Top

'മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെ കുറിച്ചും 1.5 ലക്ഷത്തിന്റെ ഗ്ലാസുകളെ കുറിച്ചും സംസാരിക്കേണ്ടി വരും'; ജനക്കൂട്ടം കണ്ട് പേടിച്ചോ എന്ന് കോണ്‍ഗ്രസ്

'സ്വര്‍ണ നൂലില്‍ സ്വന്തം പേരെഴുതിയ 10 ലക്ഷത്തിന്റെ സ്യൂട്ട് ഇട്ട് നടക്കുന്നവര്‍ ടീ ഷേര്‍ട്ടിന്റെ വിലയും പറഞ്ഞ് ഇറങ്ങിയിട്ടുണ്ട്'

9 Sep 2022 11:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെ കുറിച്ചും 1.5 ലക്ഷത്തിന്റെ ഗ്ലാസുകളെ കുറിച്ചും സംസാരിക്കേണ്ടി വരും; ജനക്കൂട്ടം കണ്ട് പേടിച്ചോ എന്ന് കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ധരിച്ച ടീ ഷര്‍ട്ടിനെ കുറിച്ചുള്ള ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ്. ഭാരത് ജോഡോ യാത്രയിലെ ജനക്കൂട്ടം കണ്ട് ബിജെപി ഭയന്നോ എന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്നുള്ള ട്വീറ്റില്‍ ചോദിക്കുന്നത്. വസ്ത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെയും ഒന്നര ലക്ഷത്തിന്റെ കണ്ണാടിയെക്കുറിച്ചും സംസാരിക്കാമെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.

'ഹെയ്, ഭാരത് ജോഡോ യാത്രയിലെ ജനക്കൂട്ടം കണ്ട് നിങ്ങള്‍ പേടിച്ചോ? പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുക. തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും കുറിച്ചു സംസാരിക്കുക. ഇനി വസ്ത്രങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടതെങ്കില്‍ മോദിജിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെയും ഒന്നര ലക്ഷത്തിന്റെ കണ്ണാടിയെക്കുറിച്ചും സംസാരിക്കാം. എന്താണ് ചെയ്യേണ്ടതെന്നു പറയൂ', ട്വീറ്റില്‍ പറയുന്നു.

ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖും രംഗത്തെത്തി. 'സ്വര്‍ണ നൂലില്‍ സ്വന്തം പേരെഴുതിയ 10 ലക്ഷത്തിന്റെ സ്യൂട്ട് ഇട്ട് നടക്കുന്നവര്‍ ടീ ഷേര്‍ട്ടിന്റെ വിലയും പറഞ്ഞ് ഇറങ്ങിയിട്ടുണ്ട്. ഭാരത് ജോഡോ യാത്ര നിങ്ങളെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്ന് ബോധ്യമായി. ഞങ്ങള്‍ ലക്ഷ്യം വെക്കുന്നതും അത് തന്നെയാണ്', ടി സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

ഭാരത് ജോഡോ യാത്രയില്‍ 41,000 രൂപ വിലയുള്ള ടീഷര്‍ട്ടാണ് രാഹുല്‍ ഗാന്ധി ധരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപിയുടെ വിമര്‍ശനം. ഭാരതമേ കാണൂ എന്ന ക്യാപ്ഷനോടെയായിരുന്നു ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി ബിജെപിയുടെ പരിഹാസം. രാഹുല്‍ ടീഷര്‍ട്ട് ധരിച്ചുനില്‍ക്കുന്ന ചിത്രവും ബര്‍ബറി വെബ്‌സൈറ്റിലെ ടീ ഷര്‍ട്ടിന്റെ വില ഉള്‍പ്പെടുന്ന ചിത്രവും ബിജെപി പങ്കുവെച്ചിരുന്നു.

Story Highlights: Congress Response On BJP's Allegation Against Rahul Gandhi

Next Story