Top

'മോഹൻ ഭാ​ഗവത് രാഷ്ട്രപിതാവ്'; വിശേഷിപ്പിച്ച് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവന്‍

കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലുള്ള മസ്ജിദിലെത്തിയാണ് ഉമര്‍ അഹമ്മദ് ഇല്യാസിയുമായി മോഹന്‍ ഭാഗവത് ഇന്ന് കൂടിക്കാഴ്ച നടത്തിയത്

22 Sep 2022 3:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോഹൻ ഭാ​ഗവത് രാഷ്ട്രപിതാവ്; വിശേഷിപ്പിച്ച് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവന്‍
X

ന്യൂഡല്‍ഹി: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവന്‍ ഉമര്‍ അഹമ്മദ് ഇല്ല്യാസി. ഇമാം മേധാവിയുടെ ക്ഷണപ്രകാരമാണ് ആര്‍എസ്എസ് മേധാവി ഡല്‍ഹിയിലെ മദ്രസ തജ്വീദുല്‍ ഖുറാന്‍ സന്ദര്‍ശിച്ചത്. കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലുള്ള മസ്ജിദിലെത്തിയാണ് ഉമര്‍ അഹമ്മദ് ഇല്യാസിയുമായി മോഹന്‍ ഭാഗവത് ഇന്ന് കൂടിക്കാഴ്ച നടത്തിയത്.

'ഞങ്ങളുടെ പിതാവിന്റെ ചരമവാര്‍ഷികത്തില്‍ എന്റെ ക്ഷണപ്രകാരം ഭാഗവത്ജി വന്നത് വളരെ സന്തോഷകരമായിരുന്നു. അദ്ദേഹം രാഷ്ട്രപിതാവും രാഷ്ട്രഋഷിയുമാണ്. അദ്ദേഹത്തിന്റെ സന്ദര്‍ശനം

രാജ്യത്തിന് നല്ല സന്ദേശമാണ് നല്‍കുക. ഞങ്ങള്‍ ദൈവത്തെ ആരാധിക്കുന്നത് വ്യത്യസ്ത രീതികളിലാണ് . എന്നാല്‍ ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഞങ്ങള്‍ കരുതുന്നു.' ഇല്യാസി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഉമര്‍ അഹമ്മദ് ഇല്ല്യാസി ഒരു മണിക്കൂറോളം മോഹന്‍ ഭാഗവതുമായി ചര്‍ച്ച നടത്തി. മുതിര്‍ന്ന ഭാരവാഹികളായ ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍, ബിജെപി മുന്‍ സംഘടനാ സെക്രട്ടറി രാം ലാല്‍, മുസ്ലീം രാഷ്ട്രീയ മഞ്ച് രക്ഷാധികാരി ഇന്ദ്രേഷ് കുമാര്‍ എന്നിവരും ഭാഗവതിനൊപ്പം ഉണ്ടായിരുന്നു. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് മോഹന്‍ ഭാഗവത് മുസ്ലീം നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. ഡല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറൈഷി എന്നിവരുള്‍പ്പെടെ അഞ്ച് പ്രമുഖ മുസ്ലീം നേതാക്കളുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. സാമുദായിക സൗഹാര്‍ദം ശക്തിപ്പെടുത്തുന്നതിനായി എന്നാണ് അന്നത്തെ കൂടിക്കാഴ്ചയെ മോഹന്‍ ഭാഗവത് വിശേഷിപ്പിച്ചത്.

സൗഹാര്‍ദ്ദപരമെന്നാണ് ആര്‍എസ്എസ് മേധാവി വിളിച്ച യോഗത്തെ എസ് വൈ ഖുറൈഷി വിശേഷിപ്പിച്ചത്. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഭിന്നത ഇല്ലാതാക്കാന്‍ ഇരു സമുദായങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ് മേധാവി പറഞ്ഞതായും യോഗത്തിനു ശേഷം എസ് വൈ ഖുറൈഷി പറഞ്ഞു.

STORY HIGHLIGHTS: Mohan Bhagwat is Rashtra Pita' All India Imam Organisation chief

Next Story

Popular Stories