Top

മങ്കി പോക്സ്; ഡൽഹിയിൽ ഉന്നതതല യോ​ഗം ഇന്ന്

24 July 2022 9:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മങ്കി പോക്സ്; ഡൽഹിയിൽ ഉന്നതതല യോ​ഗം ഇന്ന്
X

ഡൽഹി: കേരളത്തിന് പിന്നാലെ ഡൽഹിയിലും മങ്കിപോക്സ് സ്ഥിരീകിരിച്ച പശ്ചാത്തലത്തിൽ ഉന്നതതല യോ​ഗം വിളിച്ച് കേന്ദ്രം. വിദേശ യാത്ര പശ്ചാത്തലമില്ലാത്തയാൾക്ക് രോ​ഗം സ്ഥിരീകരിച്ചത് ജാഗ്രതയോട് കൂടിയാണ് അധികൃതർ കാണുന്നത്. എങ്ങനെ രോഗം വന്നു, ഡല്‍ഹിയിൽ രോഗ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന കാര്യങ്ങളും യോ​ഗത്തിൽ ചര്‍ച്ചയാകും. ആരോ​ഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്നും വിലയിരുത്തും.

പശ്ചിമ ഡല്‍ഹി സ്വദേശിയായ 34കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പനിയുള്‍പ്പെടെ രോഗ ലക്ഷണങ്ങളുമായി ഡല്‍ഹിയിലെ ലോക് നായക് ആശുപത്രിയില്‍ മൂന്ന് ദിവസം ചികിത്സയിലായിരുന്നു യുവാവ്. തുടര്‍ന്ന് പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് സാമ്പിള്‍ പരിശോധിക്കുകയായിരുന്നു. രോ​ഗം സ്ഥിരീകരിച്ചതോടെ മൗലാന ആസാദ് മെഡിക്കല്‍ കോളേജിൽ യുവാവിനെ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് നേരത്തെ സ്ഥിരീകരിച്ച മൂന്ന് മങ്കിപോക്‌സ് കേസുകളും കേരളത്തിലായിരുന്നു. വിദേശത്തുനിന്നെത്തിയവര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

മങ്കിപോക്‌സ് വ്യാപനം ആഗോള തലത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായി ലോകാരോഗ്യ സംഘടനാ തലവന്‍ ഡോ ടെഡ്രോസ് ഗബ്രിയോയൂസ് പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ആലോചിക്കാനായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സമിതി യോഗം ചേര്‍ന്നിരുന്നു. മെയ് മാസത്തിലാണ് രോഗ വ്യാപനം സ്ഥിരീകരിച്ചത്.

71 രാജ്യങ്ങളിലായി 15,400 മങ്കിപോക്‌സ് കേസുകള്‍ സ്ഥിരീകരിച്ചതായാണ് യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രിവെന്‍ഷന്റെ കണക്ക്. സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതില്ല എന്ന നിലപാടാണ് എടുത്തത്. എന്നാല്‍ വര്‍ദ്ധിച്ചു വരുന്ന കേസുകള്‍ കണക്കിലെടുത്ത് ടെഡ്രോസ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.

STORY HIGHLIGHT: monkey pox; High level meeting in Delhi today

Next Story