കര്‍ഷകകൂട്ടക്കൊല: ആശിഷ മിശ്ര റിമാന്‍ഡില്‍; ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്
10 Oct 2021 1:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലഖിംപുരില്‍ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ച് കയറ്റി നാല് പേരെ കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. തനിക്കെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കുന്നതിനാവശ്യമായ വാദങ്ങള്‍ ഉയര്‍ത്താന്‍ മന്ത്രി പുത്രന് കഴിയാത്ത സാഹചര്യത്തിലാണ് അറസ്റ്റ് എന്നാണ് പൊലീസ് കേന്ദ്രങ്ങള്‍ നല്കുന്ന വിവരം. രാത്രി പതിനൊന്ന് മണിയോടെ ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രത്യേക പൊലീസ് സംഘം ഇയാളെ പുലര്‍ച്ചെയോടെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തും.
ലഖിംപുര്‍ സംഭവത്തില്‍ കൊലക്കുറ്റം ചുമത്തികേസെടുത്ത് അഞ്ച് ദിവസം പിന്നിടുമ്പോഴാണ് അറസ്റ്റ്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജറാവാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജറായില്ല. ഇതിനിടെ കേസ് പരിഗണിച്ച സുപ്രീം കോടതി യുപി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് നടപടികള്‍ വേഗത്തിലായത്.
അതേസമയം, ആശിഷ് മിശ്ര ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുന്ന സമയം താന്‍ സ്ഥലത്തില്ലായിരുന്നെന്ന് ആശിഷ് അന്വേഷണ സംഘത്തിനു മുന്നില്‍ ആവര്‍ത്തിച്ചതെന്നാണ് വിവരം. ഇത് തെളിയിക്കാന്‍ ചില സാക്ഷിമൊഴികളും വിഡിയോകളും ആശിഷ് ഹാജരാക്കിയതായാണ് വിവരം. സഹായികളായ ചിലര്‍ക്ക് വാഹനം വിട്ടുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും സംഭവദിവസം ബന്‍വീര്‍പുരിലായിരുന്നു. ഈ സാഹചര്യത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്നെന്ന എഫ്ഐആറിലെ പരാമര്‍ശം തെറ്റാണെന്നും ആശിഷ് മിശ്ര പറഞ്ഞതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.