Top

ശിവസേന പിടിച്ചെടുക്കാന്‍ വിമത എംഎല്‍എമാര്‍; ചിഹ്നം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

23 Jun 2022 7:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശിവസേന പിടിച്ചെടുക്കാന്‍ വിമത എംഎല്‍എമാര്‍; ചിഹ്നം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും
X

മുംബൈ: മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെ വീഴാനുള്ള എല്ലാ സാധ്യതകളുമടുത്തിരിക്കുന്നു. 41 വിമത എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ഏക്‌നാഥ് ഷിന്‍ഡെ അവകാശപ്പെടുന്നത്. എന്നാല്‍ വിമത എംഎല്‍എമാരില്‍ 20 പേര്‍ തങ്ങളുടെ പാളയത്തില്‍ തിരിച്ചെത്തുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്തും പറയുന്നു. അതേസമയം അംഗബലം മുന്‍നിര്‍ത്തി ശിവസേനയുടെ ഔദ്യോഗിക ചിഹ്നം അവകാശപ്പെടാനൊരുങ്ങുകയാണ് ഏക്‌നാഥ് ഷിന്‍ഡെ. ഈ ആവശ്യമുന്നയിച്ച് ഷിന്‍ഡെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും തങ്ങള്‍ക്ക് വേണമെന്നാണ് ഷിന്‍ഡെ ആവശ്യപ്പെടുന്നത്.

ദീപക് കേശകര്‍, മങ്കേഷ് കുദല്‍ക്കര്‍, സദ സര്‍വങ്കര്‍ എന്നീ ശിവസേനയുടെ മൂന്ന് എംഎല്‍എമാരാണ് പുതുതായി ഇന്ന് രാവിലെ മുംബൈയില്‍ നിന്നും അസമിലെ വിമത ക്യാമ്പിലെത്തിയിരിക്കുന്നത്. ഗുവാഹട്ടിയിലെ റഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് എംഎല്‍എമാര്‍ കഴിയുന്നത്. 5 സ്വതന്ത്ര എംഎല്‍എമാരും വിമത ക്യാമ്പിലുണ്ടെന്നാണ് വിവരം.

ഇതിനിടെ ശിവസേനയുടെ നിലവിലെ പ്രതിസന്ധിയില്‍ ഒപ്പമുണ്ടെന്ന് സര്‍ക്കാരിലെ സഖ്യ കക്ഷിയായ എന്‍സിപി വ്യക്തമാക്കി. ഉദ്ധവ് താക്കറയെ പൂര്‍ണമായും പിന്തുണയ്ക്കുന്നെന്ന് കാബിനറ്റ് മന്ത്രിയും എന്‍സിപി നേതാവുമായ ജയന്ത് പാട്ടീല്‍ പറഞ്ഞു. അദ്ദേഹം ഔദ്യോഗിക വസതിയൊഴിഞ്ഞു. പക്ഷെ അതിനര്‍ത്ഥം മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്നു എന്നല്ലെന്നും പാട്ടീല്‍ അഭിപ്രായപ്പെട്ടു.

നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എന്‍സിപി എംഎല്‍എമാരും എംപിമാരും ഇന്ന് വൈകീട്ട് മുംബൈയില്‍ യോഗം ചേരും. അതിനിടെ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെക്കുന്നതായി വിമത എംഎല്‍എ ഭാരത് ഗോഗവലെ പറഞ്ഞു.

Story Highlight: Eknath shinde prepping to claim sena symbol

Next Story