Top

കേന്ദ്ര ബജറ്റ് ഇന്ന്; തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുളള ജനപ്രിയ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് രാജ്യം

കൊവിഡ് കാലത്തെ കുട്ടികളുടെ പഠനച്ചെലവിനും, മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ചിലവിടുന്ന പണത്തിനും അലവൻസ് പ്രതീക്ഷിക്കുന്നുണ്ട്.

1 Feb 2022 3:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേന്ദ്ര ബജറ്റ് ഇന്ന്; തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുളള ജനപ്രിയ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് രാജ്യം
X

രാജ്യത്ത് ഈ വർഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് 11 മണിക്ക് അവതരിപ്പിക്കും. ബജറ്റിൽ ആദായ നികുതിയിളവ് പ്രഖ്യാപിക്കുമെന്നാണ് സൂചന. അ‍ഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ട് ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുളള പ്രഖ്യാപനങ്ങളും ഉണ്ടായേക്കും.

ധനമന്ത്രി നിർമ്മല സീതാരാമന്റെ നാലാം ബജറ്റ് അവതരണമാണ് ഇന്ന്. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുളള ചെലവ് ഉയർത്താൻ സാധ്യതയുണ്ടെന്നാണ് വിധ​ഗ്ദരുടെ അഭിപ്രായം. അതേസമയം, കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങളെ കരകയറ്റാനുളള പദ്ധതികൾ കൊണ്ടുവരുമെന്നതിൽ വലിയ പ്രതീക്ഷയില്ലെന്നും സാമ്പത്തിക വിധ​ഗ്ദർ വ്യക്തമാക്കി.

പത്ത് പ്രതീക്ഷകളാണ് രാജ്യം ഇത്തവണത്തെ ബജറ്റിലൂടെ പ്രതീക്ഷിക്കുന്നത്,

  • കൊവിഡ് മൂലം രൂക്ഷ പ്രതിസന്ധിയിലായ സാമ്പത്തിക മേഖലയെ ത്വരിതപ്പെടുത്താനുളള പ്രഖ്യാപനങ്ങൾ ഇത്തവണത്തെ ബജറ്റിലുണ്ടായേക്കും.
  • അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഊന്നൽ.
  • 700 ​ഗ്രാമങ്ങളെ കയറ്റുമതി ഹബ്ബുകളാക്കുന്ന പദ്ധതി.
  • റിയൽ എസ്റ്റേറ്റ് മേഖലയിൽ നികുതിയിളവ്.
  • പിഎഫ് നിക്ഷേപ പരിധി ഉയർത്തിയേക്കും.
  • എംഎസ്എംഇ മേഖലയുടെ പുരോ​ഗതിക്കായി ഇടപെടൽ.
  • പ്രധാനമന്ത്രി കിസാൻ നിധിയിലെ തുക വർധിപ്പിച്ചേക്കും.
  • ക്രിപ്റ്റോകറൻസിയുടെ നിയമസാധുതയിൽ വ്യക്തത വരുത്തിയേക്കും.
  • വാഹന വ്യവസായ മേഖലയ്ക്ക് സഹായം നൽകിയേക്കും.
  • ആദായ നികുതി സ്ലാബുകളിൽ നേരിയ വ്യത്യാസത്തിന് സാധ്യത.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും പേപ്പർ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. കൊവിഡ് കാലത്ത് സാധാരണമായി മാറിയ വർക്ക് അറ്റ് ഹോം രീതിക്ക് അലവൻസുകൾ അനുവദിക്കുമെന്ന വാർത്തകൾ വരുന്നുണ്ട്.

കൊവിഡ് കാലത്തെ കുട്ടികളുടെ പഠനച്ചെലവിനും, മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ചിലവിടുന്ന പണത്തിനും അലവൻസ് പ്രതീക്ഷിക്കുന്നുണ്ട്. പഞ്ചാബ് ഉൾപ്പെടെ കർഷകർ ഏറെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെര‍ഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കാർഷിക മേഖലക്ക് കൂടുതൽ പണം അനുവദിക്കാനും സാധ്യതയുണ്ട്.

ക്ഷേമ പദ്ധതികള്‍ക്കൊപ്പം സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍, ഘടനാപരമായ പരിഷ്കാരങ്ങള്‍ എന്നിവ ബജറ്റിലുണ്ടായേക്കും. വലിയ പ്രതീക്ഷയോടെയാണ് വ്യവസായ ലോകം ഇത്തവണത്തെ ബജറ്റിനെ നോക്കികാണുന്നത്. രാജ്യത്തെ ജി‍ഡിപിയുടെ കുതിപ്പും നികുതി വരുമാനവും വലിയ പ്രഖ്യാപനങ്ങള്‍ക്ക് സർ‍ക്കാരിന് കരുത്ത് പകരുന്നതാണ്.

Next Story