മരത്തിനടിയില്‍പ്പെട്ട യുവാവ് മരിച്ചെന്ന് കരുതി, ജീവനോടെ പുറത്തെടുത്ത് തോളിലേറ്റി പൊലീസ് ഉദ്യോഗസ്ഥ; വൈറല്‍
ശ്മശാനത്തിലെ ജിവനക്കാരനായ ഉദയകുമാറിനെ (28) നാട്ടുകാരാണ് കല്ലറയ്ക്ക് മുകളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
11 Nov 2021 12:27 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചെന്നൈ നഗരത്തില്‍ ടിപി ഛത്രം മേഖലയില്‍ ശ്മശാനത്തിന് സമീപം അബോധവസ്ഥയില്‍ കണ്ടെത്തിയ യുവാവിനെ തോളിലേറ്റി രക്ഷാ പ്രവര്‍ത്തനം നടത്തിയ വനിത ഇന്‍സ്പെക്ടര്‍ രാജേശ്വരിക്ക് അഭിനന്ദന പ്രവാഹം. യുവാവിനെ തോളിലേറ്റി പോകുന്ന രാജേശ്വരിയുടെ ദൃശ്യങ്ങള്‍ ഇതിനകം സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
ശ്മശാനത്തിലെ ജിവനക്കാരനായ ഉദയകുമാറിനെ (28) നാട്ടുകാരാണ് കല്ലറയ്ക്ക് മുകളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കനത്ത മഴയില്‍ മരംവീണപ്പോള്‍ ഇയാള്‍ അടിയില്‍പെടുകയായിരുന്നു. യുവാവ് മരിച്ചെന്ന അനുമാനത്തില്‍ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് രാജേശ്വരിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു.
മരത്തിനടിയില്‍ നിന്ന് പുറത്ത് എടുത്തപ്പോള്‍ യുവാവിന് ജീവനുണ്ടെന്ന് മനസ്സിലാക്കിയ ഇന്‍സ്പെക്ടര്‍ രാജേശ്വരി, ഉടന്‍തന്നെ യുവാവിനെ തോളിലേറ്റി വാഹനം തേടുകയായിരുന്നു. കുറച്ച് ദൂരം നടന്നതിന് ശേഷം ആശുപത്രിയിലേക്കുള്ള ഓട്ടോയില്‍ കയറ്റുന്നത് വരെ രജേശ്വരിയുടെ തോളിലായിരുന്നു യുവാവ്.
2015ലെ വെളളപ്പൊക്കത്തേക്കാള് രൂക്ഷമാണ് ചെന്നൈയില്‍ ഇത്തവണ ഉണ്ടായിട്ടുളളതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതുവരെ പന്ത്രണ്ടോളം പേർക്ക് ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെളളം കയറിയിട്ടുണ്ട്. വെളളക്കെട്ട് രൂക്ഷമായതോടെ നഗരത്തിലെ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.