Top

ആര്‍എസ്എസിനെ നേരിടാന്‍ 'കാര്യകര്‍ത്താക്ക'ളെ നിയമിക്കാനാലോചിച്ച് കോണ്‍ഗ്രസ്; ഗ്രൗണ്ടിലിറങ്ങുക തന്നെ വേണമെന്ന് ആവശ്യം

14 May 2022 12:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്‍എസ്എസിനെ നേരിടാന്‍ കാര്യകര്‍ത്താക്കളെ നിയമിക്കാനാലോചിച്ച് കോണ്‍ഗ്രസ്; ഗ്രൗണ്ടിലിറങ്ങുക തന്നെ വേണമെന്ന് ആവശ്യം
X

ഉദയ്പൂര്‍: ആര്‍എസ്എസിനെ നേരിടുന്നതിന് വേണ്ടി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി തലത്തില്‍ കാര്യകര്‍ത്താക്കളെ നിയോഗിക്കണമെന്ന് ചിന്തന്‍ ശിവിറില്‍ നിര്‍ദേശം. പുതിയ വ്യക്തികളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയും അവരെ രാഷ്ട്രീയവല്‍ക്കരിക്കുകയുമാണ് ഇവര്‍ക്കുണ്ടാകേണ്ട ഉത്തരവാദിത്വം

മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ നേതൃത്വത്തിലുള്ള സാമൂഹ്യ നീതി സമിതിയാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. പാര്‍ട്ടി സംഘടന സംവിധാനത്തില്‍ 50% ദളിത്, ആദിവാസി, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് നല്‍കണം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണം. അഞ്ച് വര്‍ഷം വിവിധ പാര്‍ട്ടി സംഘടനകളില്‍ പ്രവര്‍ത്തിച്ച വനിതാ നേതാക്കള്‍ക്ക് പാര്‍ട്ടി സമിതികളില്‍ പ്രാതിനിധ്യം നല്‍കണമെന്നും സമിതി നിര്‍ദേശിക്കുന്നു.

ദളിത്, ആദിവാസി, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവിധ പ്രശ്‌നങ്ങളും ആഭിമുഖ്യങ്ങളും പഠിക്കുന്നതിന് വേണ്ടി വിവിധ സര്‍വേകള്‍ നടത്തണം. ഈ പഠനത്തിന് ശേഷം നിലപാടും അഭിപ്രായവും പാര്‍ട്ടി വിവിധ ഘടകങ്ങളില്‍ സ്വീകരിക്കണം. ഇത് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

ഈ പഠനപ്രകാരം ദളിത്, ആദിവാസി, പിന്നോക്ക, ന്യൂനപക്ഷ വിഭാഗ പാര്‍ട്ടി ഘടകങ്ങള്‍ ആര്‍എസ്എസ് പ്രചാരകരെ ചെറുക്കുന്നതിന് വേണ്ടി പ്രധാനപ്പെട്ട നേതാക്കളെയും സമുദായ നേതാക്കളെയും നിയമിക്കണം. ഇങ്ങനെ നിയമിക്കപ്പെടുന്ന കാര്യകര്‍ത്താക്കള്‍ സാധാരണ ഭാഷയായിരിക്കണം സംസാരിക്കേണ്ടത്. സോഷ്യല്‍ മീഡിയ, ബൂത്ത് മാനേജ്‌മെന്റ് തുടങ്ങിയ കാര്യങ്ങളില്‍ പ്രഗത്ഭരായിരിക്കണമെന്നും നിര്‍ദേശിക്കുന്നു.

സംവരണ മണ്ഡലങ്ങളില്‍ ബിജെപി വലിയ തോതില്‍ വിജയിക്കുന്നതിനാല്‍ ഈ മണ്ഡലങ്ങളില്‍ നേതാക്കളെ വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി പഠന പരിപാടികള്‍ നടത്തണം. ദളിത്, ആദിവാസി, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് എല്ലാ തലത്തിലും നേതാക്കളുണ്ടായിരിക്കണം. കോണ്‍ഗ്രസിന് ഒരു സാമൂഹ്യനീതി ഉപദേശക സമിതിയുണ്ടാവണം. അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്കെത്താന്‍ സദ്ഭാവന മിഷന്‍ പരിപാടി ഉണ്ടാവണം. ദളിത്, ആദിവാസി, പിന്നോക്ക, ന്യൂനപക്ഷ സംഘടനകളെ കോണ്‍ഗ്രസിന്റെ ആദ്യ പോഷക സംഘടനകളായി കാണണമെന്നും സമിതി നിര്‍ദേശിക്കുന്നുണ്ട്.

Story Highlights: congress considering a proposal to appoint anti sangh leaders

Next Story

Popular Stories