ഏപ്രിൽ ഒന്നിന് മുൻപ് ക്ലാസുകൾ ആരംഭിക്കരുത്; മുന്നറിയിപ്പുമായി സിബിഎസ്ഇ
ഇതു കൂടാതെ ക്ലാസുകൾ നേരത്തെ ആരംഭിക്കുന്നത് കുട്ടികളിലെ മറ്റ് എക്‌സ്ട്രാ കരിക്കുലർ ആക്ടിവിറ്റികൾക്കുള്ള സമയം ലഭിക്കുകയില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി
19 March 2023 6:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂഡൽഹി: ക്ലാസുകൾ ആരംഭിക്കേണ്ട തീയതിയെ കുറിച്ച് സ്കൂളുകൾക്ക് മുന്നറിയിപ്പ് നൽകി സിബിഎസ്ഇ. ഏപ്രിൽ ഒന്നിന് മുൻപ് ക്ലാസുകൾ ആരംഭിക്കരുതെന്നാണ് മുന്നറിയിപ്പ്. മുൻകൂട്ടി ക്ലാസുകൾ ആരംഭിക്കുന്നത് കുട്ടികളിൽ ആശങ്കയുണ്ടാക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് മുന്നറിയിപ്പ്. പാഠഭാഗങ്ങൾ പൂർത്തിയാക്കുന്നതിനായി നേരത്തെ തന്നെ ക്ലാസുകൾ ആരംഭിച്ചുവെന്ന റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നിർദേശം.
ചില സ്‌കൂളുകൾ നേരത്തെ തന്നെ ക്ലാസുകൾ ആരംഭിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക ഉത്തരവിൽ പറയുന്നു. പാഠഭാഗങ്ങൾ കുറഞ്ഞ സമയത്തിൽ പൂർത്തിയാക്കുന്നതിനായാണ് മുൻകൂട്ടി ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്. എന്നാൽ ഇത് കുട്ടികളിൽ ആശങ്ക ഉണർത്തുന്നുണ്ട്. പാഠഭാഗം ഉടൻ പൂർത്തിയാക്കുന്നതിനായി അധ്യാപകർ വേഗത്തിൽ ക്ലാസെടുക്കുകയും എന്നാൽ അധ്യാപകരുടെ വേഗത്തിനൊപ്പം കുട്ടികൾക്ക് എത്താൻ സാധിക്കാത്തതിനാൽ കുട്ടികളിൽ ആശങ്ക സൃഷ്ടിക്കുകയുമാണ് ചെയുന്നതെന്നും ഉത്തരവിലുണ്ട്.
ഇതു കൂടാതെ ക്ലാസുകൾ നേരത്തെ ആരംഭിക്കുന്നത് കുട്ടികളിലെ മറ്റ് എക്‌സ്ട്രാ കരിക്കുലർ ആക്ടിവിറ്റികൾക്കുള്ള സമയം ലഭിക്കുകയില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. എക്‌സ്ട്രാ കരിക്കുലർ ആക്ടിവിറ്റികൾ പഠനം പോലെ തന്നെ പ്രധാനപ്പെട്ടതാണെന്നും സിബിഎസ്ഇ പറഞ്ഞു. പത്ത് പന്ത്രണ്ട് ക്ലാസുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 15 ന് തുടങ്ങിയ പരീക്ഷ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മാർച്ച് 21 നും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഏപ്രിൽ 5നും അവസാനിക്കും.
STORY HIGHLIGHTS: cbse warns schools to begin the academic session from april 1