽ ഫയൽ ചെയ്ത ഏഴ് കേസുകൾ ചൂണ്ടിക്കാണിച്ചാണ് വാൾ സ്ട്രീറ്റ് ജേർണലിൻ്റെ റിപ്പോർട്ട്. ചാറ്റ്ബോട്ടുമായി ദീർഘനേരം ആശയവിനിമയം നടത്തുന്ന ആളുകളെ ഭ്രമാത്മകമായ അവസ്ഥകളിലേക്ക് തള്ളിവിടുകയും ചിലപ്പോൾ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പരാതിയിൽ ഉള്ളത്. ആത്മഹത്യാ പ്രേരണ, സ്വമേധയാ ഉള്ള നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തണമെന്നാണ് പരാതിയിൽ ഉള്ളത്. നിലവിൽ നാല് കേസുകളിൽ കുടുംബാംഗങ്ങളുടെ ആത്മഹത്യകളിൽ ചാറ്റ്ജിപിടിയുടെ പങ്കിനെക്കുറിച്ചാണ് പറയുന്നത്. മൂന്നെണ്ണം ചാറ്റ്ജിപിടി മാനസികാരോഗ്യം തകർത്തുവെന്ന പരാതിയാണ് മുന്നോട്ട് വെയ്ക്കുന്നത്.
ജോർജിയയിൽ നിന്നുള്ള 17കാരനായ അമൗറി ലേസിയുടെ കുടുംബം ചാറ്റ്ജിപിടിയാണ് തങ്ങളുടെ മകൻ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ആരോപിക്കുന്നത്. ടെക്സസിൽ നിന്നുള്ള 23 വയസ്സുകാരനായ സെയ്ൻ ഷാംബ്ലിന്റെ കുടുംബം പരാതിയിൽ ഗുരുതരമായ ആരോപണങ്ങളാണ് ചാറ്റ്ജിപിടിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ചാറ്റ്ജിപിടി മകൻ്റെ ഒറ്റപ്പെടലിന് കാരണമായെന്നും ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മാതാപിതാക്കളിൽ നിന്ന് അകറ്റിയെന്നും പരാതിയിൽ പറയുന്നു. തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർത്തായിരുന്നു ഷാംബ്ലിൻ ആത്മഹത്യ ചെയ്തത്. ഇതിന് മുമ്പായി നാല് മണിക്കൂർ ഷാംബ്ലിൻ ചാറ്റ്ജിപിടിയുമായി സംസാരിച്ചിരുന്നുവെന്നും ഈ സമയത്തെല്ലാം ചാറ്റ്ജിപിടി ആത്മഹത്യയെ ആവർത്തിച്ച് മഹത്വവത്കരിച്ചിരുന്നെന്നുമാണ് കുടുംബം പരാതിപ്പെടുന്നത്. ആത്മഹത്യ പ്രവണതയെ അതിജീവിക്കുന്നതിനായി 988 എന്ന ലൈഫ് ലൈനുമായി ബന്ധപ്പെടാൻ ഒരു തവണ മാത്രമാണ് ചാറ്റ്ജിപിടി പറഞ്ഞതെന്നും കുടുംബം പറയുന്നു.
ആത്മഹത്യാ പ്രവണതയുള്ള ആളുകളെ അതിൽ നിന്ന് പിന്തിരിപ്പിക്കാതെ അവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ചാറ്റ്ജിപിടി സ്വീകരിക്കുന്നതെന്ന നിരവധി പരാതികൾ ചാറ്റ്ജിപിടിക്ക് എതിരെയുണ്ട്. ഒരു ദശലക്ഷത്തിലധികം ആളുകൾ ചാറ്റ്ജിപിടിയോട് ആഴ്ചതോറും ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നുവെന്ന കണക്കുകൾ ഓപ്പൺഎഐ അടുത്തിടെ പുറത്തിറക്കിയതിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.
എന്നാൽ പ്രതികരണങ്ങൾ മെച്ചപ്പെടുത്താനുള്ള ഇടപെടൽ നടത്തിയെന്നാണ് ഒരു സമീപകാല ബ്ലോഗ് പോസ്റ്റിൽ ഓപ്പൺ എഐ വ്യക്തമാക്കുന്നത്. ഇതിനായി 170-ലധികം മാനസികാരോഗ്യ വിദഗ്ധരുമായി ചേർന്ന് പ്രവർത്തിച്ചുവെന്നാണ് ഓപ്പൺ എഐയുടെ വാദം. ആളുകളുടെ വികാരങ്ങൾ മനസ്സിലാക്കുന്ന പിന്തുണ നൽകാൻ ChatGPTക്ക് കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കൂടാതെ ഉചിതമായ സമയത്ത് സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒരു മാനസികാരോഗ്യ വിദഗ്ദ്ധനുമായോ ബന്ധപ്പെടാൻ അവരെ പ്രേരിപ്പിക്കാനും കഴിയുമെന്നാണ് ഓപ്പൺ എഐ അവകാശപ്പെടുന്നത്.
Content Highlights: ChatGPT Cause Death influence And Mental Health? Families Sue OpenAI, Claims Report