Top

ഓട്ടോ ഡ്രൈവറിൽ നിന്നും രാഷ്ട്രീയത്തിലേക്ക്; ആരാണ് ശിവസേനയെ പ്രതിസന്ധിയിലാക്കിയ ഏക്നാഥ് ഷിൻഡെ

താനെ നഗരത്തിലെ കോപ്രി-പച്ച്പഖാദിയിൽ നിന്നുള്ള സിറ്റിംഗ് എം‌എൽ‌എ ആയിരുന്നു ഷിൻഡെ.

21 Jun 2022 6:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓട്ടോ ഡ്രൈവറിൽ നിന്നും രാഷ്ട്രീയത്തിലേക്ക്; ആരാണ് ശിവസേനയെ പ്രതിസന്ധിയിലാക്കിയ ഏക്നാഥ് ഷിൻഡെ
X

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയം ഏറെ ചർച്ച ചെയ്യുന്ന പേരാണ് മുതിർന്ന ശിവസേന നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിൻഡെ. ഉദ്ദവ് താക്കറെ സർക്കാരിനെ വീഴ്ത്താനുളള ചരടുവലിക്ക് നേതൃത്വം നൽകിയത് ഷിൻഡെ ആണ്. ഒന്നുങ്കിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുക അല്ലെങ്കിൽ പാർട്ടി പിളർപ്പിലേക്ക് പോകുമെന്ന മുന്നറിയിപ്പാണ് ഷിൻഡെ ഉദ്ദവ് താക്കറെയ്ക്ക് നൽകിയത്.

മുംബൈയിലെ താനെയിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുകൊണ്ടിരിക്കെ ആണ് ഏക്നാഥ് ഷിൻഡെയുടെ രാഷ്ട്രീയ പ്രവേശനം. അമ്പത്തിയെട്ടുകാരനായ ഏക്നാഥ് ഷിൻഡെ പിന്നീട് താനെ പാൽഘർ ഏരിയയിൽ നിന്ന് ഒരു പ്രധാന ശിവസേനാ നേതാവായി ഉയർന്നുവന്നു. പൊതുതാൽപ്പര്യമുള്ള വിഷയങ്ങളിൽ പ്രകോപനപരമായ സമീപനത്തിന് പേരുകേട്ട ആളാണ് ഏക്നാഥ് ഷിൻഡെ.

നാല് തവണ ശിവസേനയുടെ എംഎൽഎ ആയിട്ടുണ്ട് ഷിൻഡെ. മഹാ വികാസ് അഘാഡി സർക്കാരി‍ൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു. തന്റെ രാഷ്ട്രീയ ഉയർച്ചക്ക് ശിവസേന സ്ഥാപകനും നേതാവുമായ ബാൽ താക്കറെയാണെന്ന് ഷിൻഡെ അനുസ്മരിക്കാറുണ്ട്.

1964 ഫെബ്രുവരി ഒമ്പതിനാണ് ഏക്നാഥ് ഷിൻഡെയുടെ ജനനം. ഡി​ഗ്രി പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ഷിൻഡെ രാഷ്ട്രീയത്തിലേക്ക് കടന്നു. താനെ ജില്ലയിൽ നിന്നായിരുന്നു ഷിൻഡെയുടെ തുടക്കം. താനെ നഗരത്തിലെ കോപ്രി-പച്ച്പഖാദിയിൽ നിന്നുള്ള സിറ്റിംഗ് എം‌എൽ‌എ ആയിരുന്നു ഷിൻഡെ. ആയുധങ്ങൾ ഉപയോഗിക്കുക, കലാപാഹ്വാനം തുടങ്ങി ഡസൻ കണക്കിന് ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നയാളാണ് ഏക്നാഥ് ഷിൻഡെ.

1997ൽ താനെ മുൻസിപ്പൽ കോർപറേഷനിൽ അം​ഗമായിരുന്നു ഷിൻഡെ. 2004ൽ നാലാമതും എംഎൽഎ ആയി. 2005ൽ ഷിൻഡെ താനെയിൽ നിന്ന് ശിവസേനയുടെ നേതാവ് ആയി. ഏക്നാഥ് ഷിൻഡെയുടെ മകൻ ഡോ. ശ്രീകാന്ത് ഷിൻഡെ കല്യാൺ ജില്ലയിൽ നിന്നുളള സിറ്റിങ് ലോക്സഭ എംപിയാണ്. 2014ൽ അ​ദ്ദേഹം പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. 2019ൽ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായപ്പോൾ നക്സൽ ബാധിത മേഖലയായ ​ഗഡ്ചിറോളി ജില്ലയുടെ കാവൽ മന്ത്രിയായി.

ശിവസേന നേതൃത്വത്തോട് ഇടഞ്ഞ ഏക്നാഥ് ഷിൻഡെ ഗുജറാത്തിലെ സൂറത്തിലാണ് ഇപ്പോൾ ഉളളത്. അനുരഞ്ജന നീക്കത്തിനായി ശിവസേന നിയോ​ഗിച്ച മിലിന്ദ് നര്‍വേക്കര്‍ ഏക്നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയ്ക്കിടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ തലവനുമായ ഉദ്ദവ് താക്കറെയുമായി ഷിന്‍ഡെ ഫോണില്‍ സംസാരിച്ചു. തന്റെ കൂടെ 35 എംഎല്‍എമാര്‍ ഉണ്ടെന്ന അവകാശ വാദം ഉദ്ദവ് താക്കറെയുമായുള്ള ഫോണ്‍ സംഭാഷണത്തിലും ഷിന്‍ഡെ ആവര്‍ത്തിച്ചു.

ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ശിവസേന തയ്യാറാണെങ്കില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാവില്ലെന്ന് ഷിന്‍ഡെ താക്കറെയ്ക്ക് മുന്നറിയിപ്പ് നല്‍കി. തനിക്കെതിരെ പാര്‍ട്ടി നടപടി എടുക്കേണ്ടതില്ലെന്നും തനിക്ക് മുഖ്യമന്ത്രി സ്ഥാനമോഹം ഇല്ലെന്നും അദ്ദേഹം താക്കറെയോട് പറഞ്ഞു. കോണ്‍ഗ്രസുമായും എന്‍സിപിയുമായി സഖ്യം ചേരുന്നതിലാണ് തങ്ങള്‍ക്ക് ബുദ്ധിമുട്ടെന്നാണ് ഷിന്‍ഡെ അറിയിച്ചത്. നേരത്തെ, ശിവസേനയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്നും ഷിന്‍ഡെയെ മാറ്റിയിരുന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവങ്ങള്‍ ശിവസേനയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നും അത് ഉദ്ദവ് താക്കറെ നേരിട്ട് പരിഹരിക്കുമെന്നും സഖ്യ സര്‍ക്കാരിനെ ഇതൊന്നും ബാധിക്കില്ലെന്നുമാണ് എന്‍സിപിയുടേയും കോണ്‍ഗ്രസിന്റേയും പരസ്യ നിലപാട്.

STORY HIGHLIGHTS: Eknath Shinde from Auto Driver to Politics

Next Story