Top

'അഞ്ച് വര്‍ഷം കൊണ്ട് 300 കാര്‍ഗോ ടെര്‍മിനലുകള്‍'; 35 വര്‍ഷത്തേക്ക് റെയില്‍വേ ഭൂമി പാട്ടത്തിന് നല്‍കാനൊരുങ്ങി കേന്ദ്രം

7 Sep 2022 12:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഞ്ച് വര്‍ഷം കൊണ്ട് 300 കാര്‍ഗോ ടെര്‍മിനലുകള്‍; 35 വര്‍ഷത്തേക്ക് റെയില്‍വേ ഭൂമി പാട്ടത്തിന് നല്‍കാനൊരുങ്ങി കേന്ദ്രം
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയുടെ ഭാഗമായി റെയില്‍വേ ഭൂമി ദീര്‍ഘ കാലത്തേക്ക് പാട്ടത്തിന് നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര റെയില്‍വേ മന്ത്രി അനുരാഗ് ഠാക്കൂര്‍ ബുധനാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. 35 വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിന് നല്‍കുന്നത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 300 കാര്‍ഗോ ടെര്‍മിനലുകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി പാട്ടം നല്‍കുന്നതിലൂടെ റെയില്‍വേയ്ക്ക് കൂടുതല്‍ വരുമാനം ലഭിക്കുമെന്നും 1.2 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷിക്കാനാകുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. 5 വര്‍ഷത്തേക്കാണ് ആദ്യം പാട്ടം നല്‍കാന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് 35 വര്‍ഷമായി ഉയര്‍ത്തി. നിക്ഷേപകര്‍ക്ക് നിര്‍മ്മാണം നടത്താന്‍ ആവശ്യമായ സമയം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. അടുത്ത 90 ദിവസത്തിനുള്ളില്‍ പുതിയ നയം പ്രാവര്‍ത്തികമാക്കും.

16 മന്ത്രാലയങ്ങളെ സംയോജിപ്പിക്കുന്ന ഡിജിറ്റല്‍ വേദിയാണ് പിഎം ഗതി ശക്തി. റെയില്‍വേ, സിവില്‍ ഏവിയേഷന്‍, ഷിപ്പിങ്, ഗതാഗതം എന്നിങ്ങനെയുള്ള വകുപ്പുകളാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ സംയോജിച്ച് പ്രവര്‍ത്തിക്കുന്നത്. 2021 ഒക്ടോബറിലാണ് പിഎം ഗതി ശക്തി പ്രവര്‍ത്തനം ആരംഭിച്ചത്. പദ്ധതിയിലൂടെ റെയില്‍വേയുമായി ബന്ധപ്പെട്ട നിര്‍മ്മാണ, ലോജിസ്റ്റിക് ചെലവുകള്‍ കുറയ്ക്കാനാകുമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.

അതേസമയം, വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി പിഎം സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ പദ്ധതി ആരംഭിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രിയാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. 14,500 സ്‌കൂളുകള്‍ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും. വിദ്യാര്‍ത്ഥികളെ ഈ നൂറ്റാണ്ട് ആവശ്യപ്പെടുന്ന രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

STORY HIGHLIGHTS: Cabinet clears long-term leasing of railways' land, 300 cargo terminals to be developed in 5 years

Next Story