25 പേർ ഒന്നിച്ചൊരു വീട്ടിൽ; അമേരിക്കൻ റിയാലിറ്റി ഷോയിലൂടെ പ്രശസ്തരായ പട്മാൻ ഫാമിലിയെ തേടിയെത്തി ദുരന്തം

കുടുംബാംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവെക്കുകയായിരുന്നു

25 പേർ ഒന്നിച്ചൊരു വീട്ടിൽ; അമേരിക്കൻ റിയാലിറ്റി ഷോയിലൂടെ പ്രശസ്തരായ പട്മാൻ ഫാമിലിയെ തേടിയെത്തി ദുരന്തം
dot image

25 കുടുംബാംഗങ്ങള്‍ ഒന്നിച്ച് താമസിക്കുന്ന ഒരു വീട്, അവരുടെ ജീവിതം പറയുന്ന ഒരു റിയാലിറ്റി ഷോ. അമേരിക്കയില്‍ ഏറെ കാഴ്ചക്കാരെ സ്വന്തമാക്കിയ പട്മാന്‍ ഫാമിലിയില്‍ ഉണ്ടായ ദുരന്തം ഏവരെയും
ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. മീറ്റ് ദ പട്മാന്‍ ഫാമിലി എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തരായ പട്മാന്‍ കുടുംബത്തിലേക്ക് വാഹനാപകടത്തിന്റെ രൂപത്തിലാണ് ദുരന്തം എത്തിയത്.

കുടുംബത്തിലെ എട്ട് അംഗങ്ങളുമായി സഞ്ചരിച്ച ജീപ്പിലേക്ക് ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. പട്മാന്‍ കുടുംബത്തിലെ കാരണവരായ ബില്‍ പട്മാനും(പപ്പാ പട്മാന്‍) ഭാര്യ ബാര്‍ബും(നീനേ) മരുമകളായ മേഗനും അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ജീപ്പിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരും പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മിഷിഗണില്‍ വെച്ചാണ് അപകടമുണ്ടായത്.

അപകടത്തെ കുറിച്ച് കുടുംബം അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. 'വാഹനാപകടത്തില്‍ പപ്പായെയും നീനേയും മേഗനെയും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. അവര്‍ ദൈവത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ്,' പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ജീപ്പില്‍ അങ്കിള്‍ ബ്ലേക്കും മക്കളായ ലുലു, അലേന, നോവ അനന്തരവളായ ജിയ എന്നിവരും ഉണ്ടായിരുന്നു. അവരെല്ലാം ആരോഗ്യത്തോടെ തിരിച്ചുവരാനായി പ്രാര്‍ത്ഥിക്കണമെന്നും ഇവര്‍ പങ്കുവെച്ച കുറിപ്പിലുണ്ട്. തങ്ങള്‍ ഏറെ ദുഖകരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും അതുകൊണ്ട് തന്നെ ഫോളോവേഴ്‌സ് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അപകടം എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

2017ലാണ് ടിഎല്‍സിയുടെ 'മീറ്റ് ദ പട്മാന്‍ ഫാമിലി' എന്ന റിയാലിറ്റി ഷോയിലൂടെ ഇവര്‍ ടെലിവിഷന്‍ രംഗത്തേക്ക് കടന്നുവരുന്നത്. ബില്‍ പട്മാനും കുടുംബവും അവരുടെ ബന്ധുക്കളും അടക്കം 25 പേര്‍ ഒരു വീട്ടില്‍ താമസിക്കുന്നതും അവരുടെ ദൈനംദിന ജീവിതവുമായിരുന്നു ഈ റിയാലിറ്റി ഷോയില്‍ ഉണ്ടായിരുന്നത്.

ഇപ്പോഴും കൂട്ടുകുടുംബ രീതിയില്‍ ജീവിക്കുന്ന ഈ ഫാമിലി അമേരിക്കന്‍ ജനതയ്ക്കിടയില്‍ വലിയ കൗതുകം ഉണ്ടാക്കിയിരുന്നു. ആറ് എപ്പിസോഡ് ഉണ്ടായിരുന്ന ഈ റിയാലിറ്റി ഷോയിലൂടെ പട്മാന്‍ ഫാമിലി നിരവധി കാഴ്ചക്കാരെ നേടി.

പിന്നീട് 2021ല്‍ പട്മാന്‍ ഫാമിലി തന്നെ യൂട്യൂബിലൂടെ റിയാലിറ്റി ഷോ പുനരാരംഭിച്ചു. ഗ്രോയിങ് അപ് പട്മാന്‍ എന്നായിരുന്നു ഇതിന്റെ പേര്. 2024 ജനുവരിയിലാണ് ഈ ചാനലിലെ അവസാന വീഡിയോ വന്നത്.

Content Highlights: Tragic accident happen at famous reality show team Putman's family

dot image
To advertise here,contact us
dot image