ലോക കണ്ടു, ഞാന്‍ മനസില്‍വെച്ചിരുന്ന കഥയല്ലേ അടിച്ചോണ്ടുപോയത്, ഇനി കല്യാണിയുടെ കാലമാണ്: വിനയൻ

'ലോകയുടെ വിജയത്തില്‍ സന്തോഷമുണ്ട്. ലോക പോലെയുള്ള സിനിമകളുടെ കാലമാണ് ഇനി വരാന്‍ പോകുന്നത്'

ലോക കണ്ടു, ഞാന്‍ മനസില്‍വെച്ചിരുന്ന കഥയല്ലേ അടിച്ചോണ്ടുപോയത്, ഇനി കല്യാണിയുടെ കാലമാണ്: വിനയൻ
dot image

കല്യാണി പ്രിയദർശൻ ചിത്രം ലോകയെ അഭിനന്ദിച്ച് സംവിധായകൻ വിനയൻ. ലോകയുടെ വിജയത്തില്‍ സന്തോഷമുണ്ടെന്നും ലോക പോലെയുള്ള സിനിമകളുടെ കാലമാണ് ഇനി വരാന്‍ പോകുന്നത് എന്നും വിനയൻ പ്രതികരിച്ചു. ഇനി കുറച്ചുകാലത്തേക്ക് കല്യാണിയുടെ കാലമായിരിക്കും എന്നും വിനയൻ പറഞ്ഞു.

ചിത്രം കണ്ടോ എന്ന ചോദ്യത്തിന് 'ഞാന്‍ മനസില്‍വെച്ചിരുന്ന കഥയല്ലേ അടിച്ചോണ്ടുപോയത്' എന്നായിരുന്നു ആദ്യം വിനയൻ തമാശരൂപേണ പ്രതികരിച്ചത്. ''ലോകയുടെ വിജയത്തില്‍ സന്തോഷമുണ്ട്. ലോക പോലെയുള്ള സിനിമകളുടെ കാലമാണ് ഇനി വരാന്‍ പോകുന്നത്. പഴയകാലത്തെ ഹൊറര്‍ കണ്‍സെപ്റ്റ് മാറി. ഇങ്ങനെ ഒരെണ്ണംചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികളെവെച്ച് ചെയ്യുമ്പോള്‍ സൂപ്പര്‍സ്റ്റാറുകളുടെ പുറകേ പോവാതെ ചെയ്യാന്‍ പറ്റും. അതിലിപ്പോള്‍ ഒരെണ്ണം അടിച്ചുമാറ്റികഴിഞ്ഞു. ഞാന്‍ ഇനി വേറൊരെണ്ണമുണ്ടാക്കും. എന്റെ മനസില്‍ ഞാന്‍ കണ്ടിരുന്നതുപോലെയൊരു സബ്ജക്റ്റാണ് ലോക. കല്യാണിയുടെ കാലമായിരിക്കും ഇനി കുറച്ചുകാലത്തേക്ക് എന്ന് തോന്നുന്നു', വിനയന്റെ വാക്കുകൾ.

അതേസമയം, ബോക്സ് ഓഫീസിൽ ലോക കുതിപ്പ് തുടരുകയാണ്. കേരളത്തിൽ മോഹൻലാൽ ചിത്രമായ തുടരുമിനെ മറികടന്ന് ഒന്നാം സ്ഥാനം നേടാൻ ലോകയ്ക്ക് ഇനി വേണ്ടത് വെറും അഞ്ച് കോടി മാത്രമാണ്. നിലവിൽ ലോക കേരളത്തിൽ നിന്നും ഇതുവരെ നേടിയത് 114 കോടി രൂപയാണ്. തുടരുമാകട്ടെ 119 കോടി സ്വന്തമാക്കിയിട്ടാണ് കേരളക്കര വിട്ടത്. കേരള മാർക്കറ്റിൽ നിന്നും ഒരു മലയാളം സിനിമ നേടിയ ഏറ്റവും ഉയർന്ന കളക്ഷനും ഇതോടെ തുടരുമിന്റെ പേരിലായി. ഈ റെക്കോർഡാണ് ഇപ്പോൾ ലോക തകർക്കാൻ ഒരുങ്ങുന്നത്. മികച്ച കളക്ഷനുമായി ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുന്ന ലോക വരും ദിവസങ്ങളിൽ ഈ മോഹൻലാൽ സിനിമയെ മറികടക്കും എന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.

അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

Content Highlights: director Vinayan about Lokah

dot image
To advertise here,contact us
dot image