Top

ബിബിസി ഡോക്യുമെൻ്ററി പ്രദർശനം; ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് നേരെ കല്ലേറ്

കല്ലേറിൽ പലർക്കും പരുക്കേറ്റതായാണ് വിവരം

25 Jan 2023 1:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിബിസി ഡോക്യുമെൻ്ററി പ്രദർശനം; ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് നേരെ കല്ലേറ്
X

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' പ്രദർശനം നടത്തിയതിനു പിന്നാലെ ജെഎന്‍യു ക്യാമ്പസിൽ സംഘർഷാവസ്ഥ. ഇന്നലെ രാത്രിയിൽ നടത്തിയ പ്രദർശനത്തെ തുടർന്ന് വിദ്യാർത്ഥികൾക്ക് നേരെ കല്ലേറ് ഉണ്ടാവുകയായിരുന്നു. എബിവിപി പ്രവർത്തകരാണ് കല്ലേറ് നടത്തിയതെന്നാണ് ആരോപണം. ഡോക്യുമെന്ററിയുടെ പ്രദർശനം തടയാൻ സർവകലാശാലാ ഭരണകൂടം വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളിലും ലാപ്ടോപുകളിലുമായി ഡോക്യുമെന്ററി കാണുകയായിരുന്നു. പ്രദർശനത്തിനു പിന്നാലെ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് കല്ലേറുണ്ടായത്. കല്ലേറിൽ പലർക്കും പരുക്കേറ്റതായാണ് വിവരം.

അതേസമയം ക്യാമ്പസിൽ കല്ലേറുണ്ടായെന്ന വാർത്ത ഡൽഹി പൊലീസ് നിഷേധിച്ചു. അത്തരത്തിൽ ഒരു സംഭവം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡിസിപി മനോജ് സി മാധ്യമങ്ങളോട് പറഞ്ഞു. ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശനം നടത്തുന്നതിനായി അധികൃതർ അനുമതി നൽകിയിട്ടില്ല. ഡോക്യുമെന്ററിയുടെ പ്രദർശനം സർവകലാശാലാ കാമ്പസിന്റെ സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദർശനം നിഷേധിച്ചത്. വിദ്യാർത്ഥികൾക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർവകലാശാലാ ഭരണകൂടം ഭീഷണിപ്പെടുത്തിയിരുന്നു.

'2023 ജനുവരി 24ന് രാത്രി 9 മണിക്ക് 'ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുമെന്ന് ഒരു കൂട്ടം വിദ്യാർഥികൾ ജെഎൻയുവിൻ്റെ പേരിൽ ഒരു ലഘുലരഖ പുറത്തിറക്കിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ പരിപാടിക്ക് ജെഎ.യു അധികൃതരിൽനിന്ന് അനുമതി വാങ്ങിയിട്ടില്ല. ഇത്തരമൊരു അനധികൃത പ്രവർത്തനം യൂണിവേഴ്‌സിറ്റി ക്യാമ്പസിന്റെ സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തും. വിദ്യാർത്ഥികൾ എത്രയും പെട്ടന്ന് പരിപാടി റദ്ദാക്കണം. അല്ലെങ്കിൽ യൂനിവേഴ്‌സിറ്റി നിയമ പ്രകാരം അച്ചടക്ക നടപടി നേരിടേണ്ടിവരും' എന്നാണ് രജിസ്ട്രാർ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.

Story Highlights: Stones Thrown At JNU Students Watching BBC Series On PM Modi

Next Story