
സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1 . ആദ്യം ഭാഗത്തേത് പോലെ തന്നെ മിത്തും ആക്ഷനും ത്രില്ലും എല്ലാം കൂടിക്കലർന്നാകും സിനിമ അവതരിപ്പിക്കുക. ചിലരെങ്കിലും കാന്താര ഹിറ്റായതിന് ശേഷമായിരിക്കും റിഷബ് ഷെട്ടി എന്ന നടനെ അറിഞ്ഞു തുടങ്ങിയിരിക്കുക. ഇപ്പോഴിതാ താൻ സിനിമയിൽ എത്തുന്നതിന് മുന്നേ ഒരു പ്രൊഡക്ഷൻ ഹൗസിൽ ഓഫീസ് ബോയ് ആയിരുന്നുവെന്നും നിർമാതാവിന്റെ ഡ്രൈവറായും ജോലി ചെയ്തിരുന്നുവെന്നും പറയുകയാണ് നടൻ. മുംബൈ പ്രമോഷൻ ചടങ്ങിലാണ് നടന്റെ പ്രതികരണം.
'മുംബൈ എനിക്ക് വളരെ സ്പെഷ്യൽ ആയൊരു സ്ഥലമാണ്. 2008ൽ അന്ധേരി വെസ്റ്റിലെ ഒരു പ്രൊഡക്ഷൻ ഹൗസിൽ ഓഫീസ് ബോയ് ആയിരുന്നു ഞാൻ. ഒരു നിർമാതാവിന്റെ ഡ്രൈവറായും ജോലി ചെയ്തു. സിനിമയ്ക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഒരു സിനിമ നിർമിച്ചതിലൂടെ എനിക്ക് ഇത്രയധികം പ്രശസ്തിയും സ്നേഹവും അനുഗ്രഹവും ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ആ പ്രൊഡക്ഷൻ ഹൗസിനടുത്തുള്ള റോഡിൽ വട പാവ് കഴിക്കുമ്പോഴും ഇത്രയും ദൂരം എത്തുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. എല്ലാം നന്ദിയോടെ ഓർക്കുന്നു,' റിഷബ് ഷെട്ടി പറഞ്ഞു.
അതേസമയം, റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ വലിയ മുന്നേറ്റമാണ് സിനിമ അഡ്വാൻസ് ബുക്കിങ്ങിൽ നടത്തുന്നത്. കണക്കുകൾ പ്രകാരം 1.72 കോടി രൂപയാണ് ചിത്രം കേരളത്തിൽ നിന്നും ഇതുവരെ നേടിയത്. മലയാളം, തമിഴ് പതിപ്പുകളാണ് പ്രധാനമായും കേരളത്തിൽ പുറത്തിറങ്ങുന്നത്. സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങിൽ നിലവിൽ കേരളം രണ്ടാം സ്ഥാനത്താണ്. കർണാടകയിൽ നിന്ന് ചിത്രം ഇതുവരെ നേടിയത് 8.37 കോടിയാണ്. എന്നാൽ തമിഴ് നാട്ടിൽ നിന്നും 84 ലക്ഷം മാത്രമാണ് സിനിമയ്ക്ക് ഇതുവരെ നേടാനായത്. കേരളത്തിൽ വലിയ ഓപ്പണിങ് കാന്താര നേടുമെന്നാണ് കണക്കുകൂട്ടൽ. കന്നഡയില്‍- 1,317 ഹിന്ദി- 3703, തെലുങ്ക്- 43, തമിഴ്- 247, മലയാളം- 885 എന്നിങ്ങനെ 6,195 പ്രദര്‍ശനങ്ങളാണ് ഷെഡ്യൂള്‍ ചെയ്‍തിരിക്കുന്നത്.
മലയാളികളുടെ പ്രിയതാരം ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റിഷഭ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ഒരുങ്ങുന്നതിനാൽ പ്രതീക്ഷകൾ വാനോളമാണ്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്തും. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.
കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. ഏറെ പ്രതീക്ഷയോടെയാണ് കാന്താര: ചാപ്റ്റര്‍ 1-നായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. 150 കോടി ബഡ്ജറ്റിലാണ് കാന്താര ചാപ്റ്റർ 1 ഒരുങ്ങുന്നത്. പി ആർ ഒ. മഞ്ജു ഗോപിനാഥ്,ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് ബ്രിങ് ഫോർത്ത്.
Content Highlights: Rishabh Shetty says he worked as a producer's driver and production boy