

ട്രെയിനില്‍ യാത്രക്കാർ നേരിടുന്ന ദുരിതങ്ങള്‍ തുടർക്കഥയാവുന്നു. യുപിയില്‍ യാത്രക്കാരന് നേരിടേണ്ടി വന്ന ദുരവസ്ഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. IRCTCക്കെതിരെ ഗുരുതരമായ ആരോപണം ഉയർത്തുന്ന ഒരു സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ആന്തമാൻ എക്‌സ്പ്രസില്‍ യാത്ര ചെയ്ത യുവാവ് ഭക്ഷണത്തിന് അധിക തുക ഈടാക്കിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് അതിക്രമം ഉണ്ടായത്. കാറ്ററിംഗുകാരൻ നല്‍കിയ ബില്ലില്‍ ഇരുപത് രൂപ അധികമായിരുന്നു. ഇത് യാത്രക്കാരന്‍ നൽകാന്‍ തയ്യാറായില്ല. തുടർന്ന് കാറ്ററിംഗ് വെന്റർ യുവാവിനെ ബെൽറ്റിന് അടിക്കുകയാണ് ഉണ്ടായത്. സഹയാത്രക്കാർ നോക്കി നിൽക്കുമ്പോഴാണ് സംഭവം. വീഡിയോ വൈറലായതോടെ വലിയ വിമർശനമാണ് റെയിൽവെയ്‌ക്കെതിരെ ഉയരുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ ഇപ്പോഴാണ് പുറത്ത് വന്നത്.
ഉത്തർപ്രദേശിലെ ഝാൻസി സ്റ്റേഷനിലെത്തിയപ്പോഴാണ് ട്രെയിനിൽ മർദനം നടന്നത്. മധ്യപ്രദേശിലെ ബിനാ സ്വദേശിയായ 25കാരൻ നിഹാലിനാണ് ബൽറ്റിന് അടിയേറ്റത്. കുടുംബത്തോടൊപ്പം കത്രയിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവാവ്. ട്രെയിനിൽ നിന്നും വെജിറ്റേറിയൻ താലിയാണ് യുവാവ് ഓർഡർ ചെയ്തത്. ബില്ലായി 130 രൂപയാണ് ഭക്ഷണം കൊണ്ടുവന്നയാൾ നൽകിയത്. എന്നാൽ IRCTC നിശ്ചയിച്ചിരിക്കുന്ന റേറ്റ് 110 ആണെന്ന് യുവാവ് തർക്കിച്ചതോടെ മടങ്ങിപ്പോയ കാറ്ററിംഗ് ജീവനക്കാരൻ തിരിച്ചു വന്നത് ഒരു കൂട്ടം ആളുകളുമായാണ്. പിന്നാലെ ഇവർ യുവാവിനെ മർദിക്കാൻ ആരംഭിച്ചു. ധരിച്ചിരുന്ന ബെൽറ്റ് ഊരിയാണ് കാറ്ററിങുകാരന്‍ യുവാവിനെ മർദിച്ചത്. മറ്റ് യാത്രക്കാർ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ അടിക്കുന്നത് തുടർന്നു.
ഇന്ത്യൻ റെയിൽവെയുടെ കാറ്ററിംഗ് മാഫിയയാണ് ഇതിന് പിന്നിലെന്ന് ആരോപിച്ചാണ് വീഡിയോക്ക് എതിരെ വിമർശനം ഉയരുന്നത്. ട്രെയിനുകളിൽ കാറ്ററിംഗ് വെണ്ടർ എന്ന പേരിൽ മാഫിയെ ഏൽപ്പിച്ചിരിക്കുകയാണ് IRCTC എന്നാണ് പ്രധാന ആരോപണം. ഇന്ത്യൻ റെയിൽവെയെ പോലെ ഇത്രയേറെ ആരോപണ വിധേയമാകുന്ന ഒരു വകുപ്പിനെ കണ്ടിട്ടില്ലെന്നും ആളുകൾ കമന്റ് ചെയ്യുന്നുണ്ട്. ഇത്തരം അതിക്രമങ്ങൾ നിരന്തരം ഉണ്ടാവുന്നതിനാല്‍ സംഭവത്തിൽ കേന്ദ്ര റെയിൽവെ മന്ത്രി ഇടപെടണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്. റെയിൽവെയോ റെയിൽവെ പൊലീസോ നടപടി സ്വീകരിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്നതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Passenger refuses to bay extra, vendor beat him with belt in Andaman Express