Top

'ഇന്ത്യന്‍ പാര്‍ലമെന്റ് മോദിയുടെ ഭക്തജനസംഘമല്ല'; ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചാല്‍ പിന്നെ എംപിമാര്‍ എന്തുചെയ്യണമെന്ന് സന്തോഷ് കുമാര്‍

മഹാഭൂരിപക്ഷം ജനങ്ങളെയും ബാധിക്കുന്ന അതീവഗുരുതരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവാദം ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് പാര്‍ലമെന്റ് സമ്മേളനമെന്ന് എംപി ചോദിച്ചു

26 July 2022 5:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യന്‍ പാര്‍ലമെന്റ് മോദിയുടെ ഭക്തജനസംഘമല്ല; ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചാല്‍ പിന്നെ എംപിമാര്‍ എന്തുചെയ്യണമെന്ന് സന്തോഷ് കുമാര്‍
X

ന്യൂഡല്‍ഹി: പ്രതിഷേധം നടത്തിയതിന്റെ പേരില്‍ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത് ജനങ്ങളോടുള്ള അവഹേളനമാണെന്ന് രാജ്യസഭാ എം പി പി സന്തോഷ് കുമാര്‍. ഭരണവിലക്കയറ്റവും, തൊഴിലില്ലായ്മയും ഇന്ധനവിലവര്‍ദ്ധനവും മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും നിസ്സംഗമായി മുഖം തിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍. മഹാഭൂരിപക്ഷം ജനങ്ങളെയും ബാധിക്കുന്ന അതീവഗുരുതരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവാദം ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് പാര്‍ലമെന്റ് സമ്മേളനമെന്ന് എംപി ചോദിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി രാജ്യസഭയില്‍ ഉന്നയിക്കുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ലഭിച്ച നിഷേധാത്മകമായ ഉത്തരങ്ങളും തെളിയിക്കുന്നത് ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളെക്കുറിച്ചു ഈ സര്‍ക്കാരിന് യാതൊരു ആശങ്കയും ഇല്ലെന്നാണ്. 'വീ ദി പീപ്പീള്‍ ഓഫ് ഇന്ത്യ' എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്ന ഒരു ഭരണഘടനയുള്ള ഈ ജനാധിപത്യ രാഷ്ടത്തില്‍ ജനങ്ങള്‍ ആണ് പരമാധികാരത്തിന്റെ സ്രോതസ് എന്ന് ഭരണാധികാരികള്‍ മറന്നുപോകുമ്പോള്‍ അത് ഓര്‍മ്മിപ്പിക്കേണ്ട കടമ ജനപ്രതിനിധികള്‍ക്ക് ഉണ്ടെന്നും സന്തോഷ് കുമാര്‍ പറഞ്ഞു

എം പി പി സന്തോഷ് കുമാര്‍ പറഞ്ഞത്:

ഇന്നാട്ടിലെ മഹാഭൂരിപക്ഷം ജനങ്ങളെയും ബാധിക്കുന്ന അതീവഗുരുതരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവാദം ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് പാര്‍ലമെന്റ് സമ്മേളനം? രണ്ടോ മൂന്നോ മണിക്കൂര്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്ത് പരിഹാരം കാണാനുള്ള സമയം എംപിമാര്‍ക്ക് ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് സ്വയം ജനപ്രതിനിധികള്‍ എന്ന് വിളിക്കുന്നത്? കഴിഞ്ഞ ഒരാഴ്ചയായി ശ്രമിച്ചിട്ടും വിലക്കയറ്റം ചര്‍ച്ച ചെയ്യാന്‍ സമ്മതിക്കാത്തത് കൊണ്ടാണ് ഇന്ന് ഞങ്ങള്‍ക്ക് നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കേണ്ടി വന്നത്. ന്യായമായ ആവശ്യം അംഗീകരിക്കുന്നതിന് പകരം ഞാനും ശിവദാസനും, റഹീമും അടക്കമുള്ള പത്തൊന്‍പത് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത് ജനങ്ങളോടുള്ള അവഹേളനം ആയിട്ടാണ് കാണുന്നത്.

ഭരണവിലക്കയറ്റവും, തൊഴിലില്ലായ്മയും ഇന്ധനവിലവര്‍ദ്ധനവും മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും നിസ്സംഗമായി മുഖം തിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍. കഴിഞ്ഞ ഒരാഴ്ചയായി രാജ്യസഭയില്‍ ഉന്നയിക്കുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ലഭിച്ച നിഷേധാത്മകമായ ഉത്തരങ്ങളും തെളിയിക്കുന്നത് ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളെക്കുറിച്ചു ഈ സര്‍ക്കാരിന് യാതൊരു ആശങ്കയും ഇല്ലെന്നു തന്നെയാണ്.

'വീ ദി പീപ്പീള്‍ ഓഫ് ഇന്ത്യ' എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്ന ഒരു ഭരണഘടനയുള്ള ഈ ജനാധിപത്യ രാഷ്ടത്തില്‍ ജനങ്ങള്‍ ആണ് പരമാധികാരത്തിന്റെ സ്രോതസ് എന്ന് ഭരണാധികാരികള്‍ മറന്നുപോകുമ്പോള്‍ അത് ഓര്‍മ്മിപ്പിക്കേണ്ട കടമ ജനപ്രതിനിധികള്‍ക്ക് ഉണ്ട്. ഭരണഘടനയും പാര്‍ലിമെന്ററി നടപടി ക്രമങ്ങളും അനുസരിച്ചു തന്നെയാണ് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പക്ഷെ തുടര്‍ച്ചയായി അനുമതി നിഷേധിക്കപ്പെടുമ്പോള്‍ എന്താണ് എംപിമാര്‍ ചെയ്യേണ്ടത്? ഇന്ത്യന്‍ പാര്‍ലമെന്റ് മോദിക്ക് വേണ്ടി ഭജന പാടുന്ന ഒരു ഭക്തജനസംഘമല്ല. സംവാദത്തിനും, പ്രതിഷേധത്തിനും കൂടിയുള്ള ഇടമാണ്. ആ അവകാശം ഓരോ പാര്‍ലമെന്റ് അംഗത്തിനും നല്‍കിയിരിക്കുന്നത് മോദിയും ബിജെപിയും അല്ല. മറിച്ച്, ബിജെപി പിറവിയെടുക്കുന്നതിനും എത്രയോ മുന്‍പ് ഈ മണ്ണില്‍ ഉറച്ചുപോയ പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങള്‍ ആണ് .

അതുകൊണ്ടുതന്നെ ആ അവകാശങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ഇനിയും ഞങ്ങള്‍ രാജ്യസഭക്ക് അകത്തും പുറത്തും ശക്തമായി പോരാടും.ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ കോര്‍പറേറ്റ് ദാസ്യ നയപരിപാടികളുടെ ഉള്ളടക്കം തുറന്നു കാട്ടാന്‍ തന്നെയാണ് തീരുമാനം.

Story highlights: 'Indian Parliament is not Modi's devotee'; Santhosh Kumar then what MPs should do if permission is denied for discussion

Next Story