Top

'15 വരെ റോഡ് ഷോയും പദയാത്രകളും നടത്തരുത്; വീടുകളിലെ പ്രചാരണത്തിന് അഞ്ചു പേര്‍ മാത്രം'; തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍

ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസര്‍മാരെല്ലാം സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചവരായിരിക്കും

8 Jan 2022 12:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

15 വരെ റോഡ് ഷോയും പദയാത്രകളും  നടത്തരുത്; വീടുകളിലെ പ്രചാരണത്തിന് അഞ്ചു പേര്‍ മാത്രം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍
X

കൊവിഡ്, ഒമിക്രോണ്‍ രോഗബാധ ഉയരുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു തെരഞ്ഞെടുപ്പിന് കളം ഒരുങ്ങുന്നതെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശനമാര്‍ഗനിര്‍ദേശങ്ങള്‍. കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചുള്ള സുരക്ഷിതമായ തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കര്‍ശനമാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ: ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസര്‍മാരെല്ലാം സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചവരായിരിക്കും. പോളിംഗ് സ്റ്റാഫുകള്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കും. ഒരു പോളിംഗ് സ്റ്റേഷനില്‍ പരമാവധി 1250 വോട്ടര്‍മാര്‍ക്ക് വരാം. കൊവിഡ് ബാധിതര്‍ക്കും 80 വയസ്സ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍ വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി നല്‍കാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രങ്ങള്‍ ഓണ്‍ലൈനായി നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കും. പോളിംഗ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഓരോ മണ്ഡലങ്ങളിലും ഒരു ബൂത്ത് എങ്കിലും വനിതകള്‍ നിയന്ത്രിക്കും.

ഈ മാസം 15 വരെ റോഡ് ഷോ, പദയാത്രകള്‍, സൈക്കിള്‍ റാലികള്‍ നടത്തരുത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പരമാവധി ഓണ്‍ലൈനിലൂടെ തന്നെയാവണം. ആള്‍ക്കൂട്ടം അനുവദിക്കരുത്. 15ന് ശേഷം സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ലാദപ്രകടനങ്ങള്‍ അനുവദിക്കില്ലെന്നും കമീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടികള്‍ അറിയിക്കണം.

അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റ ചട്ടം നിലവില്‍ വന്നു. അഞ്ച് സംസ്ഥാനങ്ങളിലായി 18.34 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 24.9 ലക്ഷം കന്നിവോട്ടര്‍മാരാണ്. തെരഞ്ഞെടുപ്പ് ചെലവ് പരിധി ഉയര്‍ത്തിയതായും കമ്മീഷന്‍ അറിയിച്ചു. പഞ്ചാബിലും യുപിയിലും ഉത്തരാഖണ്ഡിലും 40 ലക്ഷം രൂപ വരെ ചെലവഴിക്കാം. ഗോവിയിലും മണിപ്പൂരിലും 28 ലക്ഷം രൂപ വരെയും. പണം, അധികാരമുപയോഗിച്ച് തെരഞ്ഞെടുപ്പിനെ സ്വീധിനിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ഏഴ് ഘട്ടങ്ങളിലായാണ് ഗോവ, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഉത്തര്‍പ്രദേശ്: ആദ്യ ഘട്ട തെരഞ്ഞെടുപ്പ്- ഫെബ്രുവരി 10, രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്- ഫെബ്രുവരി 14, മൂന്നാം ഘട്ടം- ഫെബ്രുവരി 20, നാലാം ഘട്ടം- ഫെബ്രുവരി 23, അഞ്ചാം ഘട്ടം- ഫെബ്രുവരി 27, ആറാം ഘട്ടം- മാര്‍ച്ച് 3, ഏഴാം ഘട്ടം- മാര്‍ച്ച് 7. ഗോവയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും ഒറ്റ ഘട്ടമായി ഫെബ്രുവരി 14 ന് തെരഞ്ഞെടുപ്പ് നടക്കും. മണിപ്പൂരില്‍ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി 27, മാര്‍ച്ച് 3.

മാര്‍ച്ച് ഏഴിന് പോളിംങ് അവസാനിക്കും. മാര്‍ച്ച് 10ന് അഞ്ച് സംസ്ഥാനങ്ങളിലെയും ഫലം പ്രഖ്യാപിക്കും. വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂട്ടിയിട്ടുണ്ട്.

Next Story