മഹാഗഢ്ബന്ധന് സര്‍ക്കാര്‍; മന്ത്രിസഭയില്‍ അംഗമാകാന്‍ ഇടതു പാര്‍ട്ടികളെ ക്ഷണിച്ച് നിതീഷ്
12 എംഎല്‍എമാരുള്ള ഇടതു പാര്‍ട്ടിയായ സിപിഐഎംഎല്‍ ലിബറേഷന്‍ മന്ത്രിസഭയുടെ ഭാഗമാവില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ വ്യക്തമാക്കിയിരുന്നു
12 Aug 2022 7:57 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാറ്റ്ന: മഹാഗഢ്ബന്ധന് സര്‍ക്കാര്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ ഇടതു പാര്‍ട്ടികളെ ക്ഷണിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഈ മാസം 16 നാണ് മഹാസഖ്യ സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം നടക്കുക. 12 എംഎല്‍എമാരുള്ള ഇടതു പാര്‍ട്ടിയായ സിപിഐഎംഎല്‍ ലിബറേഷന്‍ മന്ത്രിസഭയുടെ ഭാഗമാവില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ വ്യക്തമാക്കിയിരുന്നു.
മന്ത്രിസഭയെ പുറത്ത് നിന്ന് പിന്തുണക്കാനാണ് സിപിഐഎം തീരുമാനവും. രണ്ട് എംഎല്‍എമാരാണ് സിപിഐഎമ്മിന് സംസ്ഥാനത്തുള്ളത്. സിപിഐയ്ക്കും സമാനനിലപാടാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബിജെപി കൈകാര്യം ചെയ്തിരുന്ന ചില വകുപ്പുകള്‍ ആര്‍ജെഡിക്ക് നല്കാന് ധാരണായായിരുന്നു. 18 മന്ത്രിസ്ഥാനങ്ങളാണ് ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ പാര്‍ട്ടി ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ഒമ്പതിനാണ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. പിന്നീട് മഹാസഖ്യത്തിന്റെ ഭാഗമായി ബുധനാഴ്ച്ച വീണ്ടും അധികാരമേല്‍ക്കുകയായിരുന്നു. മഹാസഖ്യ സര്‍ക്കാരില്‍ ഇതുവരെ അധികാരമേറ്റത് മുഖ്യമന്ത്രിയായ നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും മാത്രമാണ്.
മന്ത്രിമാരേയും വകുപ്പുകളേയും തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ മുന്നണിയില്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസിന് സ്പീക്കര്‍ സ്ഥാനം നല്‍കാനാണ് മുന്നണി തീരുമാനം. മന്ത്രിസഭയുടെ ഭാഗമാകാന്‍ താത്പര്യമില്ലെന്ന് അറിയിച്ച ഇടതു പാര്‍ട്ടികളെ വീണ്ടും നിതീഷ് കുമാര്‍ ക്ഷണിക്കുകയായിരുന്നു.
Story highlights: Mahagadbandhan Government; Nitish invited left parties to join the cabinet