Top

'അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പിന്നാലെ പുറത്താക്കല്‍'; രണ്ട് വ്യവസായ പ്രമുഖരുടെ നിയമപ്പോരാട്ടത്തിന്റെ കഥ ഇങ്ങനെ

2016 ഒക്ടോബറിൽ അസാധാരണ നീക്കത്തിലൂടെയാണ് സൈറസ് മിസ്ത്രിയെ ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയത്

4 Sep 2022 3:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പിന്നാലെ പുറത്താക്കല്‍; രണ്ട് വ്യവസായ പ്രമുഖരുടെ നിയമപ്പോരാട്ടത്തിന്റെ കഥ ഇങ്ങനെ
X

മുംബൈ: ടാറ്റ കുടുംബത്തിന് പുറത്തുനിന്നുള്ള ഗ്രൂപ്പിന്റെ രണ്ടാമത്തെ ചെയർമാനായിരുന്നു ഇന്ന് വാഹനാപകടത്തിൽ മരിച്ച സൈറസ് മിസ്ത്രി. രത്തൻ ടാറ്റ വിരമിക്കൽ പ്രഖ്യാപിച്ച ശേഷം 2012 ഡിസംബറിലാണ് അദ്ദേഹം ടാറ്റ സൺസിന്റെ ആറാം ചെയർമാനായി ചുമതലയേറ്റത്. ടാറ്റയിലെ പ്രധാന നിക്ഷേപകനായ പല്ലോൺജി മിസ്ത്രിയുടെ ഇളയ മകനാണ് സൈറസ് മിസ്ത്രി.

1968 ജൂലൈ നാലിന് ജനിച്ച മിസ്ത്രി ലണ്ടനിലെ ഇംപീരിയൽ കോളേജ് ഓഫ് സയൻസ്, ടെക്‌നോളജി ആൻഡ് മെഡിസിനിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. ലണ്ടൻ ബിസിനസ് സ്‌കൂളിൽ നിന്ന് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടി. 1994ൽ തന്റെ കുടുംബം നടത്തുന്ന അറിയപ്പെടുന്ന കൺസ്ട്രക്ഷൻ സ്ഥാപനമായ ഷാപ്പൂർജി പല്ലോൺജി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ആയി.

ഇന്ത്യൻ വ്യവസായ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയതായിരുന്നു, ടാറ്റമാരും മിസ്ത്രിമാരും തമ്മിലുള്ള നീണ്ട അഞ്ചു വർഷത്തെ വാശിയേറിയ നിയമ യുദ്ധം. ആ പോരാട്ടത്തിന് താൽക്കാലികമായി തടയിട്ടത് സുപ്രീംകോടതിയുടെ ഇടപെടലാണ്. ഇപ്പോൾ സൈറസ് മിസ്ത്രിയുടെ മരണത്തോടെ വീണ്ടും ചർച്ചകളിൽ നിറയുകയാണ് വ്യവസായ പ്രമുഖരുടെ നിയമപ്പോരാട്ടത്തിന്റെ കഥ.

നിർമാണരംഗത്തെ ഭീമന്മാരാണ് ഷപൂർജി പല്ലോൺജി ഗ്രൂപ്പ്. 2006ൽ പിതാവ് പല്ലോൺജി മിസ്ത്രി സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് ടാറ്റ സൺസ് ഡയറക്ടർ ബോർഡിൽ സൈറസ് കയറുന്നത്. രത്തൻ ടാറ്റ വിരമിച്ചപ്പോൾ ചെയർമാനായി. എന്നാൽ ആ സ്ഥാനം നിലനിർത്താൻ സൈറസിന് കഴിഞ്ഞത് നാല് വർഷത്തേക്ക് മാത്രമാണ്.

2016 ഒക്ടോബറിൽ സൈറസ് മിസ്ത്രിയെ അസാധാരണ നീക്കത്തിലൂടെയാണ് ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയത്. നാനോ കാർ നിർമ്മാണമുൾപ്പെടുയുള്ള വിഷയങ്ങളിൽ രത്തൻ ടാറ്റയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് മിസ്ത്രിയുടെ പുറത്താക്കലിലേക്ക് നയിച്ചത്. ഇതിനെതിരെ സെെറസ് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചു. ഓഹരി ഉടമകളെ അടിച്ചമർത്തുന്നുവെന്നും അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാതി. തൊട്ടുപിന്നാലെ തന്നെ ടാറ്റ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡിൽനിന്ന് അദ്ദേഹത്തെ നീക്കം ചെയ്തു.

ഈ നീക്കത്തിനെതിരെ മിസ്ത്രിയും ഷപൂർജി പല്ലോൺജി ഗ്രൂപ്പും നൽകിയ പരാതി ട്രിബ്യൂണൽ തള്ളി. ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കാൻ ടാറ്റ ഡയറക്ടർ ബോർഡിന് അധികാരമുണ്ടെന്ന് ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. എന്നാൽ നിയമപോരാട്ടം അവിടെ അവസാനിച്ചില്ല. അപ്രതീക്ഷിതമായി മിസ്ത്രി ഇതിനെതിരെ അപ്പീൽ നൽകി. അപ്പീൽ ട്രിബ്യൂണൽ ചെയർമാൻ സ്ഥാനത്ത് മിസ്ത്രിയെ പുനഃസ്ഥാപിക്കണമെന്ന് ഉത്തരവിട്ടു. പിന്നാലെ ടാറ്റാ സൺസും രത്തൻ ടാറ്റയും ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും മിസ്ത്രിയുടെ പുനർ നിയമനം സ്റ്റേ ചെയ്യുകയുമുണ്ടായി. പുറത്താക്കൽ നടപടി സുപ്രീംകോടതി പിന്നീട് ശരിവെക്കുകയും ചെയ്തു.

സുപ്രീംകോടതി ഇടപെടലോടെ 2021 മാർച്ചിൽ രണ്ടു ഗ്രൂപ്പുകളും വഴി പിരിഞ്ഞപ്പോൾ മിസ്ത്രിമാർ ഉയർത്തിയിരുന്ന ഒരു ചോദ്യമുണ്ട്. ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിനാൽ ആദായനികുതി ഇളവ് കിട്ടുന്ന ടാറ്റ ട്രസ്റ്റുകൾക്ക് എങ്ങനെ കമ്പനികളെ നിയന്ത്രിക്കാൻ കഴിയും എന്നതായിരുന്നു അത്. അടുത്ത നിയമയുദ്ധത്തിന്റെ പെരുമ്പറ മുഴക്കമായിരിട്ടായിരുന്നു പലരും ഈ ചോദ്യത്തെ കണ്ടത്. എന്നാൽ സൈറസ് മിസ്ത്രിയുടെ മരണത്തോടെ ചോദ്യങ്ങളേറെ ബാക്കിയാകുകയാണ്.

മഹാരാഷ്ട്രയിലെ പൽഘറിലുണ്ടായ വാഹനാപകടത്തിലാണ് വ്യവസായി സൈറസ് മിസ്ത്രി കൊല്ലപ്പെട്ടത്. വൈകിട്ട് മൂന്നേ കാലോടെയായിരുന്നു കാർ അപകടത്തിൽ പെട്ടത്. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നു മിസ്ത്രി. ഇതിനിടെ സൂര്യാ നദിക്ക് മുകളിലുള്ള പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ കാർ അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ മിസ്ത്രിയുടെ ബന്ധുവും മരിച്ചു. പരുക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

STORY HIGHLIGHTS: Cyrus Mistry dies in accident, facts about tata sons ex chairman

Next Story