ബ്രിട്ടനിൽ പിആർ ആണോ ലക്ഷ്യം? എങ്കിൽ ഇന്ത്യക്കാർ അടക്കം ഇനി വിയർക്കും; നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി രാജ്യം

രാജ്യത്തെ പെർമനന്റ് റെസിഡൻസി അഥവാ സ്ഥിര താമസത്തിനുള്ള നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങുകയാണ് യുകെ

ബ്രിട്ടനിൽ പിആർ ആണോ ലക്ഷ്യം? എങ്കിൽ ഇന്ത്യക്കാർ അടക്കം ഇനി വിയർക്കും; നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി രാജ്യം
dot image

ന്ത്യൻ വംശജരടക്കം നിരവധി പേരുടെ സ്വപ്നരാജ്യമാണ് ബ്രിട്ടൻ. വിദ്യാഭ്യാസത്തിനായും ജോലിക്കായും ബ്രിട്ടനിലേക്ക് കുടിയേടുന്നവരുടെ എണ്ണം തീരെ ചെറുതല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാത്രം കുടിയേറുന്ന വിദ്യാർത്ഥികൾ അടക്കമുള്ള ചെറുപ്പക്കാരുടെ എണ്ണത്തിൽ വലിയ വർധനവുമുണ്ടായിട്ടുണ്ട്. ഇന്ത്യയിലെത്തന്നെ സിഖ് വംശജരാണ് ബ്രിട്ടനിൽ ഏറ്റവും കൂടുതലായുള്ളത്.

ഇതിനിടെ രാജ്യത്തെ കുടിയേറ്റത്തെക്കുറിച്ച് ഭരണാധികാരികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കുടിയേറ്റം അനധികൃതമാണെങ്കിൽ അത്തരത്തിലുള്ളവരെ നാടുകടത്തുമെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞിരുന്നു. ഇപ്പോൾ രാജ്യത്തെ പെർമനന്റ് റെസിഡൻസി അഥവാ സ്ഥിര താമസത്തിനുള്ള നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങുകയാണ് യുകെ.

കഴിഞ്ഞ ദിവസം ഹോം സെക്രട്ടറി ഷബാന മഹ്മൂദ് ആണ് ഇക്കാര്യം വീണ്ടും അറിയിച്ചത്. യുകെയിൽ ഇപ്പോഴുള്ള വിദേശ തൊഴിലാളികൾക്ക് രാജ്യത്ത് പിആർ ലഭിക്കാൻ കൂടുതൽ കാത്തിരിക്കണം എന്ന് ഷബാന മഹ്മൂദ് പറഞ്ഞു. നിലവിൽ അഞ്ച് വർഷമെങ്കിലും യുകെയിൽ ജോലി ചെയ്താലേ പിആറിന് അപേക്ഷിക്കാൻ സാധിക്കുമായിരുന്നുള്ളൂ. അതിപ്പോൾ പത്ത് വർഷം ആക്കുകയാണ്. മാത്രമല്ല ഇംഗ്ലീഷ് പ്രാവീണ്യം വർധിപ്പിക്കുകയും സാമൂഹികമായ ഇടപെടലുകൾ നടത്തുകയും വേണം എന്ന നിബന്ധന കൂടി വെക്കുകയാണ്. കാര്യങ്ങൾ കൈവിട്ടുപോകുകയാണ് എന്ന തോന്നൽ ജനങ്ങൾക്കുണ്ട് എന്ന് പറഞ്ഞാണ് നിയമങ്ങൾ കടുപ്പിക്കുമെന്ന് ഷബാന മഹ്മൂദ് വ്യക്തമാക്കിയത്.

അനധികൃത കുടിയേറ്റമാണ് യുകെയെ നിയമങ്ങൾ കടുപ്പിക്കാൻ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി കെയർ സ്റ്റാർമർ അധികാരമേറ്റെടുത്ത ശേഷം അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികൾ കർശനമാക്കിയിരിക്കുകയാണ്. ഡിജിറ്റൽ ഐഡികൾ ഏർപ്പെടുത്തുകയും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുകയും അദ്ദേഹം ചെയ്യുന്നുണ്ട്. അടുത്തിടെ ഇൻഡെഫിനിറ്റ് ലീവ് ടു റിമൈൻ നിർത്തലാക്കുമെന്ന് റീഫോം യുകെ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ വംശജരെ ഈ തീരുമാനം വലിയ തോതിൽ ബാധിക്കാനിടയുണ്ട്. കണക്കുകൾ പ്രകാരം 2024 ഡിസംബർ വരെ മാത്രം 975100 ഇന്ത്യക്കാരാണ് ബ്രിട്ടിടനിൽ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്. 2024ൽ 81463 ഇന്ത്യൻ പൗരന്മാർക്കാണ് ബ്രിട്ടൻ വർക്ക് വിസകൾ നൽകിയത്. ആരോഗ്യ മേഖലയിലും, സ്‌കിൽഡ് മേഖലയിലുമുള്ള തൊഴിൽ വിസകളാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർക്ക് ലഭിച്ചത് എന്ന് കണക്കുകൾ പറയുന്നു. ഇപ്പോൾ പിആറിനുള കാലാവധി നീട്ടാനുള്ള തീരുമാനവും ഇന്ത്യൻ വംശജരെ കാര്യമായി ബാധിക്കും എന്നാണ് കരുതപ്പെടുന്നത്. സാമ്പത്തിക ബാധ്യത വർധിക്കാനും അനിശ്ചിതത്വത്തിനും വരെ ഇത് കാരണമായേക്കാം.

Content Highlights: UK to tight rules for foriegn workers

dot image
To advertise here,contact us
dot image