പാക് ഭരണകൂടത്തിൽ അസം മുനീർ പിടിമുറുക്കുന്നു;സൈന്യത്തിന് മേൽക്കൈ നൽകുന്ന ഭരണഘടനാ ഭേദഗതിക്ക് നീക്കം: റിപ്പോർട്ട്

കരസോനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീ‍ർ പാകിസ്താൻ ഭരണസംവിധാനത്തിൽ പിടിമുറുക്കുന്നുവെന്ന റിപ്പോർ‌ട്ടിനെ അടിവരയിടുന്നതാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ

പാക് ഭരണകൂടത്തിൽ അസം മുനീർ പിടിമുറുക്കുന്നു;സൈന്യത്തിന് മേൽക്കൈ നൽകുന്ന ഭരണഘടനാ ഭേദഗതിക്ക് നീക്കം: റിപ്പോർട്ട്
dot image

പാകിസ്താൻ ഭരണഘടനാ ഭേദ​ഗതിക്കൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. കരസോനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീ‍ർ പാകിസ്താൻ ഭരണസംവിധാനത്തിൽ പിടിമുറുക്കുന്നുവെന്ന റിപ്പോർ‌ട്ടിനെ അടിവരയിടുന്നതാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. സൈന്യത്തിന് കൂടുതൽ അധികാരം നൽകാൻ ലക്ഷ്യമിടുന്നതാണ് പുതിയ ഭരണഘടനാ ഭേദ​ഗതിയെന്നാണ് റിപ്പോർട്ട്. സായുധ സേനയുടെ കമാൻഡുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട മാറ്റങ്ങൾ ഉൾപ്പെടുന്ന 27-ാമത് ഭരണഘടനാ ഭേദഗതി ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ഷെഹ്ബാസ് ഷെരീഫ് സർക്കാർ സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്. പാകിസ്താൻ ഭരണകൂടത്തിൽ അസിം മുനീറിൻ്റെ ഉരുക്കി മുഷ്ടി കൂടുതൽ ദൃഢപ്പെടുത്തുന്നതാവും ഈ നീക്കമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

മെയ് മാസത്തിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ കരസേനാ മേധാവി മുനീറിനെ ഫീൽഡ് മാർഷലായി നിയമിച്ചിരുന്നു. അതിന് പിന്നാലെ പാകിസ്താൻ്റെ ഭരണം നിയന്ത്രിക്കുന്നതിലെ അദൃശ്യ ശക്തിയായി മുനീർ മാറിയെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. വൈറ്റ്ഹൗസിലെത്തി ട്രംപുമായി അസം മുനീർ നേരിട്ട് കൂടിക്കാഴ്ച നടത്തിയത് വാർത്തയായിരുന്നു. വിവിധ ചർച്ചകളുടെ ഭാ​ഗമായുള്ള പാകിസ്താൻ്റെ പ്രതിനിധി സംഘത്തിൻ്റെ ഭാ​ഗമായി നിർണ്ണായക നീക്കങ്ങൾക്കും അസം മുനീർ ചുക്കാൻ പിടിച്ചിരുന്നു. 'പ്രിയപ്പെട്ട ഫീൽഡ് മാർഷൽ' എന്ന വിശേഷണത്തോടെ ട്രംപ് അസിം മുനീറിനെ പ്രകീർത്തിച്ചതും തലക്കെട്ടുകളിൽ ഇടംപിടിച്ചിരുന്നു.

പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ തലവൻ ബിലാവൽ ഭൂട്ടോയുടെ ട്വീറ്റിന് പിന്നാലെയാണ് പാകിസ്താൻ്റെ 27-ാം ഭരണഘടനാ ഭേദ​ഗതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. ഭരണഘടനാ ഭേദ​ഗതിക്ക് പിന്തുണ തേടി സർക്കാർ തന്നെ സമീപിച്ചുവെന്നായിരുന്നു ബിലാവലിൻ്റെ ട്വീറ്റ്. പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറും ഭരണഘടനാ ഭേദ​ഗതി സംബന്ധിച്ച റിപ്പോർട്ടുകൾ ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു. പാകിസ്താൻ പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിൽ സംസാരിക്കവെയായിരുന്നു ദാറിൻ്റെ പ്രതികരണം. സർക്കാർ അത് കൊണ്ടുവരുന്നുണ്ട്, കൊണ്ടുവരും… 27-ാം ഭേദഗതി വരും… വരാൻ പോകുന്നു. തത്വങ്ങൾക്കും നിയമങ്ങൾക്കും ഭരണഘടനയ്ക്കും അനുസൃതമായി ഞങ്ങൾ അത് അവതരിപ്പിക്കാൻ ശ്രമിക്കും എന്നായിരുന്നു ദാ‍ർ പറഞ്ഞത്. ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ സർക്കാർ ഭരണഘടന മാറ്റാൻ ശ്രമിക്കുമെന്ന പ്രതിപക്ഷമായ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് പാർട്ടി പ്രകടിപ്പിച്ച ആശങ്കകളെയും ദാർ തള്ളിക്കളഞ്ഞിരുന്നു.

നിർദ്ദിഷ്ട ഭേദഗതികൾ എന്തൊക്കെയാണ്?

27-ാം ഭേദഗതിക്ക് കീഴിലുള്ള നിർദ്ദിഷ്ട മാറ്റങ്ങളിൽ സൈനിക മേധാവിയുടെയും സായുധ സേനയുടെ കമാൻഡിന്റെയും നിയമനത്തെ നിയന്ത്രിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 243ലെ മാറ്റമാണ് പ്രധാനമായും ഉൾപ്പെടുന്നതെന്നാണ് പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭരണഘടനാ കോടതികൾ സ്ഥാപിക്കൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കൽ, എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകളെ പുനഃസ്ഥാപിക്കൽ, ജഡ്ജിമാരുടെ സ്ഥലംമാറ്റം എന്നിവയും നിർദ്ദേശത്തിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഫെഡറൽ വിഭവങ്ങളിൽ പ്രവിശ്യകളുടെ വിഹിതം കുറയ്ക്കാനും വിദ്യാഭ്യാസ, ജനസംഖ്യാ ക്ഷേമ മന്ത്രാലയങ്ങളുടെ നിയന്ത്രണം പ്രവിശ്യാ സർക്കാരുകളിൽ നിന്ന് ഫെഡറൽ സർക്കാരിലേക്ക് മാറ്റാനും ദേശീയ ധനകാര്യ കമ്മീഷന്റെ കീഴിലുള്ള പ്രവിശ്യാ വിഹിതത്തിനുള്ള സംരക്ഷണം അവസാനിപ്പിക്കാനും ഭേദ​ഗതിയിൽ നിർദ്ദേശമുണ്ടെന്നാണ് റിപ്പോർട്ട്.

സെനറ്റിലും നാഷണൽ അസംബ്ലിയിലും (എൻ‌എ) മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഭേദഗതി വെവ്വേറെ പാസാക്കേണ്ടതുണ്ട്. 336 അംഗ നാഷണൽ അസംബ്ലയിൽ 233 അംഗങ്ങളുടെ പിന്തുണയുള്ളതിനാൽ ഭേദ​ഗതി പാസാക്കാൻ സർക്കാരിന് തടസ്സങ്ങളുണ്ടാകില്ല എന്നാണ് വിലയിരുത്തൽ. എന്നാൽ 96 അംഗ സെനറ്റിൽ 61 അംഗങ്ങളുടെ പിന്തുണയാണ് ഭരണപക്ഷത്തിനുള്ളത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാൻ കുറഞ്ഞത് മൂന്ന് പ്രതിപക്ഷ അംഗങ്ങളെങ്കിലും ഭേദ​ഗതിയെ പിന്തുണയ്ക്കേണ്ടതുണ്ട്. മൗലാന ഫസ്‌ലൂർ റഹ്മാന്റെ നേതൃത്വത്തിലുള്ള ജാമിയത്ത് ഉലമ-ഇ-ഇസ്‌ലാം ഫസലിന്റെ പിന്തുണ ഭരണകക്ഷിക്ക് ലഭിച്ചേക്കാമെന്നും റിപ്പോർട്ടുണ്ട്. ഭേദഗതിയെ തന്റെ പാർട്ടി എതിർക്കുമെന്നും ഭരണഘടനയെ നശിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുമെന്നും പി‌ടി‌ഐ നേതാവ് ഹമീദ് ഖാൻ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Pakistan Plans To Amend Constitution Asim Munir To Get Even More Powerful

dot image
To advertise here,contact us
dot image