'ട്രാഫിക്ക് ജാം സൃഷ്ടിച്ച് ഭൂമിയെ സൂര്യനിൽ നിന്നും രക്ഷിച്ച വ്യാഴം'! കണ്ടെത്തലുമായി ഗവേഷകർ

വ്യാഴം ഇല്ലായിരുന്നെങ്കിൽ ഇന്ന് നമ്മൾക്കറിയാവുന്ന ഭൂമിയും ഉണ്ടാകില്ലായിരുന്നു

'ട്രാഫിക്ക് ജാം സൃഷ്ടിച്ച് ഭൂമിയെ സൂര്യനിൽ നിന്നും രക്ഷിച്ച വ്യാഴം'! കണ്ടെത്തലുമായി ഗവേഷകർ
dot image

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം, നമ്മൾ വ്യാഴം എന്ന് വിളിക്കുന്ന ജൂപ്പിറ്ററാണ് നമ്മളെല്ലാം ഇന്ന് നിലനിൽക്കുന്നതിന് കാരണമെന്നാണ് ഗവേഷകർ പറയുന്നത്. യുഎസിലെ ടെക്‌സാസിലുള്ള റൈസ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് പുത്തന്‍ ഗവേഷണത്തിന് നേതൃത്വം നൽകിയത്. ഗ്രഹങ്ങളിൽ ഭീമനായ വ്യാഴം ആണ് സൗരയൂഥത്തിനുള്ളിലേക്കുള്ള വാതകങ്ങളുടെയും പൊടിപടലങ്ങളുടെയും ഒഴുക്കിനെ തടഞ്ഞത്.

ഇത്തരത്തിൽ പ്രതിരോധിക്കപ്പെട്ട വസ്തുക്കളാണ് ഭൂമി(Earth), ശുക്രൻ(Venus), ചൊവ്വ (Mars) എന്നീ ഗ്രഹങ്ങളായി പിന്നീട് പരിണമിച്ചത്. ഇവയെ സൂര്യനുള്ളിലേക്ക് വലിച്ചെടുക്കപ്പെടേണ്ട സാഹചര്യത്തെയാണ് വ്യാഴത്തിന്റെ(Jupiter) സ്വാധീനം ഇല്ലാതാക്കിയത്. വ്യാഴത്തിന്റെ ഗുരുത്വാകർഷണം മറ്റുള്ള ഗ്രഹങ്ങൾക്ക് സ്ഥിരത നൽകുന്നതിനൊപ്പം സൗരയൂഥത്തിന് കൃത്യമായ ഘടന നൽകാനും സഹായകരമായെന്ന് ഗവേഷകർ പറയുന്നു.

സൗരയൂഥത്തിലെ വളയങ്ങളും വിള്ളലുകളും കൃത്യമായി രൂപപ്പെടാനും ഇവയിലൂടെ പാറകഷ്ണങ്ങളുൾപ്പെടെയുള്ള ഘടനകളുടെ ഉത്പത്തിക്കും വ്യാഴം കാരണമായി. വ്യാഴം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം മാത്രമല്ല, മറിച്ച് സൗരയൂഥത്തിന്റെ മുഴുവൻ വാസ്തുവിദ്യയും സജ്ജീകരിച്ച ഗ്രഹമാണെന്ന് പറയാമെന്നാണ് പഠനത്തിന് നേതൃത്വം വഹിച്ച റൈസ് യൂണിവേഴ്‌സിറ്റിയിലെ എയർത്ത്, എൻവിറോൺമെന്റ് ആൻഡ് പ്ലാനറ്ററി സയൻസ് അസിസ്റ്റന്റ് പ്രൊഫസറായ ആന്‍ഡ്രേ ഇസിഡോറോ പറയുന്നു. വ്യാഴം ഇല്ലായിരുന്നെങ്കിൽ ഇന്ന് നമ്മൾക്കറിയാവുന്ന ഭൂമിയും ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദശലക്ഷം വർഷങ്ങളായുള്ള വ്യാഴത്തിന്റെ ആദ്യ ഘട്ട വളർച്ച സൂര്യന് ചുറ്റുമുള്ള വാതകങ്ങളും പൊടിപടലങ്ങളും അടങ്ങിയ ഭാഗത്തെ എങ്ങനെയെല്ലാം ബാധിച്ചുവെന്ന് ഗവേഷകർ വിശദീകരിക്കുന്നുണ്ട്. ഈ വാതക - പൊടിപടലങ്ങൾക്കിടയിൽ വ്യാഴത്തിന്റെ ഗുരുത്വാകർഷണത്തിന്‍റെ സ്വാധീനത്തില്‍ അലകള്‍ സൃഷ്ടിച്ചു. ഈ അലകള്‍ വളയങ്ങൾ പോലുള്ള ബാൻഡുകൾ സൃഷ്ടിച്ച് കോസ്മിക്ക് ട്രാഫിക്ക് ജാമുണ്ടാക്കിയെന്നുമാണ് ശാസ്ത്രജ്ഞരുടെ വിശദീകരണം. സാന്ദ്രതയേറിയ ഈ വളയങ്ങൾ പൊടിപടലങ്ങളെ ഉൾപ്പെടെ സൂര്യനിലേക്ക് വലിച്ചെടുക്കപ്പെടുന്നത് തടഞ്ഞു. ഇതാണ് പിന്നീട് മറ്റ് ഗ്രഹങ്ങളുടെ സൃഷ്ടിക്ക് കാരണമായത്.

വ്യാഴത്തിന്റെ വളർച്ച, വാതക - പൊടിപടല ഡിസ്‌കിനുള്ളിൽ വലിയ വിള്ളലുകൾ സൃഷ്ടിക്കുകയും ഇത് സൗരയൂഥത്തിന് അകത്തും പുറത്തുമായി രണ്ട് സോണുകളായി തിരിഞ്ഞു. ഇക്കാരണത്താൽ ഇതിനിടയിലുള്ള വസ്തുക്കൾ തമ്മിൽ ഇട കലരാൻ സാധ്യതയില്ലാതെയായി തീർന്നു.

Content Highlights: Jupiter saves Earth from Sun even befote its existence

dot image
To advertise here,contact us
dot image