Top

'സമ്മതമില്ലാതെ ചാനലുകൾക്ക് അഭിമുഖം നൽകരുത്'; തമിഴ്നാട് ബിജെപിയിൽ വിഭാ​ഗീയത രൂക്ഷം

'മുതർന്ന നേതാക്കളെ മാറ്റി നിർത്തുകയും മുതിർന്ന നേതാക്കൾ പാർട്ടിയിൽ അപമാനിക്കപ്പെടുകയുമാണ്'

23 Nov 2022 3:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമ്മതമില്ലാതെ ചാനലുകൾക്ക് അഭിമുഖം നൽകരുത്; തമിഴ്നാട് ബിജെപിയിൽ വിഭാ​ഗീയത രൂക്ഷം
X

ന്യൂഡൽഹി: തമിഴ്നാട് ബിജെപിയിൽ വിഭാ​ഗീയത രൂക്ഷമാകുന്നു. ആഭ്യന്തര തർക്കങ്ങൾ പുറത്തായതോടെ കടുത്ത നടപടിയാണ് നേതാക്കന്മാർക്കെതിരെ എടുക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ സമ്മതമില്ലാതെ നേതാക്കന്മാർ യൂട്യൂബ് ചാനലുകൾക്ക് അഭിമുഖം നൽകരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ സർക്കുലർ ഇറക്കി.

പ്രസിഡന്റ് അണ്ണാമലൈയെ പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും ചേരി തിരിഞ്ഞാണ് തർക്കം. ബിജെപി തമിഴ് വികസന വിഭാ​ഗം നേതാവും നടിയുമായ ഗായത്രി രഘുറാമിനേയും ഒബിസി നേതാവ് സൂര്യ ശിവയ്ക്കുമെതിരെ നടപടി സ്വീകരിച്ചതോടെയാണ് തമിഴ്നാട് ബിജെപി ഘടകത്തിലെ പോര് പരസ്യമായത്. അച്ചടക്ക ലംഘനത്തെ തുടർന്ന് ​ഗായത്രി രഘുറാമിനെ ആറുമാസത്തേക്ക് പാർട്ടി സസ്പെൻഡ് ചെയ്തു. സൂര്യ ശിവക്ക് പാർട്ടി പരിപാടികളിൽ നിന്ന് അന്വേഷണ വിധേയമായി വിലക്കേർപ്പെടുത്തിയതായും തമിഴ്നാട് ബിജെപി പ്രസിഡന്റ് അണ്ണാമലൈ അറിയിച്ചിരുന്നു.

ചില യൂട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ ​ഗായത്രി രഘുറാം ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചിരുന്നു. തമിഴ്നാട് ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാണ്. മുതർന്ന നേതാക്കളെ മാറ്റി നിർത്തുകയും മുതിർന്ന നേതാക്കൾ പാർട്ടിയിൽ അപമാനിക്കപ്പെടുകയുമാണെന്നും ​ഗായത്രി തുറന്നടിച്ചതാണ് നടപടിക്ക് കാരണമായത്.

സസ്‌പെൻഷൻ ഉത്തരവിന് മറുപടിയായി ഗായത്രി രഘുറാം ആരുടേയും പേരെടുത്തു പറയാതെ നേതൃത്വത്തിനെതിരെ ട്വീറ്റ് ചെയ്തിരുന്നു. "ആദ്യ ദിവസം മുതൽ അവർ എന്നെ പുറത്താക്കാൻ ആഗ്രഹിച്ചു. ഞാൻ ശക്തമായി തിരിച്ചുവരും എന്നായിരുന്നു ട്വീറ്റ്.

സംസ്ഥാന ന്യൂനപക്ഷ വിഭാഗം മേധാവി ഡെയ്‌സി ശരണിനെ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌ത ടെലിഫോൺ സംഭാഷണം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് സൂര്യ ശിവക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. വിഷയത്തിൽ അടുത്ത ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കനഗ സബാപതിയോട് അണ്ണാമലൈ നിർദേശിച്ചിട്ടുണ്ട്. സൂര്യ ശിവ ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകനാണ്.

STORY HIGHLIGHTS: Tamil Nadu BJP says Don't give interviews to channels without consent

Next Story