ശക്തമായ തിര; വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

അവശനായ അലോഷ്യസിനെ മറ്റുള്ളവർ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല

dot image

തിരുവനന്തപുരം: മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിലെ പുരയിടത്തിൽ അലോഷ്യസ് ആണ് മരിച്ചത്. രാവിലെ ആറ് മണിക്ക് അലോഷ്യസ് ഉൾപ്പടെ നാല് പേരാണ് വള്ളത്തിൽ പുറപ്പെട്ടത്. ശക്തമായ തിരയിൽ വള്ളം മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു. അവശനായ അലോഷ്യസിനെ മറ്റുള്ളവർ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇന്നലെ മഴക്കെടുതിയില്‍ ആകെ എട്ട് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയുടെ സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ നിര്‍ത്താതെ മഴ പെയ്യുകയാണ്. കണ്ണൂര്‍ - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂര്‍ പാല്‍ച്ചുരം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയിലാണ് കണ്ണൂര്‍ കൊട്ടിയൂര്‍ പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസ്സപ്പെട്ടത്. ഒന്നാം വളവിന് താഴ്ഭാഗത്തായാണ് മണ്ണിടിഞ്ഞത്. മണ്ണും കല്ലും മരവുമുള്‍പ്പെടെ റോഡിലേക്ക് വീണ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ട നിലയിലാണ്. ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് മണ്ണ് നീക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

കുട്ടനാട് കൊങ്ങ പാടശേഖരത്തില്‍ വെള്ളം കയറി. കര്‍ഷകര്‍ വിത്തുവിതച്ച പാടത്താണ് വെള്ളം കയറിയിരിക്കുന്നത്. മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. ഇടുക്കി കാക്കത്തോടില്‍ വീട് തകര്‍ന്നു വീണ് അപകടമുണ്ടായി. വീട്ടില്‍ ആരും ഉണ്ടായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കണ്ണൂര്‍ മട്ടന്നൂര്‍ വെളിയമ്പ്രയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണു. മട്ടന്നൂര്‍ വെളിയമ്പ്ര കൊട്ടാരം പെരിയത്ത് റോഡില്‍ വെള്ളം കയറി.

കോഴിക്കോടും ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ്. കനത്ത മഴ കാരണം ഇന്ന് കോഴിക്കോട് ജില്ലയില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കമ്മിറ്റിയുടെ (ഡിടിപിസി) കീഴിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രവും പ്രവര്‍ത്തിക്കില്ല. കോഴിക്കോട് സരോവരം, ഭട്ട് റോഡ് ബീച്ച്, കാപ്പാട്, വടകര സാന്‍ഡ്ബാങ്ക്‌സ്, അരീപ്പാറ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ക്ക് ഇന്ന് അവധി ആയിരിക്കും. സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും മഴക്കെടുതിയില്‍ നാശ നഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.

കുട്ടികള്‍ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുത്

മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗം നിര്‍ദേശിച്ചു. പലപ്പോഴും ഇങ്ങനെ കുട്ടികള്‍ അപകടങ്ങളില്‍ പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അതിനാല്‍ സ്‌കൂള്‍ അവധി പോലുള്ള അവസരങ്ങളില്‍ രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തണം. നിരോധനം വകവെക്കാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോകുന്നതും അപകടകരമാണ്. ഇങ്ങനെ അനധികൃതമായി മഴക്കാലത്ത് വെള്ളച്ചാട്ടത്തിലും കടലിലും ഇറങ്ങുന്നത് പലപ്പോഴും വലിയ ദുരന്തങ്ങള്‍ക്ക് പോലും കാരണമാകും. അതിനാല്‍ ഇക്കാര്യങ്ങളില്‍ രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പൊട്ടിവീഴുന്ന വൈദ്യുത കമ്പികളില്‍ തൊടാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ജില്ലയില്‍ ശക്തമായ മഴയും കാറ്റും കാരണം മരങ്ങള്‍ വീണും മറ്റും വൈദ്യുത കമ്പികള്‍ പൊട്ടിവീഴുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കെഎസ്ഇബിയില്‍ വിവരം അറിയിക്കുന്നതിനൊപ്പം വൈദ്യുത കമ്പികളില്‍ ആരും തൊടാതിരിക്കാനുള്ള നടപടി കൂടി പൊതു ജനങ്ങള്‍ സ്വീകരിക്കണം. അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ എല്ലാ വകുപ്പുകളും ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കി.

dot image
To advertise here,contact us
dot image