Top

ഗുജറാത്തില്‍ 20 വര്‍ഷത്തിനിടെ ആദ്യമായി ബിജെപിക്ക് ക്രൈസ്തവ സ്ഥാനാര്‍ത്ഥി; വ്യാര മണ്ഡലത്തില്‍ മോഹന്‍ കൊങ്കണി മത്സരിക്കും

17 Nov 2022 12:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുജറാത്തില്‍ 20 വര്‍ഷത്തിനിടെ ആദ്യമായി ബിജെപിക്ക് ക്രൈസ്തവ സ്ഥാനാര്‍ത്ഥി; വ്യാര മണ്ഡലത്തില്‍ മോഹന്‍ കൊങ്കണി മത്സരിക്കും
X

ഗാന്ധിനഗര്‍: 20 വര്‍ഷത്തിനിടെ ആദ്യമായി ക്രൈസ്തവ സ്ഥാനാര്‍ത്ഥിയെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറക്കി ബിജെപി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വ്യാര മണ്ഡലത്തില്‍ നിന്ന് മോഹന്‍ കൊങ്കണിയാണ് ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ നിന്ന് നാല് തവണ വിജയിച്ച കോണ്‍ഗ്രസിന്റെ പുനാജി ഗാമിറ്റാണ് മോഹന്‍ കൊങ്കണിയുടെ എതിര്‍സ്ഥാനാര്‍ത്ഥി.

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ് വ്യാര മണ്ഡലം. 2.23 ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 45% ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട അറുപ്പത്തിനാലുകാരനായ ഗാമിറ്റ് 2007 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

ബിജെപി സ്ഥാനാര്‍ത്ഥിയായ മോഹന്‍ കൊങ്കണി 1995 മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാണ്. 2015ല്‍ താപ്തി ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും കോണ്‍ഗ്രസ് നേതാവ് മാവ്ജി ചൗധരിയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. നിലവില്‍ താപ്തി ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷനാണ്.

തന്നില്‍ വിശ്വാസം രേഖപ്പെടുത്തിയതിന് പാര്‍ട്ടി ഹൈക്കമാന്‍ഡിനോട് താന്‍ കടപ്പെട്ടിരിക്കുന്നു. ഡിസംബര്‍ ഒന്നിന് വ്യാരയില്‍ താന്‍ ചരിത്രം സൃഷ്ടിക്കും. വ്യാരയിലെ രാഷ്ട്രീയ സാഹചര്യം ഏറെ മാറിയിരിക്കുന്നു. തനിക്ക് 72,000 ക്രൈസ്ത വോട്ടര്‍മാരുടെ പിന്തുണയുണ്ടെന്നും മോഹന്‍ കൊങ്കണി പറഞ്ഞു.

സംസ്ഥാനത്തെ 182 നിയമസഭ സീറ്റുകളിലെ 27 പട്ടിക വര്‍ഗ സീറ്റുകളില്‍ എട്ടോളം സീറ്റുകളില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് വ്യക്തമായ മേല്‍ക്കൈയ്യുള്ള മണ്ഡലങ്ങളാണ്. മോഹന്‍ കൊങ്കണിയിലൂടെ ഈ സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി.

Story Highlights:BJP fields Mohan Konkani, 1st Christian candidate in 20 years at Gujarat

Next Story