Top

'ജി23യുടെ നിലപാടിന് വിരുദ്ധം'; കപില്‍ സിബലിന്റെ നടപടി ശരിയായില്ലെന്ന് പിജെ കുര്യന്‍

25 May 2022 8:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജി23യുടെ നിലപാടിന് വിരുദ്ധം; കപില്‍ സിബലിന്റെ നടപടി ശരിയായില്ലെന്ന് പിജെ കുര്യന്‍
X

കൊച്ചി: ജി23യുടെ ലക്ഷ്യങ്ങള്‍ക്ക് ഘടകവിരുദ്ധമാണ് കപില്‍ സിബലിന്റെ നടപടിയെന്ന് കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. അദ്ദേഹത്തിന്റെ നടപടി ശരിയായില്ല. അദ്ദേഹം ഇപ്പോള്‍ ചെയ്യുന്നത് കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കുന്ന നടപടിയാണെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് സമാജ്‌വാദി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ മെയ് 16 താന്‍ കോണ്‍ഗ്രസില്‍ നിന്നും രാജി സമര്‍പ്പിച്ചിരുന്നതായി അദ്ദേഹം അറിയിച്ചിരുന്നു.

ഇന്ന് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു ഉത്തര്‍പ്രദേശില്‍ രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചത്.

നേരത്തേയും സമാജ്വാദി പിന്തുണയിലായിരുന്നു ഉത്തര്‍പ്രദേശില്‍ നിന്നും കപില്‍ സിബല്‍ രാജ്യസഭയില്‍ എത്തിയത്. കോണ്‍ഗ്രസില്‍ തിരുത്തല്‍ ആവശ്യപ്പെട്ട ജി 23 ഗ്രൂപ്പിന് നേതൃത്വം കൊടുത്തത് കപില്‍ സിബലായിരുന്നു. കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തിനെതിരെ തുടര്‍ച്ചയായി അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.

കപില്‍ സിബല്‍ എസ്പിയില്‍ ചേര്‍ന്നിട്ടില്ലെന്നാണ് അദ്ദേഹവും അഖിലേഷ് യാദവും നല്‍കുന്ന സൂചന. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് പത്രിക സമര്‍പ്പിച്ചതെന്നും തനിക്ക് എല്ലാകാലത്തും സ്വതന്ത്ര ശബ്ദമായി ഇരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പ്രതികരിച്ചു. നേരത്തെ, ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം ചര്‍ച്ചയായിയിരുന്നു.

പിജെ കുര്യന്റെ വാക്കുകള്‍:

ജി23യുടെ ലക്ഷ്യം കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കുക എന്നതല്ല, ശക്തിപ്പെടുത്തുക എന്നതാണ്. ജി23യുടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് കുറയൊക്കെ അംഗീകരിച്ചിട്ടുണ്ട്. കപില്‍ സിബലിന്റെ നടപടി ശരിയായില്ല. അതിനോട് യോജിക്കാന്‍ പറ്റില്ല. കപില്‍ സിബലിന്റെ നടപടി വിശദീകരിക്കേണ്ടത് അദ്ദേഹമാണ്. ജി23യുടെ ലക്ഷ്യങ്ങള്‍ക്ക് ഘടകവിരുദ്ധമാണ് അദ്ദേഹത്തിന്റെ നടപടി. കപില്‍ സിബല്‍ ഇപ്പോള്‍ ചെയ്യുന്നത് കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കുന്ന നടപടിയാണ്. അതുകൊണ്ട് ജി23യുടെ നിലപാടിന് വിരുദ്ധമാണത്.

STORY HIGHLIGHTS: Congress leader PJ Kurien against Kapil sibal on quiting congress and filing nomination to rajya sabha with help of Samajwadi party

Next Story