Top

ബിജെപി എംഎൽഎ പശുവുമായി രാജസ്ഥാൻ നിയമസഭയിൽ; ലക്ഷ്യം പാളി, പശു വിരണ്ടോടി

എംഎൽഎ സുരേഷ് സിംഗ് റാവത്താണ് നിയമസഭാ വളപ്പിൽ പശുവുമായെത്തിയത്

21 Sep 2022 4:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി എംഎൽഎ പശുവുമായി രാജസ്ഥാൻ നിയമസഭയിൽ; ലക്ഷ്യം പാളി, പശു വിരണ്ടോടി
X

ജയ്പുർ: പശുക്കളിലെ ചർമമുഴ സർക്കാർ അവഗണിക്കുന്നുവെന്ന് ആരോപിച്ച് രാജസ്ഥാൻ നിയമസഭയിൽ പശുവിനെയെത്തിച്ച് ബിജെപി എംഎൽഎയുടെ പ്രതിഷേധം. പുഷ്കർ മണ്ഡലത്തിലെ എംഎൽഎ സുരേഷ് സിംഗ് റാവത്താണ് നിയമസഭാ വളപ്പിൽ പശുവുമായെത്തിയത്. എന്നാൽ എംഎൽഎ മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും പശു വിരണ്ടോടി.

പശുവിനെയെത്തിച്ച് ശ്രദ്ധിക്ഷണിക്കുകയായിരുന്നു എംഎൽഎയുടെ ലക്ഷ്യം. എന്നാൽ നിയമസഭയ്ക്കകത്തെത്തും മുമ്പേ കാര്യങ്ങൾ കെെവിട്ടുപോയി. വാഹനങ്ങളുടെ ഹോണും സുരക്ഷാജീവനക്കാരുടെ വിസിലുമൊക്കെ പശുവിനെ ഭയപ്പെടുത്തി. ഭയന്ന് ഓടിയ പശു ഗതാഗതത്തിരക്കുള്ള റോഡിലൂടെ ഓടി, പശുവിനെ പിടിച്ചുനിർത്താൻ എംഎൽഎയുടെ കൂടെയുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും നടന്നില്ല.

'കാണുക, ഗോമാതാവിനും സർക്കാരിനോട് ദേഷ്യമുണ്ട്', പശു ഓടിയതിന് പിന്നാലെ എംഎൽഎ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പശു ഓടിപ്പോയതിന് മാധ്യമപ്രവർത്തകരെ പഴിക്കുകയും ചെയ്തു. 'ഗോമാതാവെത്തിയപ്പോൾ മുഖത്തേക്ക് നിങ്ങൾ ക്യാമറയും കൊണ്ടുചെന്നു. കുറച്ച് അകന്നു നിൽക്കണമായിരുന്നു', റാവത്ത് പറഞ്ഞു. 'നിർവികാരമായ ഈ സർക്കാരിനെക്കണ്ടിട്ട് പശുവിനുപോലും കലിവന്നെന്ന് റാവത്ത് പിന്നീട് ട്വീറ്റ് ചെയ്തു.

'ചർമമുഴ രോഗബാധകാരണം ലക്ഷക്കണക്കിനു ഗോമാതാക്കൾ ചത്തു. പാലുവിറ്റ് ജീവിക്കുന്ന ഒട്ടേറെ കർഷകരുണ്ട്, അവരെവിടെപ്പോകും? അതിനാൽ, ചത്ത ഗോമാതാക്കളുടെ എണ്ണമെടുത്ത് കർഷകർക്കു നഷ്ടപരിഹാരം നൽകണം. രോഗം ബാധിച്ച പശുക്കളെ പരിപാലിക്കാൻ മരുന്നുകളും വാക്‌സിനുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം,' സുരേഷ് റാവത്ത് അഭ്യർഥിച്ചു. ചർമമുഴരോഗം ബാധിച്ച് രാജ്യത്ത് 70,000-ത്തോളം പശുക്കൾ ചത്തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 50000 രാജസ്ഥാനിലാണ്.

ചർമമുഴ രോഗത്തെ ദേശീയ ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണമെന്ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി അശോക് ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. 'ഈ രോഗത്തിൽ നിന്ന് പശുക്കളുടെ ജീവൻ എങ്ങനെ രക്ഷിക്കാം എന്നതാണ് ഞങ്ങളുടെ മുൻഗണന, പ്രതിരോധ കുത്തിവയ്പ്പും മരുന്നുകളും കേന്ദ്രം നൽകണമെന്നും ഞങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

STORY HIGHLIGHTS: BJP mla brings cow to rajasthan assembly and it runs away

Next Story