'പ്രാദേശിക ദൈവങ്ങളെ കൂട്ടുപിടിക്കണം, മുസ്ലിംങ്ങള്ക്കെതിരെ വിദ്വേഷം പറയരുത്'; തമിഴ്നാട്ടില്‍ പിടിച്ചുകയറാന്‍ തലപുകച്ച് ബിജെപി
2024-ലെ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ കുറഞ്ഞത് 20 ശതമാനമെങ്കിലും വോട്ടുകള്‍ പിടിക്കണമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്
24 Oct 2022 5:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചെന്നൈ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ തമിഴ്നാട്ടില്‍ വ്യക്തമായ സ്വാധീനം സൃഷ്ടിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. 2014ലും 2019ലും രാജ്യം മുഴുവന്‍ മോദി അനുകൂല തരംഗം അലയടിച്ചപ്പോഴും തമിഴ്നാട് ബിജെപിക്ക് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. കേന്ദ്രത്തിന് അനുകൂല സാഹചര്യം സംസ്ഥാനത്ത് രൂപപ്പെട്ടുവരുന്നുവെന്ന് പ്രാദേശിക നേതാക്കള്‍ പറയുന്നു.
സംസ്ഥാനത്തി നിലവില്‍ പാര്‍ട്ടിക്കുണ്ടായിരിക്കുന്ന സ്വാധീനം എല്ലാ ജാതി വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് ഡിഎംകെയ്ക്കെതിരെ നടത്തിയ പ്രചാരണത്തിലൂടെ ഉണ്ടാക്കിയതാണെന്നാണ് നേതാക്കളുടെ വാദം. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ പാര്‍ട്ടിക്ക് വലിയ നേട്ടമുണ്ടാകുമെന്നും കണക്കുകൂട്ടുന്നുണ്ട്.
കഴിഞ്ഞ ഒരു മാസത്തിലേറെയായി കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനത്ത് നടത്തി വരുന്ന പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ എല്ലാതുറകളില്‍ നിന്നുമുള്ളവരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ചെന്നൈ മൈലാപ്പൂരിലുള്ള കച്ചവടക്കാരുമായി കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഭൂപേന്ദര്‍ യാദവ്, പിയുഷ് ഗോയല്‍, സ്മൃതി ഇറാനി തുടങ്ങിയ കേന്ദ്രമന്ത്രിമാരും സംസ്ഥാനത്തെത്തിയിരുന്നു. ഇതെല്ലാം സംസ്ഥാന ബിജെപിക്ക് വലിയ ഗുണമുണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ബിജെപി നയങ്ങള്‍ തമിഴ്നാട് വിരുദ്ധമാണെന്ന ഡിഎംകെ പ്രചാരണം സാധാരണക്കാര്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ പറയുന്നു. 2021ലെ തെരഞ്ഞെടുപ്പും ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. താഴെതട്ടിലുള്പ്പടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങളും, ഇതിനെ കുറിച്ച് സംസാരിക്കാന്‍ കേന്ദ്രമന്ത്രിമാരുള്‍പ്പടെ എത്തുന്നതും ബിജെപിക്ക് ഗുണമായി. 'ഭാഷാ അടിച്ചേല്‍പ്പിക്കല്‍' വിഷയത്തിയത്തില്‍ ഡിഎംകെ നടത്തിയ 'നാടകം' തുറന്നുകാട്ടാന്‍ ഒക്ടോബര്‍ 27ന് തമിഴ്നാട് ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അണ്ണാമലൈ എകണോമിക്സ് ടൈംസിനോട് പറഞ്ഞു.
ഡിഎംകെയുടെ ബിജെപി വിരുദ്ധനയം സംസ്ഥാനത്ത് വിലപോകുന്നില്ലെന്നാണ് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞത്. 'സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും കാണുന്ന കേന്ദ്രനയങ്ങളെ കുറിച്ചുള്ള പോസ്റ്ററുകള്‍ നോക്കൂ, എല്ലാം തമിഴിലാണ്. ഡിഎംകെ പ്രതിഷേധങ്ങള്‍ ഫലംകണ്ടിരുന്നുവെങ്കില് ഇന്ന് എല്ലാ കോളേജ് വിദ്യാര്‍ത്ഥികളും തെരുവിലായിരുന്നേനെ. അതിന് പകരം പാര്‍ട്ടി അനുകൂല സംഘടനകള്‍ മാത്രമാണ് പ്രതിഷേധങ്ങള്ക്കൊപ്പമുള്ളത്', ബിജെപി നേതാവ് പറഞ്ഞു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കൊപ്പമായിരുന്ന സ്ത്രീകളുടെ വലിയൊരു ശതമാനം വോട്ട് ബാങ്കാണ് ബിജെപിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇതിന് സഹായിക്കുമെന്നും സംസ്ഥാന നേതാക്കള്‍ കണക്കൂകൂട്ടുന്നു. സഖ്യകക്ഷിയായ എഐഡിഎംകെയുടെ കാര്യത്തില്‍ തന്ത്രപരമായ സമീപനമാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. മുന്‍മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് എഐഎഡിഎംകെ നേതാക്കളെ യോജിപ്പിച്ച് കൊണ്ടുപോകാന്‍ കഴിയുമോ എന്ന് ബിജെപി നിരീക്ഷിക്കുന്നുണ്ട്.
2024-ലെ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ കുറഞ്ഞത് 20 ശതമാനമെങ്കിലും വോട്ടുകള്‍ പിടിക്കണമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായി തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി തുടങ്ങിയ ഇടങ്ങളില്‍ ശക്തമായ പ്രചാരണ പരിപാടികള്‍ നടത്താന്‍ തീരുമാനമുണ്ട്.
'ജാതി നിക്ഷ്പക്ഷ' പ്രതിച്ഛായ ഉറപ്പാക്കുകയും ഇതിനൊപ്പം തന്നെ പ്രമുഖ ജാതി വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനും ബിജെപി ശ്രമിക്കുന്നുണ്ട്. 2024ല്‍ വരാനിരിക്കുന്ന തേവര് പൂജയും, ജല്ലിക്കെട്ടുമായും ബന്ധപ്പെട്ട് വിപുലമായ രീതിയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.
മൃദു ഹിന്ദുത്വ സമീപനമാണ് തമിഴ്നാട്ടില്‍ ബിജെപിയുടെ നയം. തീവ്രഹിന്ദുത്വ നയങ്ങള്‍ ദോഷം ചെയ്യുമെന്ന് കഴിഞ്ഞ അനുഭവങ്ങള്‍ പാര്‍ട്ടിക്കുണ്ട്. 'ഒരു ഹിന്ദു പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ താല്പര്യമുള്ള സമ്മതിദായകരുണ്ടാകും എന്നാല്‍ മുസ്ലീമുകള്‍ക്കെതിരായ പാര്‍ട്ടിയായി ഇതുമാറുമ്പോള് ഈ വോട്ടുകള്‍ നഷ്ടപ്പെടും', എന്നാണ് ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചത്. 'പ്രാദേശിക ദൈവങ്ങളെ' ഉയര്‍ത്തിക്കാട്ടി ജനങ്ങളെ സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുമതവുമായി ആഴത്തില്‍ ബന്ധമുള്ള സംസ്ഥാനമായി തമിഴ്നാടിനെ അവതരിപ്പിക്കാനാണ് ശ്രമം. പ്രാദേശിക ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പൂജാരിമാരും ക്ഷേത്ര ഭാരവാഹികളുമായും ബന്ധം സ്ഥാപിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്ത് ഒന്നരലക്ഷത്തോളം വരുന്ന പൂജാരിമാരെ സ്വാധീനിക്കാന്‍ സാധിച്ചാല്‍ വലിയ ഗുണമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
Story Highlights: Push for local Gods in BJP's Tamil Nadu plans
- TAGS:
- BJP
- Tamil Nadu
- AIADMK
- DMK
- Narendra Modi