

മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം ലൈംഗീകാതിക്രമത്തിന് ഇരയായതായി പരാതി. ചൊവ്വാഴ്ച ഷെയിന്‍ബോം പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് സമീപമുള്ള ഒരു പരിപാടിയിലേക്ക് നടന്നു പോകുന്നതിനിടെയാണ് സംഭവം. പോകുന്ന വഴിയെ ആളുകളോട് സംസാരിച്ചും ഷേക്ക്ഹാന്‍ഡ് നല്‍കിയുമാണ് ഷെയിന്‍ബോം റോഡിലൂടെ നടന്നു നീങ്ങിയത്. അതിനിടെയിലാണ് സംഭവം.
ആള്‍കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ ഷെയിന്‍ബോമിന്റെ അടുത്തേക്ക് വന്ന് ആദ്യം അവളുടെ തോളില്‍ കൈവച്ചതിനു ശേഷം അടുത്ത കൈ കൊണ്ട് ഷെയിന്‍ബോമിന്റെ നെഞ്ചിലും ഇടുപ്പിലും സ്പര്‍ശിക്കുകയായിരുന്നു. പിന്നീട് അയാള്‍ അവരുടെ കഴുത്തില്‍ ചുംബിക്കാനും ശ്രമിച്ചു. പിന്നീട് അയാളെ പ്രസിഡന്റിന്റെ സുരക്ഷാ വിഭാഗത്തിലെ ഒരാള്‍ പിടിച്ചുമാറ്റി. അയാള്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി വ്യക്തമാക്കിയ പ്രസിഡൻ്റ് ഇയാൾ മറ്റുസ്ത്രീകളെ ഉപദ്രവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പരാതി നല്‍കിയെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'അവര്‍ ഒരു രാജ്യത്തിന്റെ പ്രസിഡന്റിനോട് ഇത് ചെയ്താല്‍ ആ രാജ്യത്തിലെ മറ്റുസ്ത്രീകള്‍ക്കും എന്ത് സംഭവിക്കാമെന്ന് ചിന്തിക്കാവുന്നതേയുള്ളു, അതുകൊണ്ടു തന്നെ ഈ കുറ്റം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ക്രിമിനല്‍ കുറ്റമാണോ എന്ന് പരിശോധിക്കണം, അങ്ങനല്ലെങ്കില്‍ ഇത് ഒരു ക്രിമിനല്‍ കുറ്റമായി കണക്കാക്കണം, ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ക്കെതിരെ ഒരു ക്യാംപെയ്ൻ തുടങ്ങാന്‍ പോകുന്നു'- ഷെയിന്‍ബോം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുഎന്‍ വിമന്റെ കണക്കുകള്‍ പ്രകാരം 15 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള മെക്‌സിക്കന്‍ സ്ത്രീകളില്‍ 70 ശതമാനവും ജീവിതത്തില്‍ ഒരു തവണയെങ്കിലും ലൈംഗിക പീഡനം അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Man Gropes Mexican President Tries To Kiss Her