Top

സ്ത്രീ പ്രാതിനിധ്യമില്ലാതെ ഷിന്‍ഡേ മന്ത്രിസഭ; വിമര്‍ശനം ശക്തം

18 മന്ത്രിമാരുടെ പട്ടികയില്‍ ഒരു വനിതാ നേതാവ് പോലുമില്ല

9 Aug 2022 11:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്ത്രീ പ്രാതിനിധ്യമില്ലാതെ ഷിന്‍ഡേ മന്ത്രിസഭ; വിമര്‍ശനം ശക്തം
X

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ മന്ത്രിസഭാ വികസനത്തില്‍ സ്ത്രീ പ്രാധിനിധ്യമില്ല. മുഖ്യമന്ത്രിയായി ചുമതലയേറ്റ് 41 ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ടംഗ മന്ത്രിസഭ വികസിപ്പിച്ച് 20 അംഗ സഭയായി വിപുലീകരിച്ചത്. കഴിഞ്ഞ ജൂണ്‍ 30നായിരുന്നു ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയത്.

18 മന്ത്രിമാരുടെ പട്ടികയില്‍ ഒരു വനിതാ നേതാവ് പോലുമില്ല. ശിവസേന വിമത സംഘത്തില്‍ നിന്നും ബിജെപിയില്‍ നിന്നും ഒന്‍പത് പേരെ വീതമാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ഗവര്‍ണര്‍ ബി എസ് കോഷ്യാരിയുടെ നേതൃത്വത്തില്‍ ദക്ഷിണ മുംബൈയിലെ രാജ് ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

'മന്ത്രിസഭയില്‍ വനിതാ സംവരണം അനുവദിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. രാജ്യത്തെ ജനസംഖ്യയില്‍ 50 ശതമാനവും സ്ത്രീകളായിരിക്കെയാണ് മഹാരാഷ്ട്രാ മന്ത്രിസഭയില്‍ വനിതാ പ്രതിനിധികള്‍ ഇല്ലാതിരിക്കുന്നത്. ഇത് ബിജെപിയുടെ മനോഭാവമാണ് തുറന്ന് കാട്ടുന്നത്', എന്ന് എന്‍സിപി എംപി സുപ്രിയ സുലെ പറഞ്ഞു.

ഷിന്‍ഡേ സഖ്യത്തിലെ എംഎല്‍എ സഞ്ജയ് റാത്തോഡ് മന്ത്രിസഭയില്‍ അംഗമായതും വിവാദമായിരിക്കുകയാണ്. ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ വനം വകുപ്പ് മന്ത്രിയായിരിക്കെ യുവതിയുടെ ആത്മഹത്യയില്‍ പങ്കുണ്ടെന്ന ആരോപണത്താല്‍ സഞ്ജയ് റാത്തോഡ് രാജി വച്ചിരുന്നു. ഒരാളുടെ മരണത്തിന് ഉത്തരവാദിയായ സഞ്ജയ് റാത്തോഡിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് നിര്‍ഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ചിത്രാ വാഗ് പ്രതികരിച്ചു. ഇതിനെതിരെ പ്രതികരിക്കുമെന്നും ചിത്രാ വാഗ് പറഞ്ഞു.

STORY HIGHLIGHTS: No Women in Eknath Shinde Cabinet Expansion Rises Criticism

Next Story