Top

'മാലിന്യങ്ങള്‍ പുറത്ത് പോയി'; വിശ്വാസ വോട്ടെടുപ്പിനെത്തുന്ന വിമത എംഎല്‍എമാരെ തെരുവില്‍ നേരിടുമെന്ന് ആദിത്യ താക്കറെ

'വിശ്വാസ വോട്ടെടുപ്പ് ദിവസം എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങിയ ശേഷം എംഎല്‍എമാര്‍ക്ക് നിയമസഭയിലേക്ക് സഞ്ചരിക്കാനുള്ളത് ബാന്ദ്രയും വോര്‍ളിയും പരേലും ബൈക്കുളയും കടന്നാണെന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു'

25 Jun 2022 10:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാലിന്യങ്ങള്‍ പുറത്ത് പോയി; വിശ്വാസ വോട്ടെടുപ്പിനെത്തുന്ന വിമത എംഎല്‍എമാരെ തെരുവില്‍ നേരിടുമെന്ന് ആദിത്യ താക്കറെ
X

മുംബൈ: ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനയില്‍ വിമത സ്വരമുയര്‍ത്തിയ എംഎല്‍എമാരെ മാലിന്യമെന്ന് വിശേഷിപ്പിച്ച് യുവസേന അധ്യക്ഷനും മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെ. വിമത ശബ്ദമുയര്‍ത്തിയ എംഎല്‍എമാര്‍ ഒരിക്കലും നമ്മുടേതായിരുന്നില്ല. പാര്‍ട്ടിയിലെ മാലിന്യങ്ങള്‍ പുറത്ത് പോയി. ഇനി സംഭവിക്കാനിരിക്കുന്നത് എന്തായാലും നടക്കും, അത് നല്ലതിനാണെന്നും ആദിത്യ താക്കറെ പറഞ്ഞു. ശിവസേനയുടെ യുവജന സംഘടനയായ യുവസേനയുടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മുംബൈയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം പ്രതിപക്ഷമല്ല. നമ്മുടെ തന്നെ ആളുകള്‍ വഞ്ചിച്ചതുകൊണ്ടാണ് ഈ അവസ്ഥ വന്നിരിക്കുന്നത്. അടുത്ത് തന്നെ സംസ്ഥാനത്ത് രണ്ട് വിശ്വാസ വോട്ടെടുപ്പ് നടക്കും. ഒന്ന് നിയമസഭയിലായിരിക്കും. രണ്ടാമത്തേത് തെരുവിലും. വിശ്വാസ വോട്ടെടുപ്പ് ദിവസം എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങിയ ശേഷം എംഎല്‍എമാര്‍ക്ക് നിയമസഭയിലേക്ക് സഞ്ചരിക്കാനുള്ളത് ബാന്ദ്രയും വോര്‍ളിയും പരേലും ബൈക്കുളയും കടന്നാണെന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു', വിമത എംഎല്‍എമാരെ തെരുവില്‍ നേരിടുമെന്ന സൂചന നല്‍കി ആദിത്യ താക്കറെ പ്രസ്താവിച്ചു.

അതേസമയം, ഏക്‌നാഥ് ഷിന്‍ഡെ ക്യാമ്പിലെ വിമത എംഎല്‍എമാരെ താമസിപ്പിക്കുന്ന ഹോട്ടലിന്റെ ബുക്കിംഗ് രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. നേരത്തെ, ഈ മാസം 28 വരെയായിരുന്നു ഹോട്ടല്‍ ബുക്ക് ചെയ്തിരുന്നത്. അതാണ് രണ്ട് ദിവസത്തേക്ക് കൂടെ നീട്ടിയിരിക്കുന്നത്. ഗുവാഹത്തിയിലെ ഹോട്ടല്‍ അധികൃതരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

ഇതിനിടെ, കഴിഞ്ഞ ദിവസം രാത്രി ഏക്‌നാഥ് ഷിന്‍ഡെ ഗുജറാത്തിലെ വഡോദരയിലെത്തി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി ചര്‍ച്ച നടത്തി എന്ന വാര്‍ത്തകളും പുറത്ത് വന്നു. സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് രണ്ടുപേരും ചര്‍ച്ച നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെയാണ് കൂടിക്കാഴ്ച. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസം വഡോദരയില്‍ ഉണ്ടായിരുന്നു. അസമിലെ ഗുവാഹത്തിയില്‍ നിന്നും പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തിലെത്തിയാണ് ഷിന്‍ഡെ ഫഡ്‌നാവിസുമായി ചര്‍ച്ച നടത്തിയത്.

വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവാ മൊയ്ത്ര ബിജെപിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഗുവാഹത്തിയില്‍ നിന്നും വഡോദരയിലേക്കും തിരിച്ചുമുള്ള പ്രത്യേക വിമാനങ്ങള്‍ക്ക് ആരാണ് കാശ് മുടക്കുന്നതെന്ന് അവര്‍ ചോദിച്ചു. സുതാര്യമല്ലാത്ത മറ്റൊരു ബിജെപി കെയേഴ്‌സ് ഫണ്ട് ഇതിനുണ്ടോയെന്ന് അമിത് ഷായെ ലക്ഷ്യമിട്ട് മഹുവ ചോദിച്ചു.

STORY HIGHLIGHTS: 'Dirt of the party is gone'; Aaditya Thackeray describes Eknath Shinde faction as dirt of Shiv Sena

Next Story